എക്സ്പോയിൽ സൗദി ദിനത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ട്
ദുബൈ: പരമ്പരാഗത കലാപരിപാടികളും എയർ ഷോയും സംഗീതനിശയുമെല്ലാമായി ദുബൈ എക്സ്പോയിൽ സൗദി ദിനാഘോഷം. എക്സ്പോയിലെ 20 ഭാഗങ്ങളിലായി 18 പരിപാടികളാണ് സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളുടെ പ്രത്യേക ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണിത്. എക്സ്പോയിലെ ഏറ്റവും മികച്ച പവിലിയനുകളിലൊന്നായി വിലയിരുത്തപ്പെടുന്ന സൗദി, അതേ മികവ് നിലനിർത്തുന്ന ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചത്. അൽ വസ്ൽ പ്ലാസ, അൽ ഫൊർസാൻ പാർക്ക്, അൽ ഗാഫ് അവന്യൂ, ജൂബിലി പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
പവിലിയനു മുന്നിലെ തുറന്ന സ്ഥലത്ത് മൂന്നു തത്സമയ പരമ്പരാഗത പരിപാടികളും സംഗീതപരിപാടിയും നടന്നു. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞായിരുന്നു പരിപാടികൾ. സൗദി എയർഫോഴ്സിന്റെ ഔദ്യോഗിക സംഘമായ സൗദി ഹോക്സിന്റെ ആകാശപ്രകടനമായിരുന്നു ഏറ്റവും ശ്രദ്ധേയം. പച്ചനിറത്തിലുള്ള വെടിക്കെട്ടായിരുന്നു മറ്റൊരു ആകർഷണം. രാത്രി അൽ വസ്ൽ പ്ലാസയിൽ 20 മിനിറ്റ് നീണ്ട സൗദി അർദ ഫോക്ലോർ ഷോ നടന്നു. സൗദി മിലിട്ടറി ബാൻഡിന്റെ സംഗീതപരിപാടിയും അരങ്ങേറി. ജൂബിലി പാർക്കിൽ പ്രശസ്ത അറബ് ഗായകൻ മുഹമ്മദ് അബ്ദോയുടെയും സൗദി കലാകാരൻ അയ്ദ് യൂസഫിന്റെയും സംഗീതനിശയിൽ സൗദിക്കാരും മറ്റു ദേശക്കാരും ആടിത്തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.