നമ്പർപ്ലേറ്റിൽ കൃത്രിമം; 23 വാഹനങ്ങൾ പിടികൂടി

ദുബൈ: ട്രാഫിക് കാമറയിൽ അകപ്പെടാതിരിക്കാൻ നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച 23 വാഹനങ്ങൾ ദുബൈ പൊലീസ് പിടിച്ചെടുത്തു. ട്രാഫിക്​ നിയമലംഘനങ്ങളിൽ പിടിക്കപ്പെടാതിരിക്കാനും പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്ത വാഹനങ്ങൾ തിരിച്ചറിയുന്നത്​ സങ്കീർണമാക്കാനുമാണ്​ നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിക്കുന്നത്​. ഇത്തരം നമ്പർ പ്ലേറ്റുകൾ കണ്ടെത്താൻ പൊലീസ് പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദുബൈ പൊലീസിന്‍റെ ട്രാഫിക് വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂഈ പറഞ്ഞു.

നമ്പർ പ്ലേറ്റിൽ രാസവസ്തുക്കൾ പുരട്ടിയും സ്റ്റിക്കറൊട്ടിച്ചും, പ്ലേറ്റുകൾ വളച്ചും കൃത്രിമം കാണിക്കുന്നവരുണ്ട്. ഇത്തരക്കാരെ പിടികൂടാൻ പ്രധാന റോഡുകളിലും ഉൾ റോഡുകളിലും പരിശോധന ശക്തമാണെന്നും പൊലീസ് പറഞ്ഞു.

മനഃപൂർവം നമ്പർ പ്ലേറ്റ്​ ഒഴിവാക്കി റെഡ്​ സിഗ്​നൽ മറികടക്കുക, 190 കിലോമീറ്റർ സ്​പീഡിൽ വാഹനമോടിക്കുക തുടങ്ങിയ ഗുരുതര ട്രാഫിക്​ നിയമ ലംഘനങ്ങൾ നടത്തി സമൂഹ മാധ്യമങ്ങളിൽ വൈറലായ യുവാവിനെ അറസ്റ്റു ചെയ്തതായും പൊലീസ്​ അറിയിച്ചു. ഇയാൾ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ കാണിക്കുകയും അശ്രദ്ധമായി വാഹനമോടിക്കുകയും ചെയ്തിരുന്നു. നമ്പർ പ്ലേറ്റുകളുടെ ഒരു ഭാഗം കെമിക്കൽ സ്​പ്രേ ഉപയോഗിച്ച്​ മറച്ച്​ രണ്ട്​ ഡിജിറ്റുമായി വാഹനമോടിച്ചയാ​ളും അറസ്റ്റിലായിട്ടുണ്ട്​. ഇവരുടെ വാഹനങ്ങൾ പൊലീസ്​ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്​.

ഇത്​ വിട്ടുകിട്ടാൻ 50,000 ദിർഹം പിഴ അടക്കേണ്ടി വരുമെന്നും പൊലീസ്​ വ്യക്തമാക്കി. നിയമ സംവിധാനങ്ങളെ കബളിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കുമെതിരെ ശക്തമായ നിലപാട്​ സ്വീകരിക്കുമെന്നും അൽ മസ്​റൂയി പറഞ്ഞു. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ്​ ഐ, 901 നമ്പർ എന്നിവയിൽ അറിയിക്കാം.

Tags:    
News Summary - Tampering with number plates; 23 vehicles were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.