അർമീനിയ വഴി യാത്ര തുടരുന്നു

അബൂദബി: അവധിക്കു നാട്ടിൽപോയ നിരവധി മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ അർമീനിയ വഴി യാത്ര തുടരുന്നു. 700 ഓളം യാത്രക്കാരാണ് യു.എ.ഇയിലെത്താൻ അർമീനിയയിൽ സമ്പർക്കവിലക്കിൽ കഴിയുന്നത്.

അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പി​െൻറ ഗ്രീൻ ലിസ്​റ്റിലുള്ള അർമീനിയയിൽ നിന്ന് അബൂദബിയിൽ മടങ്ങിയെത്തുന്നവർക്ക് പി.സി.ആർ പരിശോധന മാത്രം നടത്തിയാൽ മതി.

ഈ സൗകര്യമാണ് ഏറെപ്പേരെ അർമീനിയ വഴി മടക്കയാത്രക്കു പ്രേരിപ്പിക്കുന്നതെന്ന് അബൂദബിയിലെ ചാർട്ടേഡ് സ്ഥാപനത്തിലെ ജീവനക്കാരനും സാമൂഹിക പ്രവർത്തകനുമായ മലയാളി പറയുന്നു. അർമീനിയയിൽ സമ്പർക്കവിലക്കിലുള്ള സംഘത്തോടൊപ്പം 28ന്​ യു.എ.ഇയിൽ മടങ്ങിയെത്താനാവുമെന്ന ആശ്വാസത്തിലാണിവർ.

ഇന്ത്യയിൽ നിന്ന് 178 യാത്രക്കാരുമായി എല്ലാ മാസവും 18 വിമാനങ്ങളാണ് ഡൽഹിയിൽ നിന്ന് അർമീനിയൻ തലസ്ഥാനമായ എർവാനിലെത്തുന്നത്. കോവിഡ് ബാധ കുറവുള്ള അർമീനിയയിലേക്ക് ഡൽഹിയിൽ നിന്നുള്ള വിമാനത്തിൽ എത്തുന്നവരിൽ അധികവും യു.എ.ഇയിൽ ജോലിചെയ്യുന്ന മലയാളികളാണ്. 1,25,000 രൂപയാണ് ഒരാൾക്ക് കേരളത്തിൽ നിന്നു യു.എ.ഇയിൽ എത്തുന്നതുവരെയുള്ള ചെലവായി ട്രാവൽ ഏജൻസികൾ ഈടാക്കുന്നത്. ഡൽഹിയിലേക്കുള്ള ഡൊമസ്​റ്റിക് വിമാനടിക്കറ്റും അർമീനിയയിലെ സമ്പർക്കവിലക്ക്​ താമസവും ഭക്ഷണവുമെല്ലാം ഈ തുകയിൽ ഉൾപ്പെടും.

ട്രാവൽ ഏജൻസികൾ സംഘടിതമായി ചാർട്ടേഡ് വിമാനം തരപ്പെടുത്തിയാണ് ഈ യാത്രകൾ സംഘടിപ്പിക്കുന്നത്. ചില ഏജൻസികൾ ഇതിൽ കൂടുതലും തുക ഈടാക്കുന്നുണ്ട്. യാത്രക്കാർ തികയുന്ന മുറക്കാണ് വിമാനം ചാർട്ടർ ചെയ്യുന്നത്. മലപ്പുറത്തെ ജയ്ഹിന്ദ് ട്രാവത്സ്​ വഴി എത്തിയ നിരവധി മലയാളികൾ എർവാനിലെ കോണ്ടിയാഗ്, അറാറാത്ത് എന്നീ ഹോട്ടലുകളിൽ സമ്പർക്കവിലക്കിൽ കഴിയുന്നുണ്ട്​.

അർമീനിയയിലെ ടൂറിസ്​റ്റ്​ സ്ഥലങ്ങളിൽ ടാക്‌സിയിൽ ഹോട്ടലിൽ നിന്നു പോകാനുള്ള സൗകര്യമുണ്ട്. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നവരുണ്ട്. എന്നാൽ, അപ്രതീക്ഷിതമായ കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കഴിഞ്ഞശേഷമുള്ള മടക്കത്തിനിടെ ചുറ്റിക്കറങ്ങാൻ കൈയിൽ പണമില്ലാത്ത ഭൂരിഭാഗവും ഹോട്ടൽ റൂമിലൊതുങ്ങി കഴിയുകയാണ്.

ഒരു മാസത്തെ അവധിക്കു നാട്ടിൽ പോയി നാലു മാസത്തിലധികം നാട്ടിൽ തങ്ങേണ്ടി വന്നവരാണ് അർമീനിയ വഴി മടങ്ങിയെത്തുന്നവരിൽ അധികവും.

Tags:    
News Summary - The journey continues through Armenia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.