ദുബൈ: ഇറാൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ യു.എ.ഇക്ക് പിന്തുണയും ഐക്യദാർഡ്യവും അറിയിച്ച് ലോക നേതാക്കൾ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ തുടങ്ങിയ ലോക നേതാക്കളുമായി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻകഴിഞ്ഞ ദിവസം ഫോൺ സംഭാഷണം നടത്തുകയും സ്ഥിതിഗതികൾ പങ്കുവെക്കുകയും ചെയ്തു.
യു.എ.ഇക്ക് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളയുന്നതായി നരേന്ദ്രമോദി ചർച്ചയിൽ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും യു.എ.ഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഇന്ത്യയുടെ ഐക്യദാർഢ്യവും പിന്തുണയും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിർത്താനും സ്ഥിതി കൂടുതൽ വഷളാകുന്നത് ഒഴിവാക്കാനും സംഭാഷണത്തിനും നയതന്ത്രത്തിനും മുൻഗണന നൽകണമെന്നും ചർച്ചയിൽ ഇരുനേതാക്കളും വ്യക്തമാക്കി.
മേഖലയിലെ നിലവിലെ സാഹചര്യങ്ങളും പ്രാദേശിക-അന്താരാഷ്ട്ര സുരക്ഷയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും യു.എസ് പ്രസിഡന്‍റുമായുള്ള ചർച്ചയിൽ ഉയർന്നുവന്നു. തുടർന്ന് റഷ്യൻ പ്രസിഡന്റുമായി നടന്ന ചർച്ചയിൽ സൈനിക സംഘർഷം ഉടൻ അവസാനിപ്പിച്ച് സംഭാഷണത്തിനും നയതന്ത്രപരമായ ഇടപെടലുകൾക്കും മുൻഗണന നൽകണമെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു. കുവൈത്ത് അമീർ ശൈഖ് മിശാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ശറാഅ തുടങ്ങി നിരവധി രാഷ്ട്ര നേതാക്കളുമായും ഖൈ് മുഹമ്മദ് സംഭാഷണം നടത്തി.
ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. പ്രദേശത്തെ സൈനിക സംഘർഷം വ്യാപിക്കാതിരിക്കാനും സമാധാനപരമായ പരിഹാരത്തിനായി നയതന്ത്ര ഇടപെടലുകൾ ശക്തിപ്പെടുത്താനും ലോക നേതാക്കൾ ആഹ്വാനം ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
photo: sheikh muhammed bin zayed
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.