അബൂദബി: അഡ്നോക് പ്രോ ലീഗിനിടെ സ്റ്റേഡിയത്തിലും ഗ്രൗണ്ടിലുമുണ്ടായ അടിപിടിയും ബഹളവുമായി ബന്ധപ്പെട്ട് മൂന്ന് താരങ്ങൾക്ക് സസ്പെൻഷനും വൻ തുക പിഴയും. മത്സരത്തിൽ പങ്കെടുത്ത അൽ വദ്ഹ, അൽഐൻ ടീമുകളുടെ അടുത്ത നാല് മത്സരങ്ങൾ അടച്ചിട്ടവേദിയിൽ നടത്താനും യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ നിർദേശം നൽകി. അൽ വദ്ഹയും അൽഐനും തമ്മിൽ അബൂദബിയിൽ നടന്ന മത്സരത്തിലാണ് അടിപിടിയുണ്ടായത്.
അൽ വദ്ഹ ടീമിലെ രണ്ട് പേരെയും അൽഐനിലെ ഒരാളെയുമാണ് സസ്പെൻഡ് ചെയ്തത്. അൽ വദ്ഹ താരം ഇസ്മായിൽ മത്താറിന് രണ്ട് മത്സരത്തിൽനിന്ന് വിലക്കും രണ്ട് ലഷം ദിർഹം പിഴയും വിധിച്ചു. എതിർതാരത്തിനെ ആക്രമിച്ചതിനാണ് നടപടി. ഇതേ ടീമിലെ ഖമീൽ ഇസ്മയിലിന് രണ്ട് കളിയിൽനിന്ന് വിലക്കും 90,000 ദിർഹം പിഴയുമിട്ടു. എതിർതാരത്തെ ആക്രമിക്കാൻ ശ്രമിച്ചു എന്നതാണ് കുറ്റം. സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനാണ് അൽഐൻ താരം എറിക് ജുർഗൻസിനെ മൂന്ന് കളിയിൽനിന്ന് വിലക്കിയത്. ഒന്നര ലക്ഷം ദിർഹം പിഴയുമിട്ടു. സ്പോർട്സ്മാൻ സ്പിരിറ്റിന് വിരുദ്ധമായ പ്രവൃത്തിയിൽ ഏർപ്പെട്ടതിന് അൽഐൻ താരങ്ങളായ സുഫിയാൻ റാഹിമി, ഖാലിദ് ഇസ്സ, നാസർ അൽ ഷുഖൈലി എന്നിവർക്ക് 25,000 ദിർഹം പിഴയും താക്കീതും നൽകി. ബഹളത്തിൽ ഏർപ്പെട്ടതിന് അൽഐൻ ഫിറ്റ്നസ് കോച്ചിനെ നാല് മത്സരങ്ങളിൽനിന്ന് വിലക്കുകയും 75,000 ദിർഹം പിഴ അടക്കാൻ വിധിക്കുകയും ചെയ്തു. കാണികളുടെ മോശം പെരുമാറ്റത്തെ തുടർന്നാണ് അടച്ചിട്ടവേദികളിൽ മത്സരം നടത്താൻ നിർദേശം നൽകിയത്. അടിപിടിയുമായി ബന്ധപ്പെട്ട വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപിച്ചിരുന്നു. കാണികൾ ഗ്രൗണ്ടിലിറങ്ങി ബഹളമുണ്ടാക്കുന്നതും പൊലീസ് പിടികൂടുന്നതും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
സ്‌റ്റേഡിയത്തില്‍ അതിക്രമം കാണിച്ചവരെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസീക്യൂഷന്‍ ഉത്തരവിട്ടിരുന്നു. കാണികള്‍ കായികമര്യാദ പുലര്‍ത്തണമെന്നും മറ്റുള്ളവരുടെ ജീവനും സുരക്ഷയും അപകടത്തിലാക്കരുതെന്നും ഉദ്യോഗസ്ഥര്‍ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.