‘എമിറേറ്റ് ലവ്സ് ഫലസ്തീൻ’ പരിപാടിക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം
ദുബൈ: ദുബൈ മെട്രോയുടെ റെഡ് ലൈൻ ഒരറ്റത്ത് അവസാനിക്കുന്ന എക്സ്പോ സിറ്റി സ്റ്റേഷനിലേക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് നൂറുകണക്കിന് യാത്രക്കാരുണ്ടായിരുന്നു. പലരും അടങ്ങാത്ത പോർവീര്യത്തിന്‍റെ പ്രതീകമായ കഫിയ്യയണിഞ്ഞവർ. ഭൂരിഭാഗവും ഫലസ്തീനികൾ. അല്ലാത്തവരൊക്കെ അവരോടുള്ള അങ്ങേയറ്റത്തെ ഇഷ്ടം കൊണ്ട് വരുന്നവർ. അങ്ങനെ എക്സ്പോ സിറ്റിയിലേക്ക് ശനിയാഴ്ച ഒഴുകിയെത്തിയത് അരലക്ഷത്തിലധികം പേരാണ്. ആളും ആരവവും നിറഞ്ഞ അന്തരീക്ഷത്തിൽ, ദുരിതമനുഭവിക്കുന്ന ഒരു ജനതയെ ഹൃദയത്തിൽ ചേർത്തുവെക്കുന്ന അവിസ്മരണീയ പരിപാടിയായി ‘എമിറേറ്റ് ലവ്സ് ഫലസ്തീൻ’ മാറി.
ശൈഖ് നഹ്യാൻ ബിൻ മുബാറക് സംസാരിക്കുന്നു
എമിറേറ്റിലെ നിരവധി ഫലസ്തീനി കുടുംബങ്ങൾ ഒന്നാകെയെത്തി. അങ്ങകലെ സ്വന്തം മണ്ണിൽ തങ്ങളുടെ ജനത അനുഭവിക്കുന്ന നരകയാതനകളെ ലോകത്തിനുമുമ്പാകെ ഓർമപ്പെടുത്തുന്നതായിരുന്നു പരിപാടി. എക്സ്പോ സിറ്റിയിലെ വിശാലമായ ദുബൈ എക്സിബിഷൻ സെന്‍റർ നിറഞ്ഞു കവിഞ്ഞ സദസ്സിനെ വല്ലാത്തൊരു നൊമ്പരം പൊതിഞ്ഞുനിന്നിരുന്നു. അതിനിടയിലും സ്നേഹമൂറുന്ന സമാഗമമായി ‘എമിറേറ്റ് ലവ്സ് ഫലസ്തീൻ’ മാറി. പ്രവാസത്തിലേക്ക് പറിച്ചുനട്ടശേഷം ബന്ധുകളുമായും സുഹൃത്തുക്കളുമായുമൊക്കെ ആകസ്മിക സമാഗമം സാധ്യമായപ്പോൾ അവരൊക്കെയും ആലിംഗനങ്ങളിൽ മുഴുകി.
നേരത്തേ രജിസ്റ്റർ ചെയ്താണ് എല്ലാവരും പരിപാടിക്കെത്തിയത്. ഉച്ചയോടെ തുടക്കമായ പരിപാടിക്ക് രാവിലെ മുതലേ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. പരമ്പരാഗത ഫലസ്തീൻ വേഷത്തിലായിരുന്നു വനിതകളേറെയുമെത്തിയത്. സഹവർത്തിത്വ, സഹിഷ്ണുത കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, യു.എ.ഇയിലെ ഫലസ്തീൻ സ്ഥാനപതി അബീർ അൽ-റമാഹി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. യു.എ.ഇ-ഫലസ്തീനിയൻ ഫ്രണ്ട്ഷിപ് ക്ലബും ദുബൈയിലെ ഫലസ്തീനിയൻ ബിസിനസ് കൗൺസിലും നോർത്തേൺ എമിറേറ്റ്സും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പിന്തുണയും സ്നേഹവും വ്യക്തമാക്കി ശൈഖ് നഹ്യാൻ ബിൻ മുബാറക്
ഫലസ്തീനിലെ സഹോദരങ്ങളോടുള്ള യു.എ.ഇയുടെ ഉറച്ച പിന്തുണയും സ്നേഹവും ശൈഖ് നഹ്യാൻ ബിൻ മുബാറക് ചടങ്ങിൽ വ്യക്തമാക്കി. ഗസ്സയിലേക്ക് ഏറ്റവും കൂടുതൽ ജീവകാരുണ്യ സഹായം നൽകുന്ന രാജ്യമായി യു.എ.ഇ മുന്നിലുണ്ട്. പതിറ്റാണ്ടുകളായി രാജ്യത്തിന്‍റെ വികസനത്തിൽ പങ്കാളികളാകുന്ന ഫലസ്തീൻ സമൂഹത്തെ ആദരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീന്‍റെ പൊള്ളുന്ന അനുഭവങ്ങളുടെ നേർചിത്രമായ ചർച്ചകളും കലാപ്രകടനങ്ങളുമൊക്കെ വേദിയിൽ നിറഞ്ഞു. പ്രശസ്ത ഗായകൻ മുഹമ്മദ് അസ്സാഫ്, കോമേഡിയൻ ഇമാദ് ഫറാജിൻ തുടങ്ങിയ കലാകാരന്മാർ പങ്കെടുത്ത സംഗീത പരിപാടികളും നാടൻ കലകളും അരങ്ങേറി. കൈയടികളും ആരവങ്ങളുമൊക്കെ നിറഞ്ഞ ആവേശ പ്രതികരണമായിരുന്നു സദസ്സിന്‍റേത്.
ഫലസ്തീന്‍റെ തനതു ഭക്ഷ്യവിഭവങ്ങൾ വിളമ്പിയ ഭക്ഷ്യമേളയിൽ തിരക്കേറെയായിരുന്നു. പരമ്പരാഗത വസ്‌ത്രങ്ങളും കരകൗശല വസ്തുക്കളും വിൽക്കുന്ന സ്റ്റാളുകളും നിരവധി. പരിപാടികൾക്കെത്തിയവർക്ക് എമിറേറ്റ്സ് ലവ്സ് ഫലസ്തീന്‍റെ ലോഗോ പതിച്ച ഫ്രെയിമിൽ സൗജന്യമായി ഫോട്ടോ എടുത്തു നൽകുന്നിടത്ത് നീണ്ട ക്യൂ ദ്യശ്യമായിരുന്നു. ജെറൂസലേമിലെ അൽ അഖ്സ മസ്ജിദിന്‍റെ ഖുബ്ബയുടെ മാതൃകക്കുമുന്നിൽ ഫോട്ടോയെടുക്കാനും ആളുകളുടെ തിരക്കായിരുന്നു. ഇതിനുള്ളിൽ ഫലസ്തീന്‍റെ ഗൃഹാതുത്വമാർന്ന ചിത്രങ്ങളുടെ പ്രദർശനവുമുണ്ട്. ഫലസ്തീനിലെ ഹിഷാം പാലസിലെ കല്ലുജാലകത്തിന്‍റെ മാതൃകയും സമ്മേളന വേദിയിൽ ഒരുക്കിയിരുന്നു. ഇതിനിടയിൽ ഒരു കൂട്ടം ഫലസ്തീൻ യുവതീയുവാക്കൾ കൈനിറയെ ഫലസ്തീൻ പതാകകളുമായി വരിവരിയായി വന്ന് ആവശ്യമുള്ളവർക്കെല്ലാം അത് കൈമാറി.
വേദിയിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ വാദ്യോപകരങ്ങളുമായി യുവാക്കളുടെ കലാസംഘം ഹാളിന്‍റെ പിൻഭാഗത്ത് പാട്ടും കൊട്ടുമായി അരങ്ങു കൊഴുപ്പിച്ചു. അതോടെ, പുതുതലമുറ അവിടെ കൂടി. ഫലസ്തീന്‍റെ ഉശിരു ചോരാത്ത ഗാനങ്ങൾ കൂടിനിന്നവർ ഉച്ചത്തിൽ ഏറ്റു ചൊല്ലിയപ്പോൾ ആരവം കനത്തു. ഫലസ്തീൻ പതാകകളും കഫിയ്യകളും വീശി ആവേശവും ഉച്ചസ്ഥായിയിലായി.
‘ഈ പരിപാടിയുടെ സംഘാടകരോട് ഏറെ നന്ദിയുണ്ട്. നാട്ടിൽ ഞങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അതീവ പ്രതിസന്ധിയിൽ ജീവിതം തള്ളിനീക്കുമ്പോൾ അവരോട് ഐക്യപ്പെടാനുള്ള അവസരമാണിത്. ഒപ്പം, യു.എ.ഇയിലെ ഫലസ്തീൻ കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള വേദി കൂടിയായി ഇത് മാറി. ഒരുപാട് സുഹൃത്തുക്കളെ ഇവിടെ കണ്ടുമുട്ടാൻ കഴിഞ്ഞു' - ദുബൈയിൽ സ്വകാര്യ കമ്പനിയിൽ എച്ച്.ആർ മാനേജരായി ജോലി ചെയ്യുന്ന മർയമും സുഹൃത്തുക്കളും 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.