റോഡിൽ അഭ്യാസം: ദുബൈയിൽ മോട്ടോർ സൈക്കിളുകൾ പിടികൂടി

 ദുബൈ: ട്രാഫിക്​ നിയമലംഘനങ്ങൾ കാറ്റിൽപറത്തി റോഡിൽ അഭ്യാസം കാണിച്ച മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്ത്​ ദുബൈ പൊലീസ്​. പ്രായപൂർത്തിയാവാത്ത കുട്ടികളാണ്​ ഇലക്​ട്രിക്​ ബൈക്കുകൾ ഉപയോഗിച്ച്​ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയത്​. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ബൈക്കുകൾ ഒറ്റ വീലിൽ ഓടിക്കുക, മുൻ ഭാഗം ഉയർത്താൻ ശ്രമിക്കുക തുടങ്ങിയ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന വിധത്തിലായിരുന്നു പ്രകടനങ്ങളെന്ന്​ ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ട്രാഫിക്​ ഡയറക്ടർ ​ബ്രീഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു. ട്രാഫിക്​ സുരക്ഷ പാലിക്കാതെ നടത്തുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്​തമായ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങൾ നിയമ നടപടികൾക്കായി കൈമാറും. കുറ്റക്കാർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. സുരക്ഷിതമായ ഡ്രൈവിങ്​ നടത്തണമെന്നും അപകടകരമായ സ്വഭാവ രീതികളിൽ നിന്ന്​ വിട്ടുനിൽക്കണമെന്നും അദ്ദേഹം ഡ്രൈവർമാരോട്​ അഭ്യർഥിച്ചു. അഭ്യാസ പ്രകടനങ്ങളുടെ അപകടങ്ങളെ കുറിച്ച്​ കുട്ടികൾക്ക്​ അവബോധമുണ്ടാക്കുന്നതിലും നിരീക്ഷിക്കുന്നതിൽ രക്ഷിതാക്കൾക്ക്​ നിർണായകമായ പങ്കുണ്ട്​. ഗുരുതരമായ പരി​ക്കേൽക്കുന്നതും അപകട മരണങ്ങൾ തടയുന്നതിനും​ ട്രാഫിക്​ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. സ്കൂട്ടറുകൾ നിശ്ചിത സ്ഥലങ്ങളിലൂടെ മാത്രം ഉപയോഗിക്കുക, സമൂഹ മാധ്യമങ്ങളിലെ അപകട സാധ്യതയുള്ള പ്രകടനങ്ങൾ അനുകരിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ കുടുംബങ്ങളുടെ നിരീക്ഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Stunts on the Road: Motorbikes Seized in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.