അജ്മാന്: കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത അജ്മാൻ സർക്കാർ വകുപ്പ് ജീവനക്കാർക്ക് ശമ്പളം വെട്ടിക്കുറക്കലും മറ്റ് പിഴകളും നേരിടേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 10 ദിവസം വരെയുള്ള ശമ്പളം വെട്ടിക്കുറക്കുന്നതടക്കമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. മാസ്ക് ധരിക്കാതിരിക്കൽ, സഹപ്രവർത്തകരുമായി ഹസ്തദാനം ചെയ്യൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ, കൂട്ടം ചേരൽ ഉൾപ്പെടെയുള്ളവ നിയമലംഘനത്തില്‍ ഉൾപ്പെടും. അജ്മാന് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് സർക്കാർ സ്ഥാപനങ്ങൾക്കുള്ള പുതുക്കിയ സർക്കുലറിൽ കോവിഡ് സംബന്ധമായ എട്ട് സുരക്ഷാലംഘനങ്ങളും അവയുടെ പിഴകളും വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം നിയമം ലംഘിക്കുമ്പോൾ രേഖാമൂലം മുന്നറിയിപ്പ് നൽകും. ആവർത്തിച്ചുള്ള ലംഘനം ഒരുദിവസത്തെ ശമ്പളം വെട്ടിക്കുറക്കും. വീണ്ടും ആവര്‍ത്തിക്കുന്നതായി കണ്ടാല്‍ ജീവനക്കാരന് മൂന്ന് ദിവസത്തെ അടിസ്ഥാനശമ്പളം നഷ്ടമാകും.
കോവിഡ് പോസിറ്റിവായോ രോഗലക്ഷണങ്ങളോട് കൂടിയോ ഓഫിസില്‍ ഹാജരായാല്‍ മൂന്ന് ദിവസത്തെ അടിസ്ഥാനശമ്പളം കുറക്കും. ആവർത്തിച്ചുള്ള ലംഘനം ജീവനക്കാരന് അഞ്ച് ദിവസത്തെ അടിസ്ഥാനശമ്പളം നൽകേണ്ടിവരും. വീണ്ടും ആവർത്തിച്ചാൽ 10 ദിവസത്തെ അടിസ്ഥാനശമ്പളം നഷ്ടപ്പെടും. കോവിഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്ന സൂപ്പർവൈസർ അല്ലെങ്കിൽ മാനേജർ എന്നിവര്‍ക്കും ഇതേ ഗണത്തില്‍ ശമ്പളം വെട്ടിക്കുറക്കലിന് വിധേയമാകേണ്ടിവരും. രോഗികളോട് അടുത്തിടപഴകുന്നവർക്കുള്ള ക്വാറന്റീൻ കാലാവധി ഏഴു ദിവസമാണെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. രോഗികളോട് അടുത്തിടപഴകിയ ജീവനക്കാരന് ഓണ്‍ ലൈന്‍ വഴി ജോലിചെയ്യാന്‍ കഴിയുമെങ്കില്‍ അതനുവദിക്കും. ഇതേ വ്യക്തി വീണ്ടും അടുത്ത സമ്പർക്കം പുലർത്തുകയാണെങ്കിൽ ക്വാറന്റീൻ കാലയളവ് ജീവനക്കാരന്റെ വാർഷിക അവധിയിൽനിന്ന് കുറക്കും. ബന്ധപ്പെട്ട ജീവനക്കാരന് കൂടുതൽ ലീവ് ബാലൻസ് ഇല്ലെങ്കിൽ അത് ശമ്പളമില്ലാത്ത അവധിയായി കണക്കാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.