ദുബൈ: മികച്ച പ്രവർത്തനരീതികളും ഭരണ മാനദണ്ഡങ്ങളും കൃത്യമായി നടപ്പിലാക്കിയതിന് ദുബൈ മുനിസിപ്പാലിറ്റിയെ അന്താരാഷ്ട്ര സംഘടനയായ ‘ഒഫീഷ്യൽ വേൾഡ് റെക്കോർഡ്’ (ഒ.ഡബ്ല്യു.ആർ) ആഗോള അംഗീകാരം നൽകി ആദരിച്ചു. അന്താരാഷ്ട്ര വിദഗ്ധരും ഓഡിറ്റർമാരും അടങ്ങുന്ന സംഘം ദുബൈ മുനിസിപ്പാലിറ്റിയുടെ സേവനങ്ങളെയും ഭരണസംവിധാനങ്ങളെയും കുറിച്ച് നടത്തിയ സമഗ്രമായ പരിശോധനകൾക്ക് ശേഷമാണ് ലോക റെക്കോർഡ് പുരസ്കാരം പ്രഖ്യാപിച്ചത്. സ്ഥാപനപരമായ മികവിലും നവീകരണത്തിലും ലോകത്തിന് തന്നെ മാതൃകയായി മാറാൻ ഇതിലൂടെ ദുബൈ മുനിസിപ്പാലിറ്റിക്ക് സാധിച്ചു.
ഭരണനിർവഹണം, ഗുണനിലവാരം, ബിസിനസ് തുടർച്ച, ഡിജിറ്റൽ പരിവർത്തനം, നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം, നിർമിത ബുദ്ധിയുടെ (എ.ഐ) ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനം എന്നിവയിലെല്ലാം പുലർത്തുന്ന ഉയർന്ന അന്താരാഷ്ട്ര നിലവാരമാണ് മുനിസിപ്പാലിറ്റിയെ ഈ നേട്ടത്തിന് അർഹമാക്കിയത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ സേവനങ്ങൾ വേഗത്തിലാക്കാനും നടപടിക്രമങ്ങൾ ലളിതമാക്കാനും സഹായിച്ചിട്ടുണ്ട്. സ്മാർട്ട് ഡിജിറ്റൽ സംവിധാനങ്ങളുടെയും എ.ഐ സാങ്കേതികവിദ്യകളുടെയും വിപുലമായ ഉപയോഗം ഉപഭോക്താക്കൾക്ക് കൂടുതൽ ആയാസരഹിതവും കാര്യക്ഷമവുമായ സേവനം ഉറപ്പുനൽകുന്നു. ഇത് ഭരണനിർവഹണത്തിൽ ആഗോളതലത്തിൽ മുൻപന്തിയിലെത്താനുള്ള ദുബൈയുടെ ശ്രമങ്ങൾക്ക് വലിയ കരുത്തുപകർന്നിട്ടുണ്ട്.
ദുബൈ ഭരണാധികാരികൾ വെച്ചുപുലർത്തുന്ന മികച്ച കാഴ്ചപ്പാടുകളുടെയും ജീവനക്കാരുടെ നിരന്തര പരിശ്രമത്തിന്റെയും ഫലമാണ് ആഗോള അംഗീകാരമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഗലീത്ത പറഞ്ഞു. ദുബൈയെ ജീവിക്കാനും ജോലിയെടുക്കാനും ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കാൻ ഈ നേട്ടം പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.