ദുബൈയിൽ അടുത്ത അധ്യയന വർഷം സ്കൂൾ ഫീസ്​ വർധിക്കില്ല;ശൈഖ്​ ഹംദാൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായാണ് നടപടി

ദുബൈ: 2026-27 അധ്യയന വർഷത്തിൽ എമിറേറ്റിലെ സ്വകാര്യ സ്കൂളുകളുടെ ഫീസിൽ വർധന ഉണ്ടാകില്ല. ദുബൈ നോളജ്​ ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്​.ഡി.എ)യാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായാണ്​ തീരുമാനം.

പാക്കേജിലെ നടപടികൾ പ്രകാരം, കെ.എച്ച്.ഡി.എയുടെ അനുമതിയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കൽ ഫീസുകൾ തവണകളായി അടയ്ക്കാനോ മാറ്റിവെക്കാനും സാധിക്കും. കൂടാതെ പിഴകൾ നീട്ടിവെക്കാനും ഇതിലൂടെ സാധിക്കും. കെ.എച്ച്.ഡി.എയുടെ അനുമതിയുള്ള പ്രീ-സ്കൂളുകളെ ലൈസൻസ് പുതുക്കൽ ഫീസ്, പിഴകൾ, ദുബൈ മുനിസിപ്പാലിറ്റിയുടെ മാർക്കറ്റ് ഫീസ് എന്നിവയിൽ നിന്നും ഒഴിവാക്കും. അഫിലിയേറ്റ് സ്ഥാപനങ്ങൾക്ക്​ നിരവധി പിന്തുണ നടപടികളും അവതരിപ്പിച്ചിട്ടുണ്ട്. പ്രീ-സ്കൂളുകൾക്ക് ഭാഗികമായ വാടക ഇളവുകളും, നിലവിൽ നിർമാണത്തിലിരിക്കുന്ന സെന്‍ററുകൾക്ക് വാടകയില്ലാത്ത കാലാവധി നീട്ടിനൽകുന്നതുമായ ആനുകൂല്യങ്ങൾ ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിപുലമായ പിന്തുണ നടപടികളുണ്ടാവും. റദ്ദാക്കിയ കരാറുകളുടെ ഗാരന്‍റി ഇൻഷുറൻസ്​ ആവശ്യകതകളിൽനിന്ന്​ ഭാഗികമാ​യോ പുർണമാ​യോ ഉള്ള ഒഴിവാക്കൽ, കരാറിലെ ശിക്ഷാ വ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവെക്കൽ, മുൻകൂട്ടി നിശ്ചയിച്ച വാടക വർധന മരവിപ്പിക്കൽ, വാടക പേയ്‌മെന്‍റുകൾ മാറ്റിവെക്കൽ എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

150 കോടിയുടെ സാമ്പത്തിക പാക്കേജാണ്​ ശൈഖ്​ ഹംദാൻ പ്രഖാപിച്ചത്​. ഇതോടെ രണ്ട്​ മാസത്തിനിടെ പ്രഖ്യാപിച്ച ആകെ സാമ്പത്തിക ആനുകൂല്യങ്ങളുടെ മൂല്യം 250 കോടി ദിർഹമായി ഉയർന്നു.

മൂന്നുമാസംമുതൽ ഒരു വർഷം വരെയുള്ള കാലയളവിൽ നടപ്പിലാക്കേണ്ട 33 പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ആദ്യ പ്രഖ്യാപനത്തിന് ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷമാണ് ശൈഖ്​ ഹംദാൻ രണ്ടാമത്തെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത്​. ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം, കസ്റ്റംസ് സേവനങ്ങൾ ഉൾപ്പെടെയുള്ള പ്രധാന മേഖലകൾക്ക് രണ്ടാമത്തെ പാക്കേജ്​ പ്രയോജനം ചെയ്യും.

ഈ പാക്കേജുകൾ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം വിവിധ മേഖലകളിലെ തൊഴിലുകൾ സംരക്ഷിക്കാനും സഹായിക്കുമെന്നാണ്​ വിദഗ്ധരുടെ വിലയിരുത്തൽ.

Tags:    
News Summary - The move is part of the economic package announced by Sheikh Hamdan.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.