ദുബൈ: യു.എ.ഇ ജനുവരി 17 ശനിയാഴ്ച ‘ഐക്യദാർഢ്യ ദിനം’ ആചരിക്കും. രാജ്യത്തിന്റെ ധീരതയെയും നേതൃത്വവും ജനങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും ആദരിക്കുന്ന ഒരു അവസരമാണിതെന്ന് വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ടിൽ പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധശേഷിയുടെയും വെല്ലുവിളികളെ നേരിടാനുള്ള അതിന്റെ സന്നദ്ധതയുടെയും ശക്തമായ തെളിവാണ് ഈ അവസരമെന്നും ഇതിൽ വ്യക്തമാക്കി. അബൂദബിയിൽ നാലുവർഷം മുമ്പ് ഹൂതി വിമതർ നടത്തിയ ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് ‘ഐക്യദാർഢ്യ ദിനം’ ആചരിക്കുന്നത്.
രാജ്യത്തിന്റെ ഐക്യവും ശക്തിയും പ്രകടമാകുന്ന ദിനാചരണത്തിൽ ഭാഗമാകാൻ പെതുജനങ്ങളോട് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഹ്വാനം ചെയ്തിട്ടുണ്ട്. ഓരോ വർഷവും ജനുവരി 17ന്, യു.എ.ഇയിലെ ജനങ്ങൾ ദേശീയ പതാകക്ക് പിന്നിൽ അഭിമാനത്തോടെ ഒന്നിച്ചു നിന്ന് രാജ്യത്തിന്റെ നേട്ടങ്ങളെ സംരക്ഷിക്കാനും ആഗോള തലത്തിലെ സ്ഥാനത്തെ ഉയർത്തിപ്പിടിക്കാനും ചെയ്ത ദൃഢനിശ്ചയം, ഐക്യം, ഐക്യദാർഢ്യം എന്നിവയെ ഓർക്കുകയാണെന്ന് അദ്ദേഹം എക്സ് അക്കൗണ്ടിൽ കുറിച്ചു. ശനിയാഴ്ച രാവിലെ 11ന് ദേശീയ ഗാനം സംപ്രേഷണം ചെയ്യുന്ന സമയത്ത് മാധ്യമങ്ങൾ പിന്തുടരാൻ യു.എ.ഇയിലുടനീളമുള്ള എല്ലാവരെയും ക്ഷണിക്കുകയാണെന്നും നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ കൂടുതൽ മുന്നോട്ട് നയിക്കാനും ഉയർത്തിപ്പിടിക്കാനും ഉള്ള നമ്മുടെ പ്രതിജ്ഞയും ദൃഢനിശ്ചയവും വീണ്ടും പുതുക്കുന്ന അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിനാചരണത്തിന്റെ ഭാഗമായി അബൂദബിയിൽ നിന്ന് ആരംഭിച്ച് ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങൾ ഉൾക്കൊള്ളുന്ന ആകാശ പ്രകടനങ്ങളും നടക്കും.
2022 ജനുവരി 17ന് അബൂദബി വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്ക് സംഭരണ സ്ഥലത്ത് നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താൻ പൗരനുമാണ് കൊല്ലപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.