അബൂദബി: ജോലിക്കാര്യങ്ങള്‍ക്കൊപ്പം കുടുംബത്തിനും തുല്യപ്രാധാന്യം നല്‍കാന്‍ പിതാക്കന്മാരെ പ്രാപ്തരാക്കുന്ന യു.എ.ഇ സര്‍ക്കാറിന്‍റെ ‘പാരന്‍റ് ഫ്രണ്ട്ലി ലേബല്‍’ (പി.എഫ്.എല്‍) പദ്ധതിക്ക് മികച്ച പ്രതികരണം. യു.എ.ഇയിലെ പിതൃദിനാചരണവുമായി ബന്ധപ്പെട്ട് അബൂദബി ശിശുക്ഷേമ വിഭാഗം (ഇ.സി.എ) പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുട്ടികളുടെ വളര്‍ച്ചയിലും കുടുംബകാര്യങ്ങളിലും പിതാക്കന്മാരുടെ പങ്കാളിത്തവും സാന്നിധ്യവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2021ല്‍ ആരംഭിച്ച പദ്ധതി 2022ഓടെ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുകയായിരുന്നു.
െഫ്ലക്‌സിബിള്‍ ജോലി സമയങ്ങള്‍, കുറഞ്ഞത് 90 ദിവസത്തെ പ്രസവാവധി തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ‘പാരന്‍റ് ഫ്രണ്ട്ലി’ അല്ലെങ്കില്‍ ‘പാരന്‍റ് ഫ്രണ്ട്ലി പ്ലസ്' പദവികള്‍ നല്‍കുന്നത്. പദ്ധതി നടപ്പാക്കിയതോടെ 74 ശതമാനം പിതാക്കന്മാര്‍ക്കും തങ്ങളുടെ തൊഴിലുടമകളില്‍ നിന്ന് പിതൃത്വ അവധി എടുക്കാനുള്ള അനുകൂലമായ പിന്തുണ ലഭിക്കുന്നതായി അതോറിറ്റിയുടെ ഇംപാക്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യു.എ.ഇയില്‍ സ്വദേശികളും വിദേശികളുമായ പൊതു സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ പിതൃത്വ അവധിക്ക് അര്‍ഹതയുണ്ട്.
എന്നാല്‍, ജോലിഭാരം, കരിയറിലെ വളര്‍ച്ചയെ ബാധിക്കുമോ എന്ന ആശങ്ക എന്നിവ കാരണം പലരും അവധി എടുക്കാന്‍ മടിക്കാറുണ്ടെന്ന് ഇ.സി.എ സ്ട്രാറ്റജി സക്‌സസ് ഡയറക്ടര്‍ അലി അല്‍ ജുനൈബി പറഞ്ഞു. കേവലം സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നവര്‍ എന്നതിനപ്പുറം അടുത്ത തലമുറയെ വളര്‍ത്തുന്നതില്‍ പങ്കാളികളാവാന്‍ പിതാക്കന്മാര്‍ മുന്നോട്ടുവരുന്ന രീതിയില്‍ മനോഭാവത്തില്‍ മാറ്റം വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുടെ ഭാഗമായി ചില കമ്പനികള്‍ എട്ട് ആഴ്ച, നാല് ആഴ്ച, മൂന്ന് ആഴ്ച എന്നിങ്ങനെ ശമ്പളത്തോടുകൂടിയ പിതൃത്വ അവധി ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. 2021ല്‍ ആരംഭിച്ചതിന് ശേഷം യു.എ.ഇയിലുടനീളമുള്ള 175000ത്തിലധികം വരുന്ന ജോലിക്കാരായ മാതാപിതാക്കള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.