'കോസ്മോസ്' കമ്യൂണിറ്റി സപ്പോർട്ട് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാമിൽനിന്ന്​

കാൻസർ ബാധിതർക്ക് ആശ്വാസമേകാൻ ആസ്റ്റർ വോളണ്ടിയേഴ്സിന്റെ ‘കോസ്മോസ്’ നെറ്റ്‌വർക്ക് വിപുലീകരിച്ചു

ദുബൈ: കാൻസർ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും ആവശ്യമായ വൈകാരികവും മാനസികവുമായ പിന്തുണ ഉറപ്പാക്കുന്നതിനായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ജീവകാരുണ്യ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സ്, 'കോസ്മോസ്' കമ്യൂണിറ്റി സപ്പോർട്ട് ശൃംഖല യു.എ.ഇയിൽ വിപുലീകരിച്ചു. ഇതിന്റെ ഭാഗമായി ദുബൈ ഇന്റർനാഷനൽ അക്കാദമിക് സിറ്റിയിലെ അമിറ്റി യൂനിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ആദ്യത്തെ ഓറിയന്റേഷൻ പ്രോഗ്രാമിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാൻസർ അതിജീവിതരും, സന്നദ്ധപ്രവർത്തകരും, ആരോഗ്യപരിപാലന വിദഗ്ധരും ഉൾപ്പെടെ 400ലധികം ആളുകൾ പങ്കെടുത്തു.

കാൻസർ ബാധിതരായ വ്യക്തികൾക്ക് കൃത്യമായ പിന്തുണയും സാന്ത്വനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം പ്രവർത്തിക്കുന്നത്. ‘സർക്കിൾ ഓഫ് സ്ട്രെങ്ത്, മാസ്റ്റർ ഓഫ് സെൽഫ്’ എന്ന സന്ദേശത്തിലൂന്നിയ പ്രോഗ്രാമിൽ, രോഗത്തെ അതിജീവിച്ച 12 പേർ തങ്ങളുടെ അനുഭവങ്ങളും പ്രതിരോധ കഥകളും പങ്കുവെച്ച ‘വാക്ക് ഓഫ് കറേജ്’ പ്രധാന ആകർഷണമായി.

കാൻസർ രോഗ നിർണയം മുതൽ അതിജീവനവും മാനസികാരോഗ്യവും വരെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രമുഖ മെഡിക്കൽ വിദഗ്ധർ പങ്കെടുത്ത പാനൽ ചർച്ചയും പരിപാടിയുടെ ഭാഗമായി നടന്നു. ചികിത്സക്കപ്പുറം, രോഗികളുടെയും കുടുംബങ്ങളുടെയും വൈകാരികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു.

കാൻസർ അതിജീവിതയും ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് പ്രൊജക്ട് ഓണറുമായ സാറാ ഇല്യാസിന്റെ നേതൃത്വത്തിലാണ് വിപുലീകരിച്ച പുതിയ ഉപദേശക സംഘവും കമ്യൂണിറ്റി കമ്മിറ്റിയും പ്രവർത്തിക്കുന്നത്. 400ലധികം രജിസ്റ്റർ ചെയ്ത സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തോടെ സർവൈവർ ബഡ്ഡി പ്രോഗ്രാമുകൾ, കൗൺസിലിങ്, വർക്ക്ഷോപ്പുകൾ എന്നിവ കോസ്മോസ് സംഘടിപ്പിക്കും. രോഗനിർണയത്തിന് ശേഷം ‘ആരും ഒറ്റപ്പെടരുത്’ എന്ന തത്വത്തിൽ ഊന്നി, യു.എ.ഇയിലും മറ്റ് രാജ്യങ്ങളിലും ഈ പിന്തുണാ സംവിധാനം കൂടുതൽ വിപുലീകരിക്കാനാണ് ആസ്റ്റർ വോളണ്ടിയേഴ്സ് ലക്ഷ്യമിടുന്നത്.

Tags:    
News Summary - Aster Volunteers Cosmos network expanded to provide relief to cancer patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.