ടിക്കറ്റിന്​ നെ​ട്ടോട്ടം; ബുക്കിങ്​ തുടങ്ങിയും നിർത്തിയും എയർലൈനുകൾ

ദുബൈ: രണ്ടു​ ഡോസ്​ വാക്​സിനെടുത്ത ഇന്ത്യക്കാർക്ക്​ മടങ്ങിവരാം എന്ന്​ യു.എ.ഇ അറിയിച്ചതോടെ പ്രവാസികൾ വിമാന ടിക്കറ്റിനായി നെ​ട്ടോട്ടത്തിൽ. ഞായറാഴ്​ച രാവിലെ വിവിധ എയർലൈനുകൾ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങിയെങ്കിലും വൈകുന്നേരത്തോടെ നിർത്തി​െവച്ചു. ഉച്ചക്കുശേഷം ടിക്കറ്റ്​ നിരക്ക്​ കുതിച്ചുയർന്നു. അതേസമയം, വിവിധ വിഷയങ്ങളിൽ അവ്യക്തത തുടരുന്നതിനാൽ അത്യാവശ്യക്കാരല്ലാത്തവർ ടിക്കറ്റെടുക്കാൻ തുനിഞ്ഞില്ല.

വാക്​സിനെടുത്ത ഇന്ത്യക്കാർക്ക്​ പ്രവേശനം നൽകാൻ ശനിയാഴ്​ച രാത്രിയാണ്​ ദുബൈ ദുരന്ത നിവാരണ സമിതി തീരുമാനിച്ചത്​. 23 മുതൽ സർവിസ്​ തുടങ്ങുമെന്ന്​ എമിറേറ്റ്​സും അറിയിച്ചിരുന്നു. 24 മുതൽ എല്ലാ സർവിസുകളും പുനരാരംഭിക്കുമെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസും ട്വീറ്റ്​ ചെയ്​തു. ഇൻഡിഗോ അടക്കമുള്ള എയർലൈനുകൾ ഷെഡ്യൂൾ പ്രഖ്യാപിക്കുകയും ബുക്കിങ്​ ആരംഭിക്കുകയും ചെയ്​തു.

രാവിലെ 800 ദിർഹം മുതലായിരുന്നു ടിക്കറ്റ്​ നിരക്ക്​. ഉച്ചകഴിഞ്ഞപ്പോൾ ഇരട്ടിയിലധികമായി. വൈകീട്ടായപ്പോൾ സോൾഡ്​ ഔട്ട്​ എന്നാണ്​ വെബ്​സൈറ്റുകളിൽ കാണിക്കുന്നത്​. അവ്യക്തത നിലനിൽക്കുന്നതിനാലാണ്​ ടിക്കറ്റ്​ നൽകുന്നത്​ നിർത്തിവെച്ചതെന്നാണ്​ സൂചന.

മറ്റ്​ എമിറേറ്റുകളിലെ വിസക്കാർക്ക്​ ദുബൈ വിമാനത്താവളത്തിൽ എത്തുന്നതിൽ തടസ്സമുണ്ടോ എന്ന വിഷയത്തിൽ വ്യക്തത വന്നിട്ടില്ല. നാലു മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ്​ പി.സി.ആർ ടെസ്​റ്റ്​ ഫലം വേണമെന്ന നിബന്ധനയും ആശയക്കുഴപ്പത്തിനിടയാക്കുന്നു. നിലവിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ ഈ സംവിധാനമില്ല. വാക്​സിനെടുക്കാത്ത കുട്ടികൾക്ക്​ യാത്രചെയ്യാൻ കഴിയ​ുമോ എന്നതിലും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്ന എത്ര പേർക്ക്​ യാത്രചെയ്യാൻ കഴിയും എന്നതിൽ എയർലൈനുകൾക്കും സംശയമുണ്ട്​.

കോവിഷീൽഡും ആസ്​ട്ര​െസനകയും ഒന്നുതന്നെ

ദുബൈ: ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡും യു.എ.ഇയിലെ ഒക്​സ്ഫഡ്​ ആസ്ട്രസെനക വാക്​സിനും ​ഒന്നു തന്നെയാണെന്ന്​ ദുബൈ ഹെൽത്ത്​ അതോറിറ്റി വ്യക്തമാക്കി​.

ഇതോടെ ഇന്ത്യയിലെ കോവിഷീൽഡ്​ വാക്​സിനെടുത്തവർക്ക്​ യു.എ.ഇയിലേക്ക്​ വരാൻ സാധിക്കും. ഫൈസർ, സ്​പുട്​നിക്​, സിനോഫാം, ആസ്​ട്രസെനക (കോവിഷീൽഡ്​) എന്നിവയാണ്​ യു.എ.ഇയിലെ അംഗീകൃത വാക്​സിനുകൾ. അതേസമയം, കോവാക്​സിൻ യു.എ.ഇ അംഗീകരിച്ചിട്ടില്ല.എന്നാൽ, യു.എ.ഇയിൽനിന്ന്​ ഫൈസർ, സ്​പുട്​നിക്​, സിനോഫാം, ആസ്​ട്രസെനക എന്നീ വാക്​സിനുകളുടെ ആദ്യ ഡോസ്​ എടുത്തശേഷം ഇന്ത്യയിലെത്തിയവർക്ക്​ രണ്ടാം ഡോസായി ഏതെങ്കിലും വാക്​സിൻ എടുക്കാൻ കഴിയുമോ എന്ന സംശയവും നിലനിൽക്കുന്നു.

രണ്ടു​ വ്യത്യസ്​ത വാക്​സിനുകൾ എടുക്കുന്നത്​ ആരോഗ്യപ്രശ്​നങ്ങളുണ്ടാക്കുമോ എന്ന സംശയത്തിന​ു​ പുറമെ ഇത്​ രേഖയിൽ ഉ​ൾപ്പെടുമോ എന്ന സംശയവും നിലനിൽക്കുന്നു.

Tags:    
News Summary - Tickets; Airlines starting and stopping bookings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.