ദുബൈ: ഞായറാഴ്ച ഉച്ചകഴിഞ്ഞ് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെട്ടു. ഈ പശ്ചാത്തലത്തിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അബൂദബിയിലെ റോഡുകളിൽ കാഴ്ച കുറയുമെന്ന് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.
മേഖലയിലുടനീളം പുതിയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതിനാലാണ് പൊടിക്കാറ്റ് അനുഭവപ്പെടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പകലും രാത്രിയും പൊടി നിറഞ്ഞ അന്തരീക്ഷവും താപനിലയിൽ നേരിയ വർധനയും താമസക്കാർക്ക് പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ താപനില 45.6 ഡിഗ്രി ആണ്. റാസൽഖൈമയിലെ ഉമ്മുഗഫിൽ ഉച്ചക്ക് ശേഷം 3.15നാണ് ഇത് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയും താപനില ഉയരുമെന്നും ഈർപ്പമുള്ളതായിരിക്കുമെന്നും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു. അൽഐനിലെ സ്വയ്ഹാനിൽ വെള്ളിയാഴ്ച 50 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. അതിനു മുമ്പ് ശനിയാഴ്ച റെക്കോഡുകൾ ഭേദിച്ച് യു.എ.ഇയിൽ മേയ് മാസചൂട് രേഖപ്പെടുത്തിയിരുന്നു.
മേയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന 51.6 ഡിഗ്രി ചൂടാണ് അന്ന് അടയാളപ്പെടുത്തിയത്. അൽഐനിലെ സ്വയ്ഹാനിൽ തന്നെയാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. വേനൽ മാസങ്ങളിൽ കനത്ത താപനിലക്ക് സാധ്യതയുള്ള രാജ്യത്ത്, സീസൺ ആരംഭിക്കുന്നതിന് മുമ്പുതന്നെ സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.