ദുബൈ: ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ ദീപാവലി ആഘോഷമായി വിലയിരുത്തപ്പെടുന്ന പരിപാടിക്ക് ദുബൈ സഅബീൽ പാർക്ക് വേദിയാകുന്നു. ഒക്ടോബർ 26 ഞായറാഴ്ച കറാമ സബീൽ പാർക്കിൽ 60,000ത്തിലധികം ആളുകൾ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. യു.എ.ഇ ഗവൺമെന്റ് മീഡിയ ഓഫിസിന്റെ പിന്തുണയോടെ ‘എമിറേറ്റ്സ് ലവ്സ് ഇന്ത്യ’യാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
ഇന്ത്യൻ സംസ്കാരം, സംഗീതം, വിഭവങ്ങൾ എന്നിവയുടെ വർണാഭമായ പരിപാടി യു.എ.ഇയും ഇന്ത്യയും തമ്മിലെ ആഴത്തിലുള്ള ചരിത്രബന്ധം പ്രദർശിപ്പിക്കുന്നതായിരിക്കും. യു.എ.ഇയുടെ വിവിധ മേഖലകളിൽ ഇന്ത്യൻ പ്രവാസി സമൂഹം നൽകിയ സംഭാവനകളും പരിപാടിയിലൂടെ എടുത്തുകാണിക്കും.
വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅ്ബി മുഖ്യാതിഥിയാകും. നയതന്ത്രജ്ഞരും വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ദുബൈ പൊലീസും ആഘോഷങ്ങളിൽ പങ്കുചേരും. സബീൽ പാർക്കിലെ ഗേറ്റുകൾ ഒന്ന്, രണ്ട് എന്നിവയിലൂടെ മാത്രമാണ് പ്രവേശനം. തിരക്ക് നിയന്ത്രിക്കാൻ ഉച്ചക്ക് രണ്ടിന് ഗേറ്റുകൾ തുറക്കും.
പ്രശസ്ത ഇന്ത്യൻ കലാകാരന്മാരായ നേഹ കക്കർ, മിക സിങ്, നീരജ് മാധവ്, സാരംഗി താരം നബീൽ ഖാൻ എന്നിവർ അണിനിരക്കുന്ന വിനോദ വിരുന്നാണ് പരിപാടിയുടെ പ്രധാന ആകർഷണം. 30 ഫുഡ് സ്റ്റാളുകൾ, ഇന്ത്യൻ കരകൗശല വസ്തുക്കളും മറ്റു പൈതൃക ഘടകങ്ങളും വിളിച്ചോതുന്ന എട്ട് സാംസ്കാരിക സ്റ്റാളുകൾ, പരമ്പരാഗത നൃത്തങ്ങൾ, നാടൻ കലാരൂപങ്ങൾ, സംഗീത പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.