മിലനും കുടുംബവും ബുർജ്​ ഖലീഫക്ക്​ മുമ്പിൽ

‘താങ്ക്​ യു ശൈഖ്​ ഹംദാൻ’; ദുബൈയിലലിഞ്ഞ്​ മിലൻ

ദുബൈ: ‘എനിക്ക്​ ദുബൈയിൽ പോകണം, ദുബൈ ഒരു പ്ലാനറ്റാണ്​’ - വളരെ വൈകാരികമായി അമ്മയോട്​ കരഞ്ഞുപറയുന്ന കുഞ്ഞുമിലന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായത്​ മൂന്നാഴ്ചകൾക്കു മുമ്പാണ്​. ആ വീഡിയോ കണ്ട ലക്ഷക്കണക്കിനാളുകളിൽ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമും ഉൾപ്പെട്ടിരുന്നു. കെനിയയിൽനിന്നുള്ള കൊച്ചുബാലന്​ താമസംവിനാ തന്‍റെ സ്വപ്​ന സാക്ഷാത്​കാരത്തിന് അതോടെ ​അവസരമൊരുങ്ങുകയായിരുന്നു.

വെള്ളിയാഴ്ച മിലനും സഹോദരൻ ക്രിസ്റ്റഫറും മാതാപിതാക്കൾക്കൊപ്പം ആഹ്ലാദപൂർവം ദുബൈയുടെ മനോഹര കാഴ്ചകൾ ആസ്വദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ശൈഖ്​ ഹംദാൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ‘ദു​ബൈയുടെ കൊച്ചുകൂട്ടുകാരായ, കെനിയയിൽ നിന്നുള്ള മിലന്‍റെയും ക്രിസ്റ്റഫറിന്‍റെയും ആഹ്ലാദത്തിന്​ സാക്ഷിയായത്​ മഹത്തരമായി തോന്നുന്നു. ദുബൈ സന്ദർശനം നിങ്ങൾ ആസ്വദിച്ചുവെന്ന്​ ഞാൻ പ്രത്യാശിക്കുന്നു. സവിശേഷമായ കാഴ്ചകളും ശ്രദ്ധേയമായ ഇടങ്ങളും ആസ്വദിച്ചുള്ള ഈ യാത്രയിലെ മനോഹരമായ ഓർമകൾ നിങ്ങൾ കൂടെ കൊണ്ടുപോകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു’ -ശൈഖ്​ ഹംദാൻ ‘എക്സി’ൽ കുറിച്ചു. ദുബൈയിൽ പോകണമെന്ന്​ വാശിപിടിച്ചുകരയുന്ന മകനോട്​ ‘ഞാൻ കൂടുതൽ അധ്വാനിച്ച്​ കാശുണ്ടാക്കി ഒരിക്കൽ നിന്നെ കൊണ്ടുപോകാം’ എന്ന്​ മാതാവ്​ മരിയ ന്യാംബാനെ പറയുന്നതായിരുന്നു വൈറലായ വിഡിയോയിൽ ഉണ്ടായിരുന്നത്​. ‘എത്രയും പെട്ടെന്ന്​ നിങ്ങളെ ദുബൈയിൽ കാണാൻ കഴിഞ്ഞാൽ അ​തേറെ സന്തോഷമാകും’ എന്ന്​ ആ വിഡിയോയോട്​ ശൈഖ്​ ഹംദാൻ പ്രതികരിച്ചിരുന്നു.

ഗ്രീൻ പ്ലാനറ്റിലെ പൂമ്പാറ്റയോടൊത്ത്​ സല്ലപിച്ചും സ്​കൈ ദുബൈയിലെ പെൻഗ്വിനൊപ്പം കൂട്ടുകൂടിയും അത്​ലാന്‍റിസ്​ അഡ്വഞ്ചർ വേൾഡിലെ ഡോൾഫിനുകളെ നിരീക്ഷിച്ചും മിലനും കുടുംബവും ദുബൈയെ ആഘോഷമാക്കുന്ന ദൃശ്യങ്ങളാണ്​ പുതിയ വിഡിയോയെ സവിശേഷമാക്കുന്നത്​. ​ബുർജ്​ ഖലീഫക്ക്​ മുന്നിൽ ഉല്ലാസത്തോടെ അവർ ​ഫോട്ടോക്ക്​ ​പോസ്​ ചെയ്യുന്നു. ‘താങ്ക്​ യൂ ദുബൈ, താങ്ക്​ യൂ ശൈഖ്​ ഹംദാൻ’..മിലന്‍റെ ഈ നന്ദിപ്രകടനത്തോടെയാണ്​ ​വിഡി​യോ അവസാനിക്കുന്നത്​. 

Tags:    
News Summary - 'Thank you Sheikh Hamdan'; Milan arrives in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.