ഷാർജയിലെ ഖോർഫക്കാൻ വാദി ശീസിലെ പാറക്കെട്ടുകളിലൂടെ ജൂൺ 14ന് പെയ്ത ആദ്യ വേനൽമഴക്ക് ശേഷം വെള്ളച്ചാട്ടം ഒഴുകുന്നു
ദുബൈ: ഈ ആഴ്ച യു.എ.ഇയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തേക്കുമെന്ന് ഔദ്യോഗിക കാലാവസ്ഥാ പ്രവചനം. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്‍റെ കിഴക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ മേഖലകളിൽ ദിവസങ്ങൾക്ക് മുൻപ് പെയ്ത മഴ വേനൽച്ചൂടിൽനിന്ന് വലിയ ആശ്വാസം പകർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രവചനം. ഖോർഫക്കാന്‍റെ മലയോര മേഖലകളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് മലനിരകളിൽ പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുകയും അരുവികൾ സജീവമാകുകയും ചെയ്തതിന്‍റെ ദൃശ്യങ്ങൾ ‘സ്റ്റോം സെന്‍റർ’ പങ്കുവെച്ചിരുന്നു. യു.എ.ഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുകയാണ്. ജൂൺ 20 ശനിയാഴ്ച അൽ ഐനിലെ സ്വീഹാനിൽ 49.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നും, പ്രത്യേകിച്ച് അൽ ഐൻ മുതൽ ദിബ്ബ വരെയുള്ള കിഴക്കൻ മേഖലകളിൽ (അൽ ഐൻ നഗരം, ഹത്ത, കൽബ, ഫുജൈറ തീരം, ഉൾനാടൻ മലയോര മേഖലകൾ എന്നിവയുൾപ്പെടെ) മഴയ്ക്ക് സാധ്യതയുണ്ടെന്നും മഴ നിരീക്ഷകനായ കെ.പി. മുഹമ്മദ് സജ്ജാദ് പറഞ്ഞിരുന്നു. കിഴക്കൻ മേഖലകളിലാണ് സാധാരണയായി മഴ കേന്ദ്രീകരിക്കുന്നതെങ്കിലും, കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് ഈ മേഘങ്ങൾ ചിലപ്പോഴൊക്കെ ഉൾനാടൻ പ്രദേശങ്ങളിലേക്കും ദുബൈയുടെ അതിർത്തികളിലേക്കും വ്യാപിച്ചേക്കാമെന്നും സജ്ജാദ് വ്യക്തമാക്കി.
ജൂൺ 23 ചൊവ്വാഴ്ച ആകാശം പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കിഴക്കൻ പ്രദേശങ്ങളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടാനും ഉച്ചകഴിഞ്ഞാൽ മഴയോട് കൂടിയ മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. രാത്രിയിലും ബുധനാഴ്ച പുലർച്ചെയോടെയും ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം കൂടാനും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. മഴക്കുള്ള സാധ്യത ബുധനാഴ്ചയും തുടരും. കിഴക്കൻ മേഖലകളിൽ ഉച്ചക്ക് ശേഷം മഴ പെയ്തേക്കാം. രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും തീരപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പവും നേരിയ മൂടൽമഞ്ഞും ഉണ്ടായേക്കാം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കിഴക്കൻ പ്രദേശങ്ങളിൽ വീണ്ടും മഴമേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.