ദുബൈ: പശ്ചിമേഷ്യൻ മേഖലയിൽ ജിയോ-പൊളിറ്റിക്കൽ സംഘർഷം രൂക്ഷമാവുമ്പോഴും സുരക്ഷിത രാജ്യങ്ങളിൽ യു.എ.ഇ മുൻപന്തിയിൽ തുടരുന്നതിനാൽ വരുംനാളുകളിലും കൂടുതൽ സമ്പന്നരെ ആകർഷിക്കുമെന്ന് റിപ്പോർട്ട്. ഇന്റർനാഷനൽ മൈഗ്രേഷൻ കൺസൽട്ടൻസ് ആൻഡ് വെൽത്ത് മാനേജേഴ്സാണ് രാജ്യത്തിന് ആശാവഹമായ റിപ്പോർട്ട് പുറത്തുവിട്ടത്.
മേഖലയിലും ആഗോള തലത്തിലും ജിയോപൊളിറ്റിക്കൽ സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും മികച്ച അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാബോധം, നിയമവാഴ്ച, ജീവിത നിലവാരം, കുറഞ്ഞ നികുതി എന്നിവയുടെ ശക്തമായ പിൻബലമാണ് യു.എ.ഇയിലേക്ക് കൂടുതൽ സമ്പന്നർ കുടിയേറാനുള്ള കാരണമെന്ന് കുടിയേറ്റ നിക്ഷേപരംഗത്തെ മുൻനിര സ്ഥാപനമായ ആർട്ടൻ ക്യാപിറ്റൽ സി.ഇ.ഒ അർമാന്ദ് ആർട്ടൻ പറഞ്ഞു. ഖലീജ് ടൈംസുമായുള്ള ഇന്റർവ്യൂവിലാണ് അദ്ദേഹം സുപ്രധാനമായ ഈ വിലയിരുത്തൽ നടത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഉണ്ടായതിനേക്കാൾ കൂടുതൽ സമ്പന്നർ യു.എ.ഇയിലേക്ക് ആകർഷിക്കപ്പെടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധമാണ് അവസാനമായ യു.എ.ഇയിലേക്ക് വലിയ അളവിൽ സമ്പത്ത് എത്തിച്ചത്. അതിനുശേഷം യു.കെയിലെ നികുതി വ്യവസ്ഥയും യൂറോപ്പിലെ രാഷ്ട്രീയ സംഭവവികാസങ്ങളും യു.എ.ഇയിലേക്ക് കൂടുതൽ സമ്പന്നരെ ആകർഷിക്കാൻ സഹായകമായി. മൂന്നാമത്തെ തരംഗമുണ്ടായത് യു.എസിൽ ട്രംപ് പ്രസിഡന്റായപ്പോഴാണ്. നിരവധി ഡെമോക്രാറ്റുകളും മറ്റുമാണ് ആ സമയം യു.എ.ഇയിലേക്ക് ചേക്കേറിയത്. ഈ രാജ്യങ്ങളിൽനിന്നെല്ലാം ഉയർന്ന വ്യക്തിത്വമുള്ള ആളുകൾ യു.എ.ഇയിലേക്ക് കടന്നുവരുകയും ഗോൾഡൻ വിസ ആവശ്യപ്പെടുകയും ചെയ്തത് ശ്രദ്ധേയമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ റാങ്കിങ്ങിൽ അബൂദബിയും ദുബൈയും തുടർച്ചയായി സ്ഥാനം പിടിക്കുകയാണ്. കോവിഡാനന്തര കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള സമ്പന്നരെ ആകർഷിക്കുന്ന രാജ്യമായി യു.എ.ഇ മാറിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ ബുധനാഴ്ച യു.ബി.എസ് വെൽത്ത് റിപ്പോർട്ടിൽ പറയുന്നത് കഴിഞ്ഞ വർഷം യു.എ.ഇയിലെത്തിയത് 13,000 ലക്ഷാധിപതികളാണെന്നാണ്. 5.8 ശതമാനമാണ് വർധന. നിലവിൽ രാജ്യത്തെ ലക്ഷാധിപതികളുടെ എണ്ണം 2.4 ലക്ഷമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.