പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം വിദ്യാർഥികൾ
അജ്മാന്‍: ഭാവിയില്‍ പൊലീസ് ആകണമെന്ന ആഗ്രഹം പേറി നടന്നിരുന്ന നിശ്ചയദാര്‍ഢ്യക്കാരായ കുരുന്നുകളുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകി അജ്മാന്‍ പൊലീസ്. അജ്മാന്‍ മസ്ഫൂതിലെ അബു സയീദ് അൽ-ഖുദ്രി സ്കൂളിലെ നിശ്ചയദാര്‍ഢ്യക്കാരായ രണ്ട് വിദ്യാർഥികളെക്കുറിച്ചുള്ള വിവരം സ്റ്റേഷന് ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഈ സംരംഭത്തിന് മുന്നിട്ടിറങ്ങിയത്.
ഈ കുട്ടികള്‍ക്ക് പൊലീസ് ജോലിയിൽ അതിയായ അഭിനിവേശമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിയുടെ സ്വഭാവത്തെക്കുറിച്ച് നേരിട്ട് പഠിക്കാനും അവരുടെ ദൈനംദിന ജോലികൾ അതുപോലെ ചെയ്യാനും കുട്ടികൾ ആഗ്രഹിച്ചിരുന്നു.
ഈ വിവരം അറിഞ്ഞ സ്റ്റേഷൻ ടീം, സ്കൂൾ ഭരണകൂടവുമായി സഹകരിച്ച് കുട്ടികളുടെ ആഗ്രഹം നിറവേറ്റാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു.
ഇതിനായി ഔദ്യോഗിക പൊലീസ് യൂനിഫോമിനോട് സാമ്യമുള്ള രണ്ട് പ്രത്യേക യൂനിഫോമുകൾ തയാറാക്കി. മസ്ഫൂത്ത് പൊലീസ് സ്റ്റേഷൻ മേധാവി ലെഫ്. കേണൽ അബ്ദു റഹ്മാൻ ഹായി അൽ കഅബി വിദ്യാർഥികളെ സ്വാഗതം ചെയ്യുകയും അവരോടൊത്ത് സമയം ചെലവഴിക്കുകയും ചെയ്തു. അതോടൊപ്പം അവിടുത്തെ വിവിധ വകുപ്പുകൾ, പൊലീസ് സേവനങ്ങൾ, സുരക്ഷ, പൊലീസ് പ്രവർത്തനങ്ങൾ എന്നിവക്കുള്ള നടപടിക്രമങ്ങളെക്കുറിച്ച് അവർക്ക് മനസ്സിലാക്കിക്കൊടുത്തു.
ട്രാഫിക് പട്രോളിങ്ങിന്‍റെ കടമകളെക്കുറിച്ചും റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിലും സുരക്ഷ നിലനിർത്തുന്നതിലും പൊലീസിന്‍റെ പങ്കിനെക്കുറിച്ചും അവർ മനസ്സിലാക്കി.
സുരക്ഷയും ക്രമസമാധാനവും നിലനിർത്തുന്നതിലും സമൂഹത്തെ സേവിക്കുന്നതിലും പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെക്കുറിച്ചും അവര്‍ക്ക് വിശദീകരിച്ചു. യു.എ.ഇ ആചരിക്കുന്ന കുടുംബ വർഷത്തിന്‍റെ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് അജ്മാന്‍ പൊലീസിന്‍റെ ഈ പ്രവര്‍ത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.