യു.എ.ഇയിലെ ആദ്യത്തെ മെഥനോള്‍ ഉൽപാദനകേന്ദ്രം അബൂദബിയിൽ

അബൂദബി: യു.എ.ഇയിലെ ആദ്യത്തെ മെഥനോള്‍ ഉല്‍പാദനകേന്ദ്രം സ്ഥാപിക്കുന്നതിനായി അബൂദബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ആഗോള മെഥനോള്‍ ഉൽപാദകരായ പ്രോമനുമായി കരാര്‍ ഒപ്പിട്ടു. റുവൈസിലെ തഅസിസ് ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് സോണിലാണ് മെഥനോള്‍ ഉല്‍പാദനകേന്ദ്രം സ്ഥാപിക്കുന്നത്. മെഥനോളിനുവേണ്ടിയുള്ള ആഗോള ഡിമാൻഡ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പ്രകൃതിവാതകത്തില്‍നിന്ന് പ്രതിവര്‍ഷം 1.8 ദശലക്ഷം ടണ്‍ മെഥനോള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള കേന്ദ്രമാവും അബൂദബി കെമിക്കല്‍സ് ഡെറിവേറ്റിവ്‌സ് കമ്പനി (തഅസിസ്) സ്ഥാപിക്കുക. പദ്ധതിക്കുവേണ്ടി അഡ്‌നോക്, അബൂദബി ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് ഹോള്‍ഡിങ് കമ്പനി എ.ഡി.ക്യൂ, പ്രോമാന്‍ എന്നിവര്‍ കൈകോര്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മെഥനോള്‍ ഉൽപാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് പ്രോമനുള്ളത്. കെമിക്കല്‍ വ്യവസായമേഖലയിലെ പ്രധാന ഉല്‍പന്നമാണ് മെഥനോള്‍. ഫോര്‍മല്‍ ഡിഹൈഡ്, അസറ്റിക് ആസിഡ്, പ്ലാസ്റ്റിക് തുടങ്ങിയവ ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് മെഥനോള്‍. ഒരുപതിറ്റാണ്ടിനിടെ മെഥനോള്‍ ഉൽപാദനം ഇരട്ടിയായി വര്‍ധിച്ചതായി അന്താരാഷ്ട്ര പുനരുപയോഗ ഊര്‍ജ ഏജന്‍സിയുടെ 2021ലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിലവില്‍ 98 ലക്ഷം ടണ്‍ മെഥനോള്‍ ഉല്‍പാദനമെന്നത് 2050ഓടെ 500 ദശലക്ഷമായി ഉയരുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ മുതലായ വളരെ കുറച്ചുമാത്രം പുറന്തള്ളുന്ന വാതകമായാണ് മെഥനോളിനെ കണക്കാക്കുന്നത്. ശുദ്ധമായ ഇന്ധനമാണ് മെഥനോള്‍ എന്നതിനാല്‍ ആഗോളതാല്‍പര്യം വര്‍ധിച്ചുവരുകയാണെന്നും വരും ദശകത്തില്‍ ഇത് ആഗോളതലത്തില്‍ കൂടുതല്‍ വര്‍ധിക്കുമെന്നും പ്രോമന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഡേവിഡ് കസിഡി പറയുന്നു. മെഥനോള്‍ ഉല്‍പാദനം യു.എ.ഇയില്‍ ആരംഭിക്കുന്നത് മെഥനോള്‍ ഇറക്കുമതിയെ രാജ്യം ആശ്രയിക്കുന്നത് കുറക്കാൻ സഹായിക്കും. ആഭ്യന്തരവിപണിയില്‍ വിതരണം വര്‍ധിപ്പിക്കാനും ഇതു സഹായിക്കും. 

Tags:    
News Summary - The first methanol production facility in the UAE is in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.