ഹംറിയയിലെ പഴയ മത്സ്യ ചന്ത
യു.എ.ഇയുടെ വികസനങ്ങൾ ഒരു കലയാണ്. അതിൽ വർണങ്ങളുടെ എഴഴകും വസന്തങ്ങളുടെ എണ്ണി തീരാത്ത കുടമാറ്റങ്ങളും നിറഞ്ഞിരിക്കും. ലോകത്തെ ഒരു കുടകീഴിലേക്ക് ആനയിക്കുന്ന മാന്ത്രികത തെളിഞ്ഞുകാണാം.
ഇനി വരുന്ന തലമുറക്ക് ഇവിടെ വാസം സാധ്യമെന്ന് അക്കമിട്ട് രേഖപ്പെടുത്തിയിരിക്കും. പഴമയുടെ ജീവനാഡികൾ സംരക്ഷിച്ചായിരിക്കും ആധുനികതയുടെ യാന്ത്രികത വേഗമണിയുക.
2004 ജൂൺ അവസാനത്തിലാണ്, 1977 മെയ് 12ന് തുടങ്ങിയ ദുബൈ ഹംറിയ തീരദേശ മേഖലയുടെ കച്ചവട ചന്തയുടെ താളത്തിന് ഏതാണ്ട് അവസാനമായത്. അതുവരെ ഇവിടെ വാഹനങ്ങളുടെ അണമുറിയാത്ത പ്രവാഹമായിരുന്നുവെന്നു പറഞ്ഞാൽ അധികമാകില്ല. മത്സ്യ-പഴം-പച്ചക്കറി-പലച്ചരക്ക് –മാംസ സാധനങ്ങളുടെ മൊത്തവ്യാപാര മേഖലയായിരുന്നു ഹംറിയ.
ഉന്തുവണ്ടികളുടെ താളപ്പെരുമ രാവിലെ തുടങ്ങിയാൽ പാതിരാവോളം നീളും. ഓടി തളർന്ന ബസുകളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ രുചിയുടെ കലവറകളായിരുന്നു. ഇവയിലെല്ലാം തന്നെ മലയാളി നിറഞ്ഞുനിന്നിരുന്നു. ഇത്രമേൽ അഴകുള്ള കച്ചവടത്തിന് ഏതാണ്ട് പൂട്ട് വീണതോടെ ഹംറിയ മൗനത്തിലാണ്ടു പോയി.
ശമാൽ കാറ്റിൽ രൗദ്രരൂപമണിയുന്ന കടൽ തിരകളാണ് ഹംറിയക്ക് ആശ്വാസം പകർന്നിരുന്നത്. റാസൽഖോർ ജില്ലയിലെ അൽ വർസനിലേക്ക് മാർക്കറ്റ് പറിച്ച് നട്ടത്തോടെ ദേര ചിലങ്ക നഷ്ട്ടപ്പെട്ട നർത്തകിയെ പോലെയായി. 2004ൽ അവസാനിച്ച കച്ചവട താളം 2017 ജൂണിലാണ് ആധുനിക രൂപത്തിൽ ഹംറിയക്ക് തിരിച്ചു കിട്ടിയത്. ലോകത്തിലെ തന്നെ ഏറ്റവും വൃത്തിയും വെടിപ്പുമുള്ള ചന്തയാണ് ദുബൈ വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിനുള്ളിൽ തിരിച്ചെത്തിയത്.
ബസിനുള്ളിലെ ഹോട്ടലും കൈവണ്ടികളും നിറഞ്ഞ പഴയ ഹംറിയ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്ന് ഏറെ മാറ്റമുണ്ട് പുതിയ മാര്ക്കറ്റിനെങ്കിലും പഴമയുടെ താളം നിറഞ്ഞുനിന്നിരുന്നു. ആധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളുമാണ് ഈ ചന്തയുടെ പ്രത്യേകത. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാതെ അവസ്ഥയായിരുന്നു പണ്ടെങ്കിൽ ഇപ്പോൾ ആയിരത്തില്‍പരം വാഹനങ്ങള്‍ക്ക് നിർത്തുവാനുള്ള സൗകര്യമാണ് അകത്തും പുറത്തുമായി ഒരുക്കിയിരിക്കുന്നത്. കടലിനോട് മുഖം നോക്കി നില്ക്കുന്ന വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റ് അതിമനോഹരമാണ്. പഴയ മീന്‍ ചന്തയിലുണ്ടായിരുന്ന ഈര്‍പ്പം, ഗന്ധം ഒന്നും തന്നെ ഇവിടെ കാണാനാവില്ല. ഉപഭോക്താക്കള്ക്കിടയിലൂടെ മീനുമായി പായുന്ന ഉന്തുവണ്ടികള്‍ പഴയ മീന്‍ ചന്തയുടെ നിത്യകാഴ്ചയായിരുന്നു. മീന്‍ വാങ്ങാനെത്തുന്നവരുടെ കാലില്‍ തട്ടിയും മുട്ടിയും നീങ്ങുന്ന ഇത്തരം ഉന്തുവണ്ടികള്‍ക്ക് പുതിയ മാര്‍ക്കറ്റില്‍ പ്രവേശനമില്ല. വൃത്തിയുള്ള ട്രോളികളാണ് മീന്‍ കൊണ്ടുവരാന്‍ ഉപയോഗിക്കുന്നത്. നിരകളായി സംവിധാനം ചെയ്തിരിക്കുന്ന മീന്തട്ടുകള്ക്കിടയില് നടക്കാനേറെ ഇടമുണ്ട്. ഡിജിറ്റല്‍ തുലാസുകളാണ് തൂക്കാന്‍ ഉപയോഗിക്കുന്നത്.
മീൻ വൃത്തിയാക്കുന്ന ഇടത്ത് ആധുനികത നിറഞ്ഞുനിൽപ്പുണ്ട്. യു.എ.ഇ തീരങ്ങളിൽ നിന്ന് പിടിച്ച മീനുമായി ബോട്ടുകള്‍ വാട്ടര്‍ഫ്രണ്ടില്‍ എത്തുന്നു. ബോട്ടുകള്‍ക്ക് അടുക്കാനുള്ള പ്രത്യേക സൗകര്യം തന്നെ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് മീന്‍ വരുന്നത് നേരിട്ട് കാണാം. പച്ചപ്പ് നിറഞ്ഞതാണ് വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിന്റെ മുന്‍വശം. പ്രധാന കവാടത്തില്‍ നിന്നും താഴത്തെ പാര്‍ക്കിങ് മേഖലയില്‍ നിന്നും അകത്തേക്ക് പ്രവേശിക്കാം. ഇതിനായി യന്ത്ര ഗോവണികളും സ്ഥാപിച്ചിരിക്കുന്നു. വഴി കൃത്യമായി പറഞ്ഞ് തരാനും നിര്‍ദേശങ്ങള്‍ നല്‍കാനും സുരക്ഷാജീവനക്കാരേറെ. വൃത്തിയുള്ള ശുചിമുറികള്‍, വിശ്രമിക്കാനുള്ള സൗകര്യം, നമസ്ക്കരിക്കാനുള്ള സ്ഥലം എന്നിവയും ഇവിടെയുണ്ട്.
1977 മേയ് 12നാണ് ദുബൈ ദേരയിലെ അബുഹൈല്‍ പ്രദേശത്തെ ഹംറിയ അംശത്തില്‍ കേന്ദ്ര പഴം-പച്ചക്കറി,-പലച്ചരക്ക് വിപണിക്ക് തുടക്കം കുറിച്ചത്. ദേരയുടെ കച്ചവട ഹൃദയമായി അത് മാറിയത് വളരെ പെട്ടന്നായിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളും ഉപഭോക്താക്കളും ഹംറിയ കടലും കൂടി കലര്‍ന്ന വല്ലാത്തൊരു കച്ചവട അന്തരീക്ഷമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍, ദേരയിലെ പ്രധാന ഗതാഗത കുരുക്കായി പ്രദേശം മാറിയതോടെയാണ് ഇവിടെ നിന്ന് മാര്‍ക്കറ്റ് മാറ്റുന്നതിനെ കുറിച്ച് അധികൃതര്‍ ചിന്തിച്ച് തുടങ്ങിയത്. 2000ല്‍ എമിറേറ്റ്സ് റോഡ് (ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്) തുറന്നതോടെയാണ് റാസല്‍ഖോര്‍ പ്രദേശത്തെ അല്‍ വര്‍സാന്‍ മേഖലയില്‍ മാര്‍ക്കറ്റിനുള്ള സര്‍വേകള്‍ നടന്നത്. വാഹനങ്ങള്‍ക്ക് എത്താൻ സൗകര്യം, തൊഴിലാളികള്‍ക്ക് താമസിക്കാൻ സൗകര്യം എന്നിവയെല്ലാം പരിഗണിച്ചാണ് അല്‍ വര്സാനെ തെരഞ്ഞെടുത്തത്.
ഈ മാർക്കറ്റ് ഇന്ന് ലോക പ്രശസ്തമാണ്. കടലിന്റെ സാന്നിധ്യമില്ലെങ്കിലും ലോകത്തിലെ എല്ലാമേഖലയിൽ നിന്നും ഇവിടേക്ക് പഴങ്ങളും പച്ചക്കറികളും എത്തുന്നു. ഹംറിയയിൽ നിന്ന് റാസൽ ഖോറിലേക്ക് പോയി വരുന്ന കാറ്റിനോടൊപ്പം കടൽ ചൂരും വരാറുണ്ട് ബന്ധം പുതുക്കാൻ. അരനൂറ്റാണ്ട് പിന്നിട്ട ഹാജിക്കയുടെ ജലീൽ ട്രേഡേഴ്സ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ റാസൽഖോറിൽ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.