ദുബൈ: സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ടിക്ടോക് കഴിഞ്ഞ മൂന്നു മാസത്തിനിടെ യു.എ.ഇയിൽ 10 ലക്ഷം വീഡിയോകൾ പിൻവലിച്ചു. ഉള്ളടക്കങ്ങളിൽ കമ്പനി മുന്നോട്ടുവെച്ച സാമൂഹികമായ മാർഗ നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ വീഡിയോകളാണ് പിൻവലിച്ചത്.
ഇതേകാലയളവിൽ 1,40,000 തത്സമയ വീഡിയോളും 87,000 ലൈവ് ഹോസ്റ്റിങ് വീഡിയോകളും ടിക്ടോക് പിൻവലിച്ചിട്ടുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ പുറത്തിറക്കിയ കമ്യൂണിറ്റി ഗൈഡ്ലൈൻസ് എൻഫോഴ്സ്മെന്റ് റിപോർട്ടിലാണ് ഇതു സംബന്ധിച്ച കണക്കുകൾ. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലകളിലുടനീളം കമ്പനി അതിന്‍റെ സുരക്ഷാ നടപടികൾ എങ്ങനെ വർദ്ധിപ്പിക്കുന്നുവെന്ന് വിശദീകരിക്കുന്നതാണ് റിപോർട്ട്.
യു.എ.ഇ, ഇറാഖ്, ലെബനാൻ, മൊറോക്കോ തുടങ്ങിയ അഞ്ച് മെന രാജ്യങ്ങളിലായി ജനുവരി മുതൽ മാർച്ചുവരെയുള്ള കാലയളവിൽ ആകെ 16.5 ദശലക്ഷം വീഡിയോകളാണ് ടിക് ടോക് പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിച്ചത്. ഏറ്റവും കൂടുതൽ വീഡിയോകൾ പിൻവലിച്ചത് യു.എ.ഇയിലാണ്.
യു.എ.ഇയിൽ മാർഗനിർദേശങ്ങളിൽ വീഴ്ചവരുത്തിയ 98.2 ശതമാനം വീഡിയോകളും നടപടി നേരിട്ടു. ഉപഭോക്താക്കൾ റിപോർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ സമൂഹത്തിന് ഹാനികരമാവുന്ന ഉള്ളടക്കങ്ങളുള്ള വീഡിയോകൾ കണ്ടെത്തുകയും നടപടിയെടുക്കുകയും ചെയ്തുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. നിയമം ലംഘിച്ച 94 ശതമാനം ഉള്ളടക്കങ്ങൾക്കെതിരെ 24 മണിക്കൂറിനകം നടപടി സ്വീകരിക്കാനും സാധിച്ചു.
മെന മേഖലകളിലുടനീളം ഉള്ളടക്കങ്ങളിൽ നിയമലംഘനം നടത്തിയ വീഡിയോകൾക്കെതിരെ കമ്പനി നടപടി ശക്തമാക്കിയിട്ടുണ്ട്. ഇറാഖിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ പിൻവലിച്ചത് 10 ലക്ഷം വീഡിയോകളാണ്. ആറര ലക്ഷം തത്സമയ വീഡിയോകൾക്കെതിരെയും നടപടി സ്വീകരിച്ചു. ഈജിപ്തിൽ 29 ലക്ഷം വീഡിയോകളും 3,47,000 ലൈവ് ഹോസ്റ്റിങ്ങുകളുമാണ് പിൻവലിച്ചത്. ലെബനാനിൽ 13 ലക്ഷം വീഡിയോകളും 45000 ലൈവ്സ്ട്രീമുകളും പിൻവലിച്ചപ്പോൾ മെറോക്കോയിൽ 10 ലക്ഷം വീഡിയോകളും 77,000 ലൈസ്ട്രീമുകളുമാണ് ടിക്ടോക് പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.