ദുബൈ: ഈ വർഷത്തെ ലോക നികുതി സൗഹൃദ നഗര റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി യു.എ.ഇയിലെ രണ്ട് നഗരങ്ങൾ. രാജ്യ തലസ്ഥാനമായ അബൂദബിയും ദുബൈയുമാണ് മൾട്ടിപൊളിറ്റൻ പ്രസിദ്ധീകരിച്ച 2025ലെ വെൽത്ത് റിപോർട്ടിൽ മികച്ച നികുതി സൗഹൃദ നഗരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തെ 164 നികുതി സൗഹൃദ നഗരങ്ങളുടെ പട്ടികയാണ് മൾട്ടിപൊളിറ്റൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. വ്യക്തിഗത ആദായ നികുതിയില്ലാത്തതും ഏറ്റവും കുറഞ്ഞ പ്രോപർട്ടി ഫീസ് ഘടനയുമാണ് അബൂദബിയെ സൂചികയിൽ ഒന്നാമത്തെത്തിച്ച കാരണങ്ങൾ. ആഗോള തലത്തിലുള്ള ബന്ധങ്ങൾ, ലോക രാജ്യങ്ങളുമായുള്ള ശക്തമായ കരാർ ശൃംഖലകൾ, ബിസിനസ് സൗഹൃദ നിയമങ്ങൾ എന്നിവയാണ് ദുബൈക്ക് അനുകൂലമായ ഘടകങ്ങൾ.
കൂടാതെ യു.എ.ഇയിലെ കുറഞ്ഞ വ്യക്തിഗത നികുതിയും ഭാവിസൗഹൃദ നയങ്ങളും ഇരു നഗരങ്ങൾക്കും പ്രയോജനകരമായി. നികുതി ബാധ്യതകളില്ലാതെ പണം സൂക്ഷിക്കാനുമുള്ള മികച്ച ലക്ഷ്യസ്ഥാനങ്ങളായി രണ്ട് നഗരങ്ങളും മാറുന്നതിനും ഇത് കാരണമായി. 637.1 പോയിന്‍റുമായാണ് അബൂദബി ഒന്നാം സ്ഥാനം നേടിയത്. 635.1 ആണ് ദുബൈയുടെ സ്കോർ. സിംഗപ്പൂരാണ് പട്ടികയിൽ മൂന്നാമത് (624.2 പോയിന്‍റ്).
611.9 പോയിന്‍റുമായി ബഹ്റൈൻ തലസ്ഥാനമായ മനാമയും ഖത്തർ തലസ്ഥാനമായ ദോഹയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. സൗദി അറേബ്യൻ തലസ്ഥാനമായ റിയാദാണ് പട്ടികയിൽ 12ാം സ്ഥാനത്ത്. സൂചികയിലെ ആദ്യ 20ൽ ഏഴ് രാജ്യങ്ങളും ജി.സി.സിയിൽ നിന്നുള്ളതാണ്. വ്യക്തിഗത വരുമാന നികുതി, മൂലധന വളർച്ച, അനന്തരാവകാശം, സ്വത്ത് നികുതി തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് മൾട്ടിപൊളിറ്റൻ മികച്ച നികുതി സൗഹൃദ നഗരങ്ങളുടെ സൂചിക വിലയിരുത്തുന്നത്. യാത്ര ചെയ്യാനും താമസം മാറാനും ബിസിനസുകൾ തുടങ്ങാനും ആസ്തികൾ കൈകാര്യം ചെയ്യാനുമുള്ള പ്രക്രിയകൾ ലളിതമാക്കുന്ന ഒരു ആഗോള മൈഗ്രേഷൻ പ്ലാറ്റ്ഫോമാണ് മൾട്ടിപൊളിറ്റൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.