ദുബൈ: ആദ്യ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ ലക്ഷ്യം കാണാതെ വന്നതോടെ രണ്ടാമത്തെ ദൗത്യമായ റാഷിദ് 2വിന് വേഗം കൂട്ടി യു.എ.ഇ. അറബ് ലോകം ഏറെ ആകാംശയോടെ ഉറ്റുനോക്കിയ യു.എ.ഇയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു റാഷിദ് റോവർ 1. ജാപ്പനീസ് കമ്പനിയായ ഐസ്പേസ് നിർമിച്ച ഹക്കുട്ടോ ആർ മിഷൻ 1 എന്ന ബഹിരാകാശ പേടകമായിരുന്നു റാഷിദ് ദൗത്യത്തിൽ യു.എ.ഇക്കൊപ്പം പങ്കാളിയായിരുന്നത്. ഏപ്രിൽ 26ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നായിരുന്നു കണക്കൂകൂട്ടിയിരുന്നത്. എന്നാൽ, നിർഭാഗ്യവശാൽ ലാൻഡർ ചന്ദ്രോപരിതലത്തിൽ തകർന്നു വീഴുകയായിരുന്നു.
വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ജപ്പാൻ കമ്പനി പുറത്തുവിട്ടത്. ഉയരം കണക്കുകൂട്ടുന്നതിൽ സോഫ്റ്റ് വെയർ പരാജയപ്പെട്ടതോടെ ഇന്ധനം തീർന്ന് ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ച് തകരുകയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ചിതറിത്തെറിച്ച പേടകത്തിന്റെ അവശിഷ്ടങ്ങളുടെ ഫോട്ടോയും സ്റ്റാർട്ടപ്പ് കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ആദ്യ ദൗത്യം ലക്ഷ്യത്തിലെത്താതെ പോയ അന്നു തന്നെ രണ്ടാം ദൗത്യത്തിന് യു.എ.ഇ തുടക്കമിട്ടിരുന്നെങ്കിലും പരാജയകാരണം വ്യക്തമായതോടെയാണ് ഇതിന് വേഗം കൂട്ടിയത്.
ചന്ദ്രനിൽ എത്തുകയെന്നത് ഏറെ ശ്രമകരമായ ദൗത്യമാണെന്നും ഇത് മുന്നിൽ കണ്ടാണ് പുതിയ ഗവേഷണങ്ങൾ മുന്നോട്ട് പോകുന്നതെന്നും യു.എ.ഇയുടെ ദേശീയ ബഹിരാകാശ ഗവേഷണ കേന്ദ്രമായ മുഹമ്മദ് റാഷിദ് ബിൻ സ്പേസ് സെന്റർ (എം.ബി.ആർ.എസ്.സി) ഡയറക്ടർ ജനറൽ സലിം അൽ മർറി പറഞ്ഞു. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഐസ്പേസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു.
ഇത് ഭാവിയിലെ ദൗത്യങ്ങൾ ലഘൂകരിക്കാൻ അവർക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ലാൻഡിങ്ങിന് തൊട്ടു മുമ്പ് ബഹിരാകാശ പേടകവും ചന്ദ്രന്റെ ഉപരി തലവും തമ്മിലുള്ള ഉയരം പൂജ്യമാണെന്നാണ് സോഫ്റ്റ്വെയർ നിർണയിച്ചത്. എന്നാൽ, ആ സമയം ഏതാണ്ട് അഞ്ചു കിലോമീറ്റർ ഉയരത്തിലായിരുന്നു ബഹിരാകാശ പേടകം ഉണ്ടായിരുന്നത്.
തുടർന്ന് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചതോടെ പേടകം വേഗത കുറക്കുകയും പ്രോപ്പൽഷൻ സംവിധാനം ഇന്ധനം പുറത്തേക്ക് ഒഴിവാക്കുകയായിരുന്നു. ഇന്ധനം തീർന്നതോടെ നിയന്ത്രണം നഷ്ടപ്പെടുകയും ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ശക്തിയായി ഇടിച്ച് ലാൻഡർ തകരുകയുമായിരുന്നു. ലാൻഡിങ് സൈറ്റിൽ ബഹിരാകാശ പേടകത്തിന്റെ നാല് വലിയ ഭാഗങ്ങളുടെ ചിത്രം നാസയുടെ റോവർ പുറത്തുവിട്ടിട്ടുണ്ട്.
സ്വന്തം നിലവിൽ റോക്കറ്റുകളെ വിക്ഷേപിക്കാനുള്ള ലാൻഡിങ് ശേഷി നിലവിൽ യു.എ.ഇ സ്വായത്തമാക്കിയിട്ടില്ല. ചന്ദ്രനിലേക്ക് റോവർ അയയ്ക്കുന്നതിന് എം.ബി.ആർ.എസ്.സിക്ക് വീണ്ടും സുരക്ഷിതമായ ലാൻഡർ ആവശ്യമുണ്ടെന്നും അൽ മർറി പറഞ്ഞു.
എം.ബി.ആർ.എസ്.സി സന്ദർശിച്ച യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പുതിയ ദൗത്യത്തിന് പച്ചക്കൊടി കാണിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. ‘ഞങ്ങൾ മുഴുവൻ വേഗതയിലാണ് മുന്നോട്ടു പോകുന്നത്. റോവർ എവിടെയാണ് ഇറങ്ങുക എന്നതിന്റെ വ്യത്യസ്ത ഘടകങ്ങൾ ഞങ്ങൾ ഇപ്പോൾ വിശകലനം ചെയ്യുകയാണ്. അതിനായുള്ള കഠിന പരിശ്രമത്തിലാണ് ടീം’- അദ്ദേഹം തുടർന്നു.
ലാൻഡിങ് സൈറ്റിന്റെയും റോവറിന്റെയും രൂപരേഖ തയ്യാറാക്കുന്ന പ്രവൃത്തികളിലാണ് എൻജിനീയർമാർ. അടുത്ത ഘട്ടം ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.