അബൂദബി: കടുത്ത വേനല്‍ച്ചൂടില്‍ വാഹനങ്ങള്‍ക്കുള്ളില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ സൂക്ഷിക്കരുതെന്ന് ഡ്രൈവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും അബൂദബി പൊലീസിന്‍റെ കര്‍ശന മുന്നറിയിപ്പ്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ‘അപകടരഹിത വേനല്‍ക്കാലം’ പൊലീസിന്‍റെ ‘സുരക്ഷിത വേനല്‍ക്കാലം’ എന്നീ ബോധവല്‍ക്കരണ കാമ്പയിനുകളുടെ ഭാഗമായാണ് നിര്‍ദേശം. വേനല്‍ക്കാലത്ത് താപനില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പൊതുസുരക്ഷ ഉറപ്പാക്കാനും വലിയ തീപിടിത്തങ്ങള്‍ ഒഴിവാക്കാനുമാണിത്. സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാത്തതാണ് പല വാഹന തീപിടിത്തങ്ങള്‍ക്കും കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
സാനിറ്റൈസര്‍, പെര്‍ഫ്യൂം അടക്കം പ്രധാനമായും ആറ് തരം സാധനങ്ങള്‍ ഒരു കാരണവശാലും വാഹനങ്ങളില്‍ വച്ചിട്ട് പോകരുത്. സമ്മർദമേറിയ കണ്ടെയ്‌നറുകള്‍ (എയറോസോള്‍ ക്യാനുകള്‍), ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഊര്‍ജ സംഭരണ ഉപകരണങ്ങള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, പെര്‍ഫ്യൂമുകള്‍, ഗ്യാസ് സിലിണ്ടറുകള്‍, ലൈറ്ററുകള്‍ എന്നിവയാണ് വാഹനങ്ങളില്‍ വെക്കരുതാത്ത വസ്തുക്കള്‍. ഇവ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലോ കടുത്ത ചൂടിലോ ഇരുന്നാല്‍ എളുപ്പത്തില്‍ തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ സാധ്യതയുണ്ട്.
ഇന്ധനം, ഓയിലുകള്‍, പ്ലാസ്റ്റിക്, റബര്‍ അടങ്ങിയ ഉള്‍ഭാഗം ഉള്ള വസ്തുക്കള്‍ തുടങ്ങി വേഗത്തില്‍ തീപിടിക്കുന്ന നിരവധി ഘടകങ്ങള്‍ വാഹനങ്ങളില്‍ തന്നെയുണ്ടെന്നും അതിനാല്‍ അപകടസാധ്യത കുറക്കാന്‍ മുന്‍കരുതലുകള്‍ അത്യാവശ്യമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.