സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഉടന്‍; പ്രീ ഓര്‍ഡര്‍ ആരംഭിച്ചു
അബൂദബി: ഇലോണ്‍ മസ്‌കിന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനമായ 'സ്റ്റാര്‍ലിങ്ക്' യു.എ.ഇ. ഉപഭോക്താക്കള്‍ക്കായി ഉടന്‍ ലഭ്യമാകും. വ്യക്തിഗത ഉപഭോക്താക്കള്‍, വ്യവസായ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവക്ക് പുറമെ വ്യോമ, നാവിക മേഖലകള്‍ക്കും ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാകും. നിലവിലുള്ള ഫൈബര്‍-ഓപ്റ്റിക് ശൃംഖലയ്ക്ക് പുറമെ സാറ്റലൈറ്റ് കണക്ടിവിറ്റി കൂടി ഉള്‍പ്പെടുത്തി രാജ്യത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഈ നീക്കം സഹായിക്കും.
രാജ്യത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ സ്റ്റാര്‍ലിങ്കിന് യു.എ.ഇ. ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റി (ടി.ഡി.ആര്‍.എ.) 10 വര്‍ഷത്തെ ജനറല്‍ സാറ്റലൈറ്റ് സര്‍വീസസ് ലൈസന്‍സ് അനുവദിച്ചിരുന്നു. 2024ല്‍ സമുദ്ര മേഖലയില്‍ മാത്രമായി സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് നല്‍കിയിരുന്നു.
പാക്കേജും നിരക്കുകളും:
- മാസ വരിസംഖ്യ (റെസിഡന്‍ഷ്യല്‍ പ്ലാന്‍): 300 ദിര്‍ഹം (അണ്‍ലിമിറ്റഡ് ഡാറ്റ + 30 ദിവസത്തെ ട്രയല്‍ കാലാവധി).
- ഹാർഡ് വെയര്‍ കിറ്റ് വില: 1465 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നു (റൗട്ടര്‍ 3 /വൈഫൈ 6 അടക്കം).
- ഇന്‍റര്‍നെറ്റ് വേഗത: സെക്കന്‍ഡില്‍ 400+ എം.ബി.പി.എസ് വരെ.
- അഡ്വാന്‍സ് ഡെപ്പോസിറ്റ്: ബുക്കിങ് വേളയില്‍ 300 ദിര്‍ഹം (ചെക്കൗട്ടില്‍ കിറ്റ് തുകയില്‍ നിന്ന് ഇത് കുറയ്ക്കും / നിലവില്‍ 285.71 ദിര്‍ഹം ആണ് അഡ്വാന്‍സ് തുകയായി കാണിക്കുന്നത്).
സേവനം ഔദ്യോഗികമായി എന്ന് മുതല്‍ ലഭ്യമാകുമെന്നതിന്‍റെ കൃത്യമായ തീയതി കമ്പനി പുറത്തുവിട്ടിട്ടില്ല.
എന്നാല്‍, ആഗോളതലത്തില്‍ നെറ്റ്വര്‍ക്ക് ശേഷി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുകയാണെന്നും ഘട്ടംഘട്ടമായി ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുമെന്നും സ്റ്റാര്‍ലിങ്ക് വെബ്സൈറ്റിലൂടെ വ്യക്തമാക്കി.
എങ്ങനെ പ്രീ ഓര്‍ഡര്‍ ചെയ്യാം?
- ഔദ്യോഗിക സ്റ്റാര്‍ലിങ്ക് യു.എ.ഇ. വെബ്സൈറ്റ് സന്ദര്‍ശിച്ച് 'ഗെറ്റ് സ്റ്റാര്‍ട്ടഡ്' ക്ലിക്ക് ചെയ്യുക.
- ലൊക്കേഷന്‍ നല്‍കി സേവന ലഭ്യത പരിശോധിക്കുക.
- പ്ലാന്‍ സവിശേഷതകളും ഹാര്‍ഡ്വെയര്‍ വിവരങ്ങളും പരിശോധിച്ച ശേഷം 'ചെക്കൗട്ട്' നല്‍കുക.
- വ്യക്തിഗത വിവരങ്ങള്‍, ഡെലിവറി വിലാസം, പേയ്മെന്‍റ് വിവരങ്ങള്‍ എന്നിവ ഫോമില്‍ പൂരിപ്പിക്കുക.
- അഡ്വാന്‍സ് തുക അടച്ച് ബുക്കിങ് പൂര്‍ത്തിയാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.