15ാമത്​ ഷാർജ പ്രകാശോത്സവത്തിന്‍റെ ഉദ്​ഘാടന ചടങ്ങിൽ അരങ്ങേറിയ ലൈറ്റ്​ ഷോ

15ാമത്​ ഷാർജ പ്രകാശോത്സവത്തിന്​ തുടക്കം

ഷാർജ: എമിറേറ്റിലെ വിവിധ സുപ്രധാന കേന്ദ്രങ്ങൾ വർണവെളിച്ചങ്ങളാൽ നിറയുന്ന പ്രകാശോത്സവത്തിന്​ ഷാർജയിൽ തുടക്കമായി. ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ 15ാമത് പതിപ്പിന്​ ഷാർജ ഉപഭരണാധികാരി ശൈഖ്​ സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ തുടക്കമായി.

‘റിഫ്ലക്ഷൻസ് ഓഫ് ബിലോങ്ങിങ്​’ എന്ന പ്രമേയത്തിൽ ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഫെബ്രുവരി മൂന്നുമുതൽ 15 വരെ യൂനിവേഴ്സിറ്റി സിറ്റിയിലെ ഡോ. സുൽത്താൻ അൽ ഖാസിമി സെന്ററിലാണ് നടക്കുന്നത്. അതോടൊപ്പം എമിറേറ്റിലെ മറ്റു 12 സ്ഥലങ്ങളിലും ലൈറ്റ്​ ഷോകൾക്ക്​ വേദിയാകും. അൽ മജാസ് വാട്ടർഫ്രണ്ട്, അൽജാദ, ഷാർജ മോസ്ക്, കൽബ വാട്ടർഫ്രണ്ട്, ഖോർഫക്കാൻ വെള്ളച്ചാട്ടം, അൽ ദൈദ് കോട്ട, കൽബയിലെ ഹാങ്ങിങ്​ ഗാർഡൻസ്, അൽ തയ്യാരി മോസ്ക്, ജനറൽ സൂഖ് - അൽ ഹംരിയ, അൽ റാഫിസ ഡാം, ഹൗസ് ഓഫ് വിസ്ഡം, ഷാർജ ഫോർട്ട് എന്നിവിടങ്ങളിലാണ്​ ഷോ അരങ്ങേറുക.

ഷാർജയുടെ ആർക്കിടെക്ചറൽ സൗന്ദര്യവും സാംസ്കാരിക പ്രത്യേകതകളും പ്രകാശകലയിലൂടെ അവതരിപ്പിക്കുന്ന ഫെസ്റ്റിവൽ സുസ്ഥിര ടൂറിസം വികസനത്തിന്റെ ഭാഗമാണെന്ന്​ അതോറിറ്റി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ പറഞ്ഞു.

ഇത്തവണ ‘ലൈറ്റ് വില്ലേജി’ൽ 75ലധികം ദേശീയ സംരംഭങ്ങൾ പങ്കാളികളാകുന്നുണ്ടെന്നും, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഇതുവഴി ഫെസ്റ്റിവൽ വലിയ പിന്തുണയാണ്​ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്​ഘാടനത്തോട്​ അനുബന്ധിച്ച്​ ‘എ ജേർണി ഓഫ് ടൈം, എ ലെഗസി ഓഫ് ബിലോങ്ങിങ്​’ എന്ന പേരിൽ ഉദ്ഘാടന ലൈറ്റ് ഷോയും അരങ്ങേറി. അറിവിന്റെയും സംസ്കാരത്തിന്റെയും നഗരമായി മാറിയ ഷാർജയുടെ യാത്രയാണ് ഈ സിനിമാറ്റിക് ഷോയിൽ അവതരിപ്പിച്ചത്.

Tags:    
News Summary - The 15th Sharjah Festival of Lights begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.