റിയാസ് ചേലേരി
കേരളത്തിന്‍റെ പുതുയുഗപിറവിക്ക് വൻ പ്രതീക്ഷ നൽകി വി.ഡി സതീശന്‍റെ നേതൃത്ത്വത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ ഏറിയിരിക്കുകയാണ്. കേരള ജനത ഈ സർക്കാരിനെ നോക്കിക്കാണുന്നത് വലിയ പ്രതീക്ഷയോടെയാണ്. കേരളത്തിന്‍റെ ഭാവിയെ കുറിച്ചും വികസന പദ്ധതികളെ കുറിച്ചും വി.ഡി സതീശന്‍റെ നേതൃത്ത്വത്തിൽ യു.ഡി.എഫ് മുന്നോട്ട് വെച്ച പ്രായോഗിക സങ്കൽപ്പങ്ങൾക്ക് ജനം നൽകിയ അംഗീകാരമാണ് ഈ സർക്കാർ. ജാതി മത വ്യത്യാസമെന്യേ പ്രാദേശിക ഭേദമന്യേ എല്ലാ ജില്ലകളിലും എല്ലാ ജന വിഭാഗങ്ങൾക്കുമിടയിൽ യു.ഡി.എഫിന് ലഭിച്ച വൻ പിന്തുണ വി.ഡി സതീശന് ലഭിച്ച ജന പിന്തുണ കൂടിയായിരുന്നു. നമ്മുടെ സംസ്ഥാനം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്.
മദ്യവും ലോട്ടറിയും മാത്രമല്ലാതെ മറ്റൊരു വരുമാന സ്രോതസ് ഇല്ല. അടിസ്ഥാന വികസന രംഗത്തും ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും കേരളം കിതച്ചു നിൽക്കുകയാണ്. നമ്മുടെ നാടിന്‍റെ സമ്പത്ത് ആയ ലക്ഷക്കണക്കിന് യുവതി യുവാക്കൾക്ക് ഈ നാടിനെ കുറിച്ചുള്ള പ്രതീക്ഷകൾ അസ്തമിച്ച് തുടങ്ങിയ ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസവും യോഗ്യതക്കും അനുസരിച്ച് തൊഴിലും തേടി നമ്മുടെ യുവതി യുവാക്കൾ അന്യ രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. കേരള സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികൾ. മണലാരണ്യത്തിൽ അധ്വാനിക്കുന്ന മലയാളികൾ നാട്ടിലേക്ക് അയക്കുന്ന പണമാണ് ജന ജീവിതത്തിന്‍റെ സർവമാന ചലനങ്ങളും നിർണയിക്കുന്നത്. അതേസമയം പ്രവാസികൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. എല്ലാ കാലത്തും പ്രവാസി ജന സമൂഹത്തോട് അനുഭാവ പൂർണമായ നിലപാട് സ്വീകരിച്ച യു.ഡി.എഫ് ഈ പ്രശ്നങ്ങൾ ഗൗരവപൂർവം പരിഗണിക്കും എന്ന് തന്നെയാണ് കരുതുന്നത്.
യുവത്വത്തിന്‍റെ പ്രസരിപ്പും പരിചയ സമ്പത്തിന്‍റെ കരുത്തും സമന്വയിക്കുന്ന ഒരു ഉജ്വല ടീം ആണ് വി.ഡി സതീശൻ മന്ത്രിസഭയുടെ കരുത്ത്. കെ.കരുണാകരൻ, എ.കെ ആന്‍റണി, ഉമ്മൻ ചാണ്ടി, എന്നീ മൂന്ന് അതികായകരോടൊപ്പം കേരളത്തിന്‍റെ വികസന പരിണാമ ചരിത്രത്തിൽ കയ്യൊപ്പ് ചാർത്തിയ പി.കെ കുഞ്ഞാലിക്കുട്ടി മുതൽ ഒ.കെ ജെനീഷ് വരെയുള്ള ടീം വി.ഡി.എസ്. വരും തലമുറക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാൻ കഴിയുന്ന സാമൂഹ്യ നീതിയും സാമുദായിക സൗഹാർദവും സാമ്പത്തിക ഭദ്രതയും ഉള്ള ഒരു പുതു യുഗ കേരളത്തിലേക്ക് നമ്മെ നയിക്കാൻ ടീം വി.ഡി.എസിന് കഴിയട്ടെ. റിയാസ് ചേലേരി, അഡ്മിനിസ്ട്രേറ്റർ സഅബീൽ പാലസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.