ഓണാഘോഷത്തിന് കറാമയിലെത്തിയവർ
ദുബൈ: യു.എ.ഇയിലെ ‘മിനി കേരളം’ എന്നറിയപ്പെടുന്ന ദുബൈ കറാമയിൽ മലയാളി സമൂഹം സംഘടിപ്പിച്ച ഓണാഘോഷത്തിൽ ദുബൈ പൊലീസിന്‍റെ സാന്നിധ്യം ശ്രദ്ധേയമായി. നബിദിന പൊതു അവധിയായിരുന്ന വെള്ളിയാഴ്ച കറാമ പാർക്കിൽ അരങ്ങേറിയ പരിപാടികൾ പ്രവാസികൾക്ക് ഗൃഹാതുരമായ നാട്ടോർമകളുടെ പുനരാവിഷ്കാരമായി മാറി. കറാമയിലെ താമസക്കാരായ നൂറുകണക്കിന് മലയാളി യുവാക്കളും സ്ത്രീകളും കുട്ടികളും കുടുംബസമേതം പാർക്കിലേക്ക് ഒഴുകിയെത്തിയതോടെ നഗരഹൃദയത്തിൽ മലയാളിത്തത്തിന്‍റെ വസന്തം തീർത്തു.
കസവു സാരിയും മുണ്ടുമുടുത്ത് പാരമ്പര്യ വേഷവിധാനങ്ങളോടെയാണ് പ്രവാസികൾ പാർക്കിലേക്ക് ഒഴുകിയെത്തിയത്. നാടിന്‍റെ സംസ്കാരവും തനിമയും ഒട്ടും ചോരാതെ സംഘടിപ്പിച്ച കലാ-സാംസ്കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. കറാമയിലെ റെസ്റ്റോറന്‍റുകളിൽ നിന്നുള്ള വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷമാണ് ആളുകൾ പാർക്കിൽ സംഗമിച്ചത്. വൈകീട്ടോടെ ആരംഭിച്ച ആഘോഷപരിപാടികൾ പാട്ടും താളവും ആർപ്പുവിളികളുമായി രാത്രി ഏറെ വൈകിയാണ് സമാപിച്ചത്.
ദുബൈ പൊലീസ് ഉദേയാഗസ്ഥൻ ഓണാഘോഷ പരിപാടിയിൽ
പരിപാടികൾ തകൃതിയായി നടക്കുന്നതിനിടെയാണ് ദുബൈ പൊലീസ് ഉദ്യോഗസ്ഥർ അതിഥികളായി എത്തിയത്. പ്രവാസികൾക്കൊപ്പം സ്നേഹം പങ്കുവെച്ച പോലീസ് ഉദ്യോഗസ്ഥർ, വിവിധ നാടൻ കളികൾക്കും മത്സരങ്ങൾക്കും നേരിട്ട് നേതൃത്വം നൽകിയ ശേഷമാണ് മടങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥർ ആഘോഷത്തിൽ പങ്കുചേരുന്നതിന്‍റെയും ചിത്രങ്ങൾ പകർത്തുന്നതിന്‍റെയും ദൃശ്യങ്ങൾ ‘എന്‍റെ കറാമ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും വൻ തരംഗമായി മാറി. ദുബൈയിലെ സാംസ്കാരിക കൂട്ടായ്മയുടെയും ജനകീയ പൊലീസിന്‍റെയും മികച്ച മാതൃകയായി ഈ ആഘോഷം പ്രശംസിക്കപ്പെട്ടു. വിവിധ പ്രവാസി സമൂഹങ്ങളുമായി അധികാരികൾ പുലർത്തുന്ന സൗഹൃദ അന്തരീക്ഷത്തിന്‍റെ ഉദാഹരണമായും ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുൻവർഷങ്ങളിലും ഇത്തരം ആഘോഷങ്ങളിൽ ദുബൈ പൊലീസ് പങ്കുചേർന്നിട്ടുണ്ട്. പ്രവാസ ലോകത്ത് വിവിധ രാജ്യക്കാരുടെ ഇത്തരം ആഘോഷങ്ങൾ കൊണ്ടാടുന്നതിന്‍റെ പ്രസക്തിയെക്കുറിച്ചും രാജ്യ സുരക്ഷയുടെ പ്രധാന്യത്തെ കുറിച്ചും അവർ വിശദീകരിച്ചു.പൂക്കളം, വഞ്ചിപ്പാട്ട്, മാവേലി എഴുന്നള്ളത്ത്, തിരുവാതിരക്കളി, ചെണ്ടമേളം എന്നിവ ആഘോഷങ്ങൾക്ക് ഊർജ്ജം പകർന്നു. വടംവലി, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ നാടൻ മത്സരങ്ങളും കുട്ടികളുടെ കായിക ഇനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
സന്ദർശകർക്ക് ബുദ്ധിമുട്ടുകൾ കൂടാതെ ആഘോഷങ്ങൾ നടത്തുന്നതിനായി സംഘാടകരും ദുബൈ അധികൃതരും കൃത്യമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. തൊഴിൽ തിരക്കുകൾക്കിടയിലും നാടിന്റെ ആഘോഷപ്പൊലിമ ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതിന്‍റെ നിറവിൽ നിറഞ്ഞ മനസ്സോടെയാണ് കറാമ മലയാളി സമൂഹം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.