പ്രതീകാത്മക ചിത്രം
അബൂദബി: അബൂദബിയിലെ സൂപ്പർമാർക്കറ്റുകളിൽ കാഷ് കൗണ്ടറുകൾക്ക് സമീപം ആരോഗ്യകരമല്ലാത്ത ഭക്ഷ്യവസ്തുക്കൾ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കാൻ നിർദേശം. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണങ്ങളും പാനീയങ്ങളും വാങ്ങുന്നതിനായി ഉപഭോക്താക്കളെ പ്രലോഭിപ്പിക്കുന്നത് തടയാനാണ് തീരുമാനം. സൂപ്പർമാർക്കറ്റുകളിലെ സാധനങ്ങൾ വാങ്ങി ബില്ലടക്കാൻ നിൽക്കുന്ന ലൈനുകളിലും പ്രവേശന കവാടങ്ങൾക്ക് അടുത്തും ഇനി ചോക്ലേറ്റുകളും കാർബണേറ്റഡ് പാനീയങ്ങളും പ്രദർശിപ്പിക്കാനാവില്ല. ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ എത്തുന്ന 'ഹൈ ട്രാഫിക് സോണുകളിൽ' നിന്ന് അനാരോഗ്യകരമായ ഭക്ഷണപദാർഥങ്ങളും മധുരപലഹാരങ്ങളും നീക്കം ചെയ്യാനാണ് നിർദേശം. അബൂദബി ഹെൽത്തി ലിവിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് തീരുമാനം.
പ്രവേശന കവാടങ്ങൾ, വരികളുടെ അറ്റങ്ങൾ, ബില്ലിങ് കൗണ്ടറുകൾ എന്നിവയാണ് പ്രധാനമായും ‘ടെംപ്റ്റേഷൻ സോണുകൾ’ എന്നറിയപ്പെടുന്നത്. ആളുകൾ സാധനങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന സമയത്ത് പെട്ടെന്നുള്ള തോന്നലിൽ അനാവശ്യമായി ജങ്ക് ഫുഡുകൾ വാങ്ങിപ്പോകുന്ന രീതി തടയാനാണ് ഈ തീരുമാനം. പല മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലകളും സ്ഥാപനങ്ങളിൽ ഈ മാറ്റങ്ങൾ നടപ്പാക്കിത്തുടങ്ങി.
നേരത്തെ കൗണ്ടറുകളിലും പ്രവേശന കവാടങ്ങളിലും വെച്ചിരുന്ന മിഠായികൾ, ചോക്ലേറ്റുകൾ, ചിപ്സുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവക്ക് പകരം ആരോഗ്യപ്രദമായ ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങിയത് ഉപഭോക്താക്കൾക്കിടയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ക്യൂവിൽ നിൽക്കുമ്പോൾ കുട്ടികൾക്കായി അനാവശ്യമായി മധുരപലഹാരങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ സാധിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. സൂപ്പർമാർക്കറ്റുകളിൽ പ്രവേശിക്കുമ്പോൾ തന്നെ ഹെൽത്തി ഫുഡുകൾ കാണുന്നത് കൂടുതൽ നല്ല ഭക്ഷണരീതികൾ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതായി ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.
ഇതിനോടൊപ്പം പോഷകഗുണമുള്ള ഉൽപന്നങ്ങളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പുതിയ ലേബൽ സംവിധാനവും നടപ്പിലാക്കുന്നുണ്ട്. 'ന്യൂട്രി-മാർക്ക്' എന്ന പുതിയ ഗ്രേഡിങ് സിസ്റ്റത്തിലൂടെ ഏറ്റവും ഉയർന്ന പോഷകഗുണമുള്ള ഉൽപന്നങ്ങൾക്ക് ‘എ’ മുതൽ ഏറ്റവും കുറഞ്ഞ പോഷകഗുണമുള്ളവക്ക് ‘ഇ’ വരെ റേറ്റിങ് നൽകും. ലേബലുകൾ ഇല്ലാത്ത ഉൽപന്നങ്ങളുടെ ഗുണനിലവാരം അബൂദബിയുടെ ഔദ്യോഗിക 'താം' ആപ്പിലൂടെയും അറിയാനും സംവിധാനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.