അബൂദബി വിമാനത്താവളം

ദുബൈ വിമാനത്താവളങ്ങളിൽ ഭാഗിക സർവിസ്​ തുടങ്ങി

അബൂദബി: മിഡില്‍ ഈസ്റ്റില്‍ തുടരുന്ന സംഘര്‍ഷ സാഹചര്യങ്ങള്‍ പരിഗണിച്ച് നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ച്​ അബൂദബി, ദുബൈ വിമാനത്താവളങ്ങൾ. വ്യോമപാത അടച്ചത്​ മൂലം രാജ്യത്ത്​ അകപ്പെട്ട യാത്രക്കാരെ ഉദ്ദേശിച്ചാണ്​ പ്രത്യേക സർവിസ്​ ആരംഭിച്ചതെന്ന്​ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) അറിയിച്ചു.

ദേശീയ വിമാന കമ്പനികളില്‍ ഒന്നായ ഇത്തിഹാദ് എയര്‍വേയ്‌സ് തിങ്കളാഴ്ച കൊച്ചിയിലേക്കാണ്​ ഒരു സര്‍വീസ് നടത്തിയത്​. റസിഡന്‍റ്​ വിസയുള്ളവരെയും അടിയന്തര പ്രാധാന്യത്തോടെ എത്തേണ്ടവരെയും ആണ് ഇന്നലത്തെ സര്‍വീസില്‍ ഉള്‍പ്പെടുത്തിയത്. ചില കാർഗോ സർവിസുകളും നടത്തിയിട്ടുണ്ട്​. സുരക്ഷാ കാരണങ്ങളാല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണി വരെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഇത്തിഹാദ് എയര്‍വേയ്സ് ഔദ്യോഗികമായി നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍, തിങ്കളാഴ്ച ഉച്ചകഴിഞ്ഞതോടെ അബൂദബിയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് ഏതാനും വിമാനങ്ങള്‍ സര്‍വീസ് നടത്തുകയായിരുന്നു. ലണ്ടന്‍, പാരീസ്, ആംസ്റ്റര്‍ഡാം, മോസ്‌കോ, മുംബൈ, ന്യൂഡല്‍ഹി, കെയ്റോ, കറാച്ചി, ഇസ്​ലാമാബാദ്, റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ പറന്നത്.

ചൊവ്വാഴ്ച കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാവുമെന്നാണ് സൂചന. വിമാന സര്‍വീസുകള്‍ ബാധിക്കപ്പെട്ട യാത്രക്കാര്‍ക്ക് മാര്‍ച്ച് 18 വരെ സൗജന്യമായി ടിക്കറ്റ് റീ ബുക്ക് ചെയ്യാവുന്നതാണ്. മാര്‍ച്ച് ഏഴു വരെയുള്ള വിമാന ടിക്കറ്റുകള്‍ക്ക് പൂര്‍ണമായ റീ ഫണ്ടും ലഭ്യമായിരിക്കും. ദുബൈ വിമാനത്താവളത്തിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ്​ സർവിസ്​ ആരംഭിക്കുമെന്ന അറിയിപ്പ്​ വന്നത്​. നിയന്ത്രിത രീതിയിലാണ്​ ഇവിടെയും സർവിസ്​ ആരംഭിക്കുന്നത്​.

നേരിട്ട്​ അറിയിപ്പ്​ ലഭിച്ച യാത്രക്കാർ മാത്രം വിമാനത്താവളങ്ങളിലേക്ക്​ വന്നാൽ മതിയെന്നായിരുന്നു നിർദേശം. യു.എ.ഇ. അധികൃതരുടെ കര്‍ശനമായ നിരീക്ഷണത്തിലും സുരക്ഷാ അനുമതിയോടെയുമാണ് നിലവില്‍ പ്രത്യേക വിമാനങ്ങള്‍ പറക്കുന്നത്.

യാത്രക്കാര്‍ക്ക് നേരിട്ട പ്രയാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ലൈന്‍ അധികൃതര്‍, സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും സാഹചര്യം വിലയിരുത്തിയ ശേഷം സാധാരണ നിലയിലുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും അറിയിച്ചു.ഇത്തിഹാദ് അടക്കമുള്ള വിമാന കമ്പനികള്‍ സ്റ്റാഫുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം തുടരുകയാണ്. അതിനിടെ, എമിറേറ്റ്‌സിന്‍റെ അബൂദബിയിലെ ജീവനക്കാരോട്​ ഇന്നുമുതല്‍ ജോലിക്ക് ഹാജരാവാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Partial services have started at Dubai airports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-02 02:29 GMT