വ്യാജ വാടക തട്ടിപ്പ്: നഷ്ടപ്പെട്ട 42,500 ദിര്‍ഹം തിരികെ നല്‍കാന്‍ കോടതി ഉത്തരവ്

അബൂദബി: ഫ്ലാറ്റ് വാടക തട്ടിപ്പിലൂടെ അപഹരിച്ച 42,500 ദിര്‍ഹം ഇരയായ വ്യക്തിക്ക് തിരികെ നല്‍കാന്‍ അബൂദബി സിവില്‍ കോടതി ഉത്തരവിട്ടു. വാടക കരാര്‍ പുതുക്കുന്നതിനിടെ കമ്പനി ജീവനക്കാരനെന്ന വ്യാജേന സന്ദേശമയച്ച് പണം തട്ടിയ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിയോടാണ് തുക തിരിച്ചടക്കാന്‍ കോടതി നിര്‍ദേശിച്ചത്.

പരാതിക്കാരന്‍ താമസിക്കുന്ന ഫ്ലാറ്റിന്‍റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പ്രതിനിധിയെന്ന വ്യാജേനയാണ് പ്രതി എത്തിയത്. ഇയാള്‍ വ്യാജ അക്കൗണ്ടിലേക്ക് താമസക്കാരന്‍ വാടക തുക കൈമാറുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ബാങ്ക് അക്കൗണ്ട് കമ്പനിയുടേതല്ലെന്നും താന്‍ തട്ടിപ്പിനിരയായെന്നും ഇയാള്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

നേരത്തെ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ ഇരയായ വ്യക്തി അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയെ സമീപിച്ചത്. നഷ്ടപ്പെട്ട 42500 ദിര്‍ഹമിന് പുറമെ മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 10000 ദിര്‍ഹമും കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ 10 ശതമാനം നിയമപരമായ പലിശയും നല്‍കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ക്രിമിനല്‍ കോടതിയുടെ കണ്ടെത്തലുകള്‍ ശരിവച്ച സിവില്‍ കോടതി, തുക തിരികെ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

Tags:    
News Summary - Fake Rental Scam: Court Orders Dh42,500 Refund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.