കൽബ റൗണ്ട്എബൗട്ടിൽ പനിനീർ സുഗന്ധം; നഗരത്തിലേക്ക് വരുന്നവർക്ക് നവ്യാനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യം

ഷാർജ: എമിറേറ്റിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്ന് ചരിത്ര നഗരമായ കൽബയിലേക്ക് പ്രവേശിക്കുന്ന സന്ദർശകരെയും നിവാസികളേയും സുഗന്ധപൂർണമായ അന്തരീക്ഷം കൊണ്ട് സ്വീകരിക്കുന്നതിനായി പനിനീർ ജലധാര (റോസ് വാട്ടർ ഫൗണ്ടേൻ) യോട് കൂടിയ റൗണ്ട് എബൗണ്ട് നിർമിക്കുന്നു. നഗരത്തിലെത്തുന്നവർക്ക് പനിനീരിന്‍റെ സുഗന്ധം ആസ്വദിക്കാവുന്ന രൂപത്തിലാണ് പുതിയ ഫൗണ്ടേനിന്‍റെ രൂപകൽപന. യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശം അനുസരിച്ച് ഏറെ സവിശേഷതകളോട് കൂടിയ പുതിയ റൗണ്ട് എബൗട്ടിന്‍റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം വാരാന്ത്യ റേഡിയോ പ്രോഗ്രാമായ ഡയറക്ട് ലൈനിൽ ആണ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. റൗണ്ട് എബൗട്ടിന്‍റെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന പനിനീർ ജലധാരയിൽ നിന്നുള്ള സുഗന്ധം താമസക്കാർക്കും യാത്രക്കാർക്കും ഒരു പോലെ വേറിട്ട അനുഭവം സമ്മാനിക്കുന്നതാവുമെന്ന് അധികൃതർ അറിയിച്ചു.

റൗണ്ട് എബൗട്ടിന്‍റെ മധ്യഭാഗത്തേക്ക് എത്തിച്ചേരാൻ പ്രത്യേക തുരങ്കപാതയും ഇതോടൊപ്പം നിർമിക്കുന്നുണ്ട്. തിരക്കേറിയ ഗതാഗത കുരുക്കിൽ നിന്ന് മാറി സുരക്ഷിതമായ അന്തരീക്ഷം ആസ്വദിക്കാൻ ഇത് സന്ദർശകരെ സഹായിക്കും. ഇത് കൂടാതെ ഗ്രാൻഡ് ക്ലോക്ക് ടവർ, നഗര അന്തരീക്ഷം കൂടുതൽ ശാന്തവും സുഗകരവുമാക്കാനായി രൂപകൽപന ചെയ്ത നൂതനമായ മരം നടീൽ സംരംഭം എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ നഗരമായ ഖോർഫക്കാനിന്‍റെ വടക്ക് ഭാഗത്തായാണ് ‘ബുർജുൽ സാഅ’ എന്ന പേരിൽ പുതിയ ക്ലോക്ക് ടവർ നിർമിക്കുക. ഇസ്ലാമിക വാസ്തുവിദ്യ ശൈലിയിലുള്ള മനോഹരമായ ഒരു താഴികക്കുടവും വലിയ അലങ്കാര കമാനങ്ങളും ഉൾക്കൊള്ളുന്ന ഇതിന്‍റെ ഘടന. നഗരത്തിലേക്ക് വരുന്നവരുടെ അനുഭവം സമ്പന്നമാക്കുന്ന സാംസ്കാരികമായ അടയാളങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം നഗര സൗന്ദര്യവും പൊതു ഇടങ്ങളും മെച്ചപ്പെടുത്തുന്നതിൽ ഷാർജ സർക്കാർ പ്രകടിപ്പിക്കുന്ന അതീവ താൽപര്യമാണ് പുതിയ വികസനം പ്രതിഫലിപ്പിക്കുന്നത്.

Tags:    
News Summary - The scent of rose water at Kalba Roundabout; the aim is to provide a fresh experience to those coming to the city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.