ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പ്രവാസി സമൂഹവുമായി സംവദിക്കുന്നു
ഷാർജ: യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനകേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന ഉറപ്പാക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാർക്ക് പാസ്പോർട്ട് സേവനകേന്ദ്രങ്ങളിൽ മുൻകൂർ അപ്പോയിന്‍റ്മെന്റ് എടുക്കാതെ ഇനി നേരിട്ട് എത്താമെന്ന് അംബാസഡർ ദീപക് മിത്തൽ പറഞ്ഞു.
ഭിന്നശേഷിക്കാരെ ക്യൂവിൽ നിർത്താതെ മുൻഗണനാടിസ്ഥാനത്തിൽ സേവനം ഉറപ്പാക്കും. 60 പിന്നിട്ട മുതിർന്ന പൗരൻമാർക്കും സേവനങ്ങളിൽ മുൻഗണന ഉറപ്പാക്കിയിട്ടുണ്ട്. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ആരംഭിച്ച അൽഹിന്ദ് സേവനകേന്ദ്രം അംബാസഡർ സന്ദർശിച്ചു. ഇന്ററാക്ടീവ് സെഷനിൽ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു.
വിവിധ സംഘടനാ നേതാക്കളായ പുത്തൂർ റഹ്മാൻ, രാജീവ് പിള്ള, മാത്തുക്കുട്ടി, അഡ്വ വൈ.എ. റഹീം, വാഹിദ് നാട്ടിക, അജയ്, ഫർസാന, വിനോദ് മുള്ളേരി, അഡ്വ അജി കുര്യാക്കോസ് തുടങ്ങിയവർ അംബാസറുമായി സംവദിച്ചു. വടക്കൻ എമിറേറ്റുകളിലെ വിവിധ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ, അജ്മാൻ, ഫുജൈറ, കോർഫക്കാൻ, കൽബ എന്നിവിടങ്ങളിലെ ഇന്ത്യൻ സോഷ്യൽ സെന്റർ ഭാരവാഹികൾ, ഇന്ത്യൻ കോൺസുലേറ്റിലെ സാംസ്കാരിക വിഭാഗം കോൺസൽ ജോയ്ദീപ് മൊഹന്തോ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ദുബൈ: യു.എ.ഇയിൽ പാസ്‌പോർട്ട്, കോൺസുലാർ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുമ്പോൾ അപേക്ഷകർ സ്വന്തം ഇമെയിൽ ഐ.ഡിയും ഫോൺ നമ്പറും തന്നെ നൽകണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. തെറ്റായ വിവരങ്ങൾ നൽകുന്നത് അപേക്ഷകൾ വൈകുന്നതിനോ പൂർണമായി നിരസിക്കപ്പെടുന്നതിനോ കാരണമാകും. യു.എ.ഇയിലെ ഇന്ത്യൻ മിഷന്റെ പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾ അടുത്തിടെ ഏറ്റെടുത്ത പുതിയ ‘ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ’ (ഐ.സി.എ.സി) ആണ് ഔദ്യോഗിക പോർട്ടൽ വഴി ഈ സുപ്രധാന ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
അപ്പോയിന്റ്‌മെന്റ് ബുക്കിങ് സമയത്ത് നൽകുന്ന ഇമെയിൽ ഐ.ഡിയും കോൺടാക്റ്റ് നമ്പറും അപേക്ഷകന്‍റെ സ്വന്തമാണെന്ന് ഉറപ്പാക്കണമെന്ന് ഐ.സി.എ.സി അറിയിച്ചു. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഈ വിവരങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തും. അപ്പോയിന്റ്‌മെന്റ് വിവരങ്ങളിലും സമർപ്പിക്കുന്ന രേഖകളിലും വ്യക്തതയില്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടാം. അതിനാൽ, വിവരങ്ങൾ സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ എല്ലാം കൃത്യമാണെന്ന് ഒന്നുകൂടി പരിശോധിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
ബന്ധുക്കൾക്ക് വേണ്ടിയാണ് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതെങ്കിൽ, അപേക്ഷ സമർപ്പിക്കുന്ന സമയത്ത് കുടുംബബന്ധം തെളിയിക്കുന്ന സാധുവായ രേഖകൾ കൈയിൽ കരുതണം. ബുക്കിങ് വേളയിൽ നൽകിയ വിവരങ്ങൾ കൃത്യവും പൂർണവുമാണെന്ന് ഉറപ്പാക്കണം. അപ്പോയിന്റ്‌മെന്റ് എടുക്കുമ്പോൾ നൽകുന്ന ചെറിയ തെറ്റുകൾ പോലും സേവനം ലഭിക്കുന്നതിന് തടസ്സമാകുമെന്നതിനാലാണ് ഈ മുൻകരുതൽ നിർദേശങ്ങൾ.
ജൂലൈ 22 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സംവിധാനമനുസരിച്ച് 'അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസി'നാണ് ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ (അറ്റസ്റ്റേഷൻ) സേവനങ്ങളുടെ താൽക്കാലിക ചുമതല. ഇതിനായി യു.എ.ഇയിലുടനീളം 16 സേവന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. consularsevainuae.com എന്ന വെബ്‌സൈറ്റ് വഴി അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാം. ദിവസവും രാവിലെ ഒമ്പതു മണിക്കും രാത്രി ഒമ്പതു മണിക്കുമാണ് പുതിയ സ്ലോട്ടുകൾ ലഭ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.