അബൂദബിയിൽ ഹരിത ഹൈഡ്രജൻ ഉപയോഗിച്ച് സ്റ്റീൽ ഉൽപാദിപ്പിക്കുന്ന കേന്ദ്രം
മസ്ദറും എംസ്റ്റീലും ചേർന്നാണ് പരിസ്ഥിതി സൗഹൃദ സ്റ്റീൽ നിർമാണം ആരംഭിച്ചത്അബൂദബി: പശ്ചിമേഷ്യയിൽ ആദ്യമായി ഹരിത ഹൈഡ്രജൻ വാതകം ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ സ്റ്റീൽ നിർമാണത്തിന് യു.എ.ഇ തുടക്കം കുറിച്ചു. വ്യവസായമേഖല കാർബൺ മുക്തമാക്കാൻ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ആദ്യഘട്ടത്തിൽ സ്റ്റീൽ ഉൽപാദനരംഗം പരിസ്ഥിതി സൗഹൃദമാക്കുന്നത്. അബൂദബിയിലെ ഫ്യൂച്ചർ എനർജി സ്ഥാപനമായ മസ്ദാറും എംസ്റ്റീലും കൈകോർത്താണ് ഹരിത ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ സ്റ്റീൽ ഉൽപാദനത്തിന് തുടക്കം കുറിച്ചത്. മിഡിലീസ്റ്റ് ആഫ്രിക്ക (മെന) മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സ്റ്റീൽ ഉൽപാദനം. ഇതു വഴി സ്റ്റീൽ ഉൽപാദനമേഖല 95 ശതമാനം വരെ പരിസ്ഥിതി സൗഹൃദമാക്കും. സ്റ്റീൽ ഉൽപാദനത്തിന്റെ പ്രധാന ഘട്ടമായ ഇരുമ്പയിരിൽ നിന്ന് ഇരുമ്പ് വേർതിരിക്കാനാണ് ഹരിത ഹൈഡ്രജൻ ഉപയോഗിക്കുകയെന്ന് മസ്ദാർ അസി. ഡയറക്ടർ
ഡോ. ഫയ അൽ ഹെർഷ് പറഞ്ഞു. നിലവിൽ പ്രകൃതിവാതകം ഉപയോഗിച്ചാണ് ഇരുമ്പയിര് വേർതിരിക്കുന്നത്. ഇത് പൂർണമായും ഹരിത ഹൈഡ്രജനിലേക്ക് മാറും.
ഇതിന് ആവശ്യമായി വരുന്ന പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ മസ്ദാർ എംസ്റ്റീലിന് ലഭ്യമാക്കും. 2050ഓടെ കാർബൺ വികിരണമില്ലാത്ത നെറ്റ് സീറോ അന്തരീക്ഷം എന്ന യു.എ.ഇയുടെ ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികളുടെ ഭാഗമാണിത്. അബൂദബി ഹോൾഡിങ് കമ്പനിയുടെ ഭാഗമായ എംസ്റ്റീൽ പ്രതിവർഷം ഉൽപാദിപ്പിക്കുന്നത് 3.5 ദശലക്ഷം ടൺ ഇരുമ്പും 4.6 ദശലക്ഷം സിമന്റുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.