1.9 ട്രില്യൺ ദിർഹത്തിലെത്തി ജി.ഡി.പി
ദുബൈ: മുൻവർഷത്തെ അപേക്ഷിച്ച് 2025ൽ യു.എ.ഇയുടെ യഥാർഥ മൊത്ത ആഭ്യന്തര ഉത്പാദനം 6.2 ശതമാനം വളർച്ചയോടെ 1.9 ട്രില്യൺ ദിർഹത്തിൽ എത്തിയതായി ഫെഡറൽ കോംപറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്‍റർ (എഫ്.സി.എസ്.സി) അറിയിച്ചു. എണ്ണയിതര ജി.ഡി.പി 2024നെ അപേക്ഷിച്ച് 2025ൽ 6.8 ശതമാനം വർധിച്ച് 1.5 ട്രില്യൺ ദിർഹത്തിലെത്തി.
പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിലും, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മഖ്തൂമിന്റെ നിർദേശങ്ങൾക്കും കീഴിൽ ദേശീയ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനം തുടരുകയാണെന്ന് സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു.
എണ്ണയിതര മേഖലകളിലെ ശക്തമായ വളർച്ചയുടെയും പുതിയ സാമ്പത്തിക വ്യവസായങ്ങളുടെ വർധിച്ചുവരുന്ന പങ്കിന്‍റെയും പിന്തുണയോടെ വൈവിധ്യമാർന്നതും സുസ്ഥിരവുമായ സാമ്പത്തിക മാതൃക വികസിപ്പിക്കുന്നതിൽ യു.എ.ഇ ലക്ഷ്യം കാണുന്നുവെന്നാണ് ഈ സാമ്പത്തിക ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ഈ മുന്നേറ്റം ‘വീ ദ യു.എ.ഇ 2031’ മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്കുള്ള പ്രയാണത്തിന് കരുത്തുപകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയുടെ സാമ്പത്തിക നയങ്ങൾ, വൈവിധ്യവൽക്കരണത്തിന് വേഗം കൂട്ടുകയും സുസ്ഥിര വളർച്ചയുടെ അടിത്തറ ശക്തമാക്കുകയും ചെയ്തതായി ബിൻ തൗഖ് കൂട്ടിച്ചേർത്തു.
2025ൽ നിരവധി സാമ്പത്തിക മേഖലകൾ മികച്ച പ്രകടനം കാഴ്ചവെച്ചു. നിർമാണ മേഖല 11.1 ശതമാനം വളർച്ചയോടെ മുന്നിലെത്തിയപ്പോൾ, ധനകാര്യ-ഇൻഷുറൻസ് മേഖല 10.4 ശതമാനവും റിയൽ എസ്റ്റേറ്റ് മേഖല 7.9 ശതമാനവും ഗതാഗത-സംഭരണ മേഖല 7.8 ശതമാനവും വളർച്ച നേടി. ഇത് യു.എ.ഇയിലെ പ്രധാന സാമ്പത്തിക പ്രവർത്തനങ്ങളിലുടനീളമുള്ള തുടർച്ചയായ മുന്നേറ്റത്തിന് തെളിവാണ്.
എണ്ണയിതര ജി.ഡി.പിയിലേക്കുള്ള സംഭാവനയുടെ കാര്യത്തിൽ, വ്യാപാര മേഖല 16.9 ശതമാനവുമായി ഏറ്റവും വലിയ പങ്ക് നിലനിർത്തി. തൊട്ടുപിന്നാലെ ധനകാര്യ-ഇൻഷുറൻസ് മേഖല 13.2 ശതമാനവും, നിർമാണ മേഖല 12.9 ശതമാനവും, ഉൽപാദന വ്യവസായങ്ങൾ 12.8 ശതമാനവും സംഭാവന നൽകി.
ആയിരത്തിൽ ഒരുപാട്..
ദുബൈ: ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ 'സ്റ്റാറ്റിസ്റ്റ'യുമായി സഹകരിച്ച് ടൈം മാഗസിൻ പുറത്തുവിട്ട പ്രഥമ 'ഗ്ലോബൽ ഗ്രോത്ത് ലീഡേഴ്സ് 2026' റാങ്കിംഗിൽ യു.എ.ഇ കമ്പനികൾക്ക് വൻ നേട്ടം. ലോകത്തിലെ ഏറ്റവും മികച്ച 1000 പൊതു കമ്പനികളുടെ പട്ടികയിൽ യു.എ.ഇയിൽ നിന്നുള്ള 27 കമ്പനികൾ ഇടംപിടിച്ചു. രാജ്യത്തെ ശക്തമായ സാമ്പത്തിക-നിക്ഷേപ അന്തരീക്ഷത്തിന്റെ തെളിവാണ് അന്താരാഷ്ട്ര തലത്തിലെ ഈ മിന്നുന്ന നേട്ടം.
ഏറ്റവും ഉയർന്ന വളർച്ചയുള്ളതും, സാമ്പത്തിക ഭദ്രതയുള്ളതും, ഓഹരി വിപണിയിൽ മികച്ച പ്രകടനം നടത്തുന്നതുമായ കമ്പനികളെ കണ്ടെത്തുന്നതിനാണ് ഈ റാങ്കിങ് ലക്ഷ്യമിടുന്നത്. യു.എ.ഇ കമ്പനികളിൽ ഇന്റർനാഷനൽ ഹോൾഡിങ് കമ്പനി (ഐ.എച്ച്.സി) ആഗോളതലത്തിൽ ആറാം സ്ഥാനം നേടി രാജ്യത്ത് ഒന്നാമതെത്തി. ദുബൈ ഇൻഷുറൻസ് ആഗോളതലത്തിൽ പത്താം സ്ഥാനത്താണ്.
പ്രമുഖ യു.എ. ഇ കമ്പനികളും അവരുടെ ആഗോള റാങ്കിങ്ങും
(കമ്പനിയുടെ പേര്, ആഗോള റാങ്കിങ് സ്ഥാനം എന്ന ക്രമത്തിൽ)
ഇന്റർനാഷനൽ ഹോൾഡിങ് കമ്പനി (6), ദുബൈ ഇൻഷുറൻസ് (10), എമിറേറ്റ്സ് സ്റ്റാലിയൻസ് (35), ടു പോയിന്റ് സീറോ (36), റാസ് അൽ ഖൈമ പ്രോപ്പർട്ടീസ് (67), എൻ.എം.ഡി.സി (71), അപെക്സ് ഇൻവെസ്റ്റ്‌മെന്റ് (98), മോദോൻ ഹോൾഡിങ് (117), ദയാർ ഡെവലപ്‌മെന്റ് (127), അബൂദബി ഷിപ്പ് ബിൽഡിങ് (213), എംസ്റ്റൽ (229), റെസ്‌പോൺസ് പ്ലസ് ഹോൾഡിങ്സ് (254), മഷ്‌റെക് ബാങ്ക് (316), ആൽഫ ദാബി (329), അമാനത്ത് ഹോൾഡിങ് (368), ഈസി ലേസ് (387), ഗദ്ദ ഹോൾഡിങ് (429), യൂനിയൻ പ്രോപ്പർട്ടീസ് (430), എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് (518), അബൂദബി നാഷനൽ ഇൻഷുറൻസ് (574), അബൂദബി പോർട്സ് (652), എമിറേറ്റ്സ് തകാഫുൽ (752), എമിറേറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (783), അവ്നെക്റ്റസ് (860), നാഷനൽ ലേക്ക് ഇൻഷുറൻസ് (881), സ്പേസ് 42 (953), ബാങ്ക് ഓഫ് ഷാർജ (962).
റാങ്കിങ്ങിന്‍റെ മാനദണ്ഡങ്ങൾ: സുസ്ഥിര വളർച്ച, സാമ്പത്തിക സ്ഥിരത, ഓഹരി വിപണിയിലെ പ്രകടനം എന്നീ തുല്യ പ്രാധാന്യമുള്ള മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തയാറാക്കിയത്.
മികച്ച വിദേശ നിക്ഷേപ കേന്ദ്രങ്ങളിൽ ദുബൈ
ദുബൈ: നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ദുബൈ ലോകത്തിന്‍റെ പ്രിയ ഇടമായി തുടരുന്നു. വിദേശ മൂലധനം ആകർഷിക്കുന്ന ആഗോള സമ്പദ്വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി കൺസൾട്ടൻസി സ്ഥാപനമായ 'കീർണി' പുറത്തുവിട്ട '2026 ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് കോൺഫിഡൻസ് ഇൻഡക്സിൽ ആദ്യ പത്തിൽ ദുബൈ സ്ഥാനം നിലനിർത്തി. ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും മികച്ച രാജ്യമായി യു.എ.ഇ തങ്ങളുടെ സ്ഥാനം നിലനിർത്തി.
റിപ്പോർട്ട് അനുസരിച്ച്, ഏറ്റവും ഉയർന്ന സാമ്പത്തിക ശുഭപ്രതീക്ഷ യു.എ.ഇ ആഗോള വിപണിയിൽ ഏറ്റവും ഉയർന്ന സ്ഥാനം അലങ്കരിക്കുന്നു. ഒന്നാമതുള്ള യു.എ.ഇയുടെ ‘നെറ്റ് ഒപ്റ്റിമിസം’ സ്കോർ 42 ആണ്. 41 സ്കോറുമായി ജപ്പാനാണ് രണ്ടാം സ്ഥാനത്ത്. 39 സ്കോർ വീതമുള്ള ജർമനിയും തായ്ലാൻഡും മൂന്നാം സ്ഥാനം പങ്കിടുന്നു.
ഭാവിയിലേക്ക് ഉദിച്ചുയരുന്ന വിപണികളുടെ ആഗോള റാങ്കിങ്ങിൽ യു.എ.ഇ രണ്ടാം സ്ഥാനത്തുണ്ട്. തുടർച്ചയായ മൂന്നാം വർഷമാണ് രാജ്യം ഈ ബഹുമതി നിലനിർത്തുന്നത്. ഒന്നാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയുമാണ്. ബ്രസീൽ നാലും മെക്സികോ അഞ്ചും സ്ഥാനത്തുണ്ട്.
2025-ൽ 5.5 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചത് ഉൾപ്പെടെയുള്ള കാരണങ്ങളാണ് യു.എ.ഇയുടെ മികച്ച പ്രകടനത്തിന് പിന്നിൽ. നിക്ഷേപകർക്കുള്ള നിയമപരമായ തടസ്സങ്ങൾ കുറയ്ക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളും രാജ്യത്തിന്റെ 'ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജി 2031'-നെ പിന്തുണയ്ക്കുന്നതിനായി ആരംഭിച്ച 10 ബില്യൺ ഡോളറിന്റെ ദേശീയ നിക്ഷേപ ഫണ്ടും അതിന് കരുത്തുപകർന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സുസ്ഥിരമായ നിയമനിർമാണ അന്തരീക്ഷവും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുന്ന പ്രധാന ഘടകങ്ങളായി റിപ്പോർട്ട് ൂണ്ടിക്കാട്ടുന്നു.
2026 ജനുവരിയിലാണ് സർവേ നടത്തിയത്. പ്രതിവർഷം 500 മില്യൺ ഡോളറിലധികം വരുമാനമുള്ള ആഗോള കമ്പനികളിലെ 507 മുതിർന്ന എക്സിക്യൂട്ടിവുകളാണ് സർവേയിൽ പങ്കെടുത്തത്. വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് ഒരു വർഷത്തിനുള്ളിൽ ആഗോള സമ്പദ്‌വ്യവസ്ഥ നേരിടാൻ പോകുന്ന വലിയ ഭീഷണിയെന്ന് നിക്ഷേപകർ വിലയിരുത്തുന്നു. വിലക്കയറ്റവും വികസിത രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയുമാണ് മറ്റ് വെല്ലുവിളികൾ എന്ന് കീർണിയുടെ റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.