യാംബു: സൗദി കഴിഞ്ഞ വർഷം പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ ദേശീയവും അന്തർദേശീയവുമായ പ്രധാനപ്പെട്ട സംഭവങ്ങൾ രേഖപ്പെടുത്തിയത് ഏറെ ശ്രദ്ധേയം.സൗദി പോസ്റ്റ് 2020ൽ പ്രകാശനം ചെയ്ത 18 തപാൽ മുദ്രകളിലെല്ലാം ചരിത്രസംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അറബ് നേട്ടത്തെയും സഹകരണത്തെയും അഭിമാനത്തെയും അടയാളപ്പെടുത്തുന്ന അവിസ്മരണീയ സന്ദർഭം ഒരുക്കിയ അറബ് ലീഗിെൻറ 75ാം വാർഷികം, കിങ് അബ്ദുൽ അസീസ് കംപാനിയൻസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്നെസ് ആൻഡ് ക്രിയേറ്റിവിറ്റിയുടെ (മൗഹിബ) 20ാം വാർഷികം, സൗദിയുടെ അധ്യക്ഷതയിൽ ചേർന്ന ഗ്രൂപ് 20 രാജ്യങ്ങളുടെ ഉച്ചകോടി തുടങ്ങിയവയെല്ലാം സ്റ്റാമ്പുകളിലെ മുഖ്യ വിഷയങ്ങളാണ്.
പ്രസിദ്ധീകരിച്ച സ്റ്റാമ്പുകളിൽ ഒന്നിൽ സൗദി എയർലൈൻസും മറ്റൊന്നിൽ സൗദി പ്രസ് ഏജൻസിയുടെ (എസ്.പി.എ) 75ാം വാർഷികവും രേഖപ്പെടുത്തിയിരിക്കുന്നു. ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനവും അന്താരാഷ്ട്ര തലത്തിൽ ജീവകാരുണ്യ സേവനങ്ങൾ ചെയ്യുന്ന കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ ആൻഡ് റിലീഫ് സെൻററിനെയും (കെ.എസ് റിലീഫ്) പരിഗണിച്ച് സൗദി പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.
സൗദിയുടെ 90ാം വാർഷികവും തലസ്ഥാനനഗരിയായ റിയാദും സ്റ്റാമ്പുകളിൽ ഇടംപിടിച്ചിട്ടുണ്ട്. കായികരംഗത്തെ മികവിനും അർഹമായ പരിഗണന നൽകി സൗദി ആതിഥ്യം നൽകിയ ഡക്കർ റാലിയും കുതിരപ്പന്തയവും സ്റ്റാമ്പിലെ മറ്റു വിഷയങ്ങളാണ്.
അൽഹറമൈൻ റെയിൽവേ പദ്ധതി, തായിഫിലെ പനിനീർ കൃഷി, ദേശീയപക്ഷിയായ ഫാൽക്കൺ, തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തി കഴിഞ്ഞ വർഷം നടന്ന ഹജ്ജ്, പെരുന്നാൾദിനം എന്നിവയും തപാൽമുദ്രകളിൽ പതിച്ച ചരിത്രരേഖകളാണ്. രാജ്യത്തെ മുഖ്യമായ സംഭവങ്ങളും ദിനങ്ങളും അടയാളപ്പെടുത്തി സൗദി പോസ്റ്റ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ നാടിെൻറ ബഹുമുഖ വികസനത്തിെൻറ നാൾവഴികളും സവിശേഷതകളും സമൂഹത്തിന് പകർന്നു നൽകാൻ പര്യാപ്തമാണെന്നും സൗദി പോസ്റ്റിെൻറ സേവനങ്ങൾ ഏറെ അഭിമാനാർഹമാണെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.