ദോ​ഹ​യി​ലെ ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ യു.​എ.​ഇ ടീ​മി​ന്​ പി​ന്തു​ണ​യു​മാ​യി എ​ത്തി​യ ആ​രാ​ധ​ക​ർ

ലോകകപ്പിലേക്ക് യു.എ.ഇ ഇനിയും കാത്തിരിക്കണം

ദുബൈ: നിർണായകമായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനോട് പരാജയപ്പെട്ട യു.എ.ഇക്ക് ഇന്‍റർ കോണ്ടിനെന്‍റല്‍ പ്ലേ ഓഫിൽ പ്രതീക്ഷ. ചൊവ്വാഴ്ച ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1ഗോളിനാണ് ഖത്തറിനോട് യു.എ.ഇ പരാജയപ്പെട്ടത്. സമനില നേടിയിരുന്നെങ്കിൽ ലോകകപ്പിൽ ഇടംനേടാൻ സാധിക്കുമായിരുന്ന മത്സരത്തിലെ പരാജയം നിരാശയോടെയാണ് ഫുട്ബാൾ ആരാധകർ സ്വീകരിച്ചത്. അതേസമയം, ചരിത്രപ്പിറവിക്ക് കാതോർത്ത യു.എ.ഇയിലെ ഫുട്ബാൾ ആരാധകർക്ക് ഖത്തറിനെതിരായ പരാജയം നിരാശ നിറച്ചെങ്കിലും ഇന്‍റർ കോണ്ടിനെന്‍റല്‍ പ്ലേ ഓഫിലൂടെ ലോകകപ്പിൽ ഇടംനേടാനാകുമെന്ന പ്രതീക്ഷയിലാണിവർ.

47ാം മിനിറ്റിലും 73ാം മിനിറ്റിലും ഗോളടിച്ച് മുന്നിലെത്തിയ ഖത്തറിനെതിരെ അവസാനം നിമിഷം വരെ മികച്ച കളി പുറത്തെടുക്കുകയും ഒരു ഗോൾ തിരിച്ചടിക്കുകയും ചെയ്ത ശേഷമാണ് ‘ദ വൈറ്റ്’ (അല്‍ അബിയള് ) ടീം കീഴടങ്ങിയത്. സുൽത്താൻ ആദിൽ അൽ അമീരിയാണ് യു.എ.ഇക്കുവേണ്ടി ഗോൾ നേടിയത്. വളരെ കരുതലോടെയായിരുന്നു ഇരുടീമുകളും തുടക്കത്തിൽ കളിച്ചത്. ആദ്യപകുതി ഗോളൊന്നും നേടാതെ ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. ആതിഥേയരായ ഖത്തറിന് ലഭിച്ച വലിയ ആരാധക പിന്തുണ കൂടിയായതോടെ അവർ പിന്നീട് കളിയിൽ ആധിപത്യം പുലർത്തി. കളിക്കാർ മൈതാനത്ത് പൊരുതുമ്പോൾ ഇരിപ്പിടങ്ങളിൽ ആരാധകർ ആർപ്പുവിളികളുമായി ആവേശം പകർന്നു. ഒടുവിൽ 98ാം മിനിറ്റിൽ യു.എ.ഇ ആശ്വാസ ഗോൾ നേടുകയായിരുന്നു.

ആദ്യ മത്സരത്തിൽ ഒമാനെതിരെ സമനില വഴങ്ങിയും രണ്ടാം മത്സരത്തിൽ യു.എ.ഇയെ പരാജയപ്പെടുത്തിയും ഗ്രൂപ് ജേതാക്കളായ ഖത്തറിന് തുടർച്ചയായ രണ്ടാം ലോകകപ്പിന് ബൂട്ടുകെട്ടാം. യു.എ.ഇക്ക് ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫിൽ വിജയിച്ചാൽ ലോകകപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ട്. 35വർഷത്തിനുശേഷം യു.എ.ഇ ലോകകപ്പിലേക്ക് പ്രവേശിക്കുന്ന മുഹൂർത്തത്തിന് കാതോർത്ത് രാജ്യത്ത് വിവിധയിടങ്ങളിൽ കളികാണാനുള്ള സൗകര്യമൊരുക്കിയിരുന്നു. 1990ൽ ആണ് ആദ്യമായും അവസാനമായും യു.എ.ഇ ലോകകപ്പിൽ മത്സരിച്ചത്.  

Tags:    
News Summary - The UAE still has to wait for the World Cup.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.