അബൂദബി: റമദാനിൽ എമിറേറ്റിലെ വീടുകള്‍ക്കും വില്ലകള്‍ക്കും മുന്നില്‍ ഇഫ്താര്‍ ടെന്റുകള്‍ സ്ഥാപിക്കുന്നതിന് പെര്‍മിറ്റ് നല്‍കുന്നതിനുള്ള വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ച് അബൂദബി നഗര, ഗതാഗത വകുപ്പ്. വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മാത്രമേ സ്ഥാപനങ്ങള്‍ക്കും താമസക്കാര്‍ക്കും റമദാനില്‍ വീടുകള്‍ക്കു പുറത്തുള്ള ടെന്റുകള്‍ സ്ഥാപിക്കാനുള്ള അനുമതി ലഭിക്കൂ. അതേസമയം ടെന്റുകള്‍ സ്ഥാപിക്കുന്നതിന് രേഖകള്‍ സമര്‍പ്പിക്കുകയോ ഫീസ് അടക്കുകയോ വേണ്ടതില്ല. യു.എ.ഇ ഡിജിറ്റല്‍ ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ലളിതമായ നടപടികളിലൂടെ ടെന്റ് സ്ഥാപിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതും അനുമതി വാങ്ങിയെടുക്കാവുന്നതുമാണ്.
വില്ല അല്ലെങ്കില്‍ വീടിന്റെ പുറത്ത് ഒരു ടെന്റ് മാത്രമേ സ്ഥാപിക്കാനാവൂ. 60 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതി ടെന്റിനുണ്ടാവരുത്. പരമാവധി 4.5 മീറ്റര്‍ ഉയരമേ പാടുള്ളൂ എന്നും അധികൃതര്‍ നിഷ്കര്‍ഷിക്കുന്നു. സാധാരണയായി ടെന്റ് സ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്ന കമ്പിളി, ബദൂയിന്‍ തുണികള്‍, ടാര്‍പോളിനുകള്‍ തുടങ്ങിയവയാണ് റമദാന് ടെന്റുകള്‍ക്കും അനുവദിച്ചിരിക്കുന്നത്. വില്ക്കല്, വാങ്ങല്‍, വാടകക്ക് കൊടുക്കല്‍, ടെന്റിനു പുറത്തുള്ള പ്രമോഷണല്‍ പരിപാടികള്‍ എന്നിവ വിലക്കിയിട്ടുണ്ട്. ടെന്റുകള്‍ സ്ഥാപിക്കുമ്പോഴോ നീക്കം ചെയ്യുമ്പോഴോ സ്വകാര്യ, പൊതു വസ്തുവകകള്‍ നാശനഷ്ടമുണ്ടായാല്‍ ഇതിന്റെ ഉത്തരവാദിത്തം പെര്‍മിറ്റ് ഉടമക്കായിരിക്കും.
അനധികൃതമായി ടെന്റുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിക്കുകയോ പരാതികള്‍ ലഭിക്കുകയോ മറ്റ് അടിയന്തര സാഹചര്യങ്ങളുണ്ടാവുകയോ ചെയ്താല്‍ ടെന്റുകള്‍ നീക്കാന്‍ അധികൃതര്‍ക്ക് ആവശ്യപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.