യു.എ.ഇയിൽ സ്വകാര്യ ട്യൂഷൻ ഇനി നിയമപരം; വർക്ക് പെർമിറ്റ് മാനദണ്ഡങ്ങൾ പുറത്തിറക്കി

അബൂദബി: യു.എ.ഇയിൽ യോഗ്യതയുള്ളവർക്ക് നിയമപരമായി സ്വകാര്യ ട്യൂഷൻ എടുക്കുന്നതിനായുള്ള വർക്ക് പെർമിറ്റ് മാനദണ്ഡങ്ങൾ മന്ത്രാലയം പുറത്തുവിട്ടു. പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർ, അധ്യാപകർ എന്നിവർക്ക് പുറമെ വിദ്യാർഥികൾക്കും നിബന്ധനകൾക്ക് വിധേയമായി രണ്ടു വർഷത്തെ ട്യൂഷൻ പെർമിറ്റ് അനുവദിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി അറിയിച്ചു.

രജിസ്റ്റർ ചെയ്ത ട്യൂഷൻ അധ്യാപകർ, സ്വകാര്യ മേഖലയിലെ ജീവനക്കാർ, സർക്കാർ-അർധ സർക്കാർ ജീവനക്കാർ, വിദ്യാർഥികൾ എന്നീ നാല് വിഭാഗങ്ങൾക്കാണ് പെർമിറ്റിന് അർഹതയുള്ളത്.

സ്കൂൾ വിദ്യാർഥികളാണെങ്കിൽ 15നും 18നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. യു.എ.ഇയിൽ സാധുവായ താമസവിസയുള്ള ഇവർ മാതാപിതാക്കളുടെ സമ്മതപത്രം, സ്കൂൾ എൻറോൾമെന്‍റ്​ രേഖ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ആവശ്യമായ രേഖകൾ സമർപ്പിക്കുന്ന യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കും പെർമിറ്റിന് അർഹതയുണ്ടായിരിക്കും.

മറ്റ് വിഭാഗങ്ങളിലുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, ഐഡന്‍റിറ്റി കാർഡ്, മെഡിക്കൽ ഫിറ്റ്നസ്, സ്വഭാവ സർട്ടിഫിക്കറ്റുകൾ എന്നിവ സമർപ്പിക്കണം. സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും ട്യൂഷൻ എടുക്കുന്നതിന് നിലവിലെ തൊഴിലുടമയിൽ നിന്നുള്ള എൻ.ഒ.സി. കൂടി ഹാജരാക്കേണ്ടതുണ്ട്.

മന്ത്രാലയത്തിന്‍റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. അപേക്ഷകൾ വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ച് പരിശോധിച്ച ശേഷമായിരിക്കും പെർമിറ്റ് അനുവദിക്കുക.

ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും രേഖകളും കൃത്യമാണെങ്കിൽ രണ്ട് പ്രവൃത്തിദിവസത്തിനകം അപേക്ഷകളിൽ നടപടിയുണ്ടാകും. രണ്ടു വർഷ കാലാവധിയുള്ള പെർമിറ്റിലൂടെ രാജ്യത്തെ സ്വകാര്യ ട്യൂഷൻ മേഖലയെ നിയമാനുസൃതമാക്കാനും യോഗ്യരായവർക്ക് നിയമപരമായ അവസരമൊരുക്കാനുമാണ് യു.എ.ഇ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Private tuition now legal in UAE; work permit criteria released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.