എസ്.എസ്.എൽ.സി പരീക്ഷയുടെ ഒരുക്കം വിലയിരുത്തുന്നതിന് പരീക്ഷ സെക്രട്ടറി സന്തോഷ് കുമാർ സ്കൂളുകളിലെത്തിയപ്പോൾ
യു.എ.ഇയിൽ എസ്.എസ്.എൽ.സി ചോദ്യപേപ്പർ എത്തി; പരീക്ഷക്ക് ഒരുക്കമായി
ദുബൈ: എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ചോദ്യപേപ്പർ യു.എ.ഇയിൽ എത്തി. ഇന്ത്യൻ കോൺസുലേറ്റിലെത്തിയ ചോദ്യപേപ്പറുകൾ ക്രോഡീകരിച്ച ശേഷം ബാങ്ക് ഓഫ് ബറോഡയിലെ ലോക്കറുകളിലേക്ക് മാറ്റി. പരീക്ഷ ദിവസമായിരിക്കും ഇവ പുറത്തെടുക്കുക. ഇക്കുറി എട്ട് സ്കൂളുകളിലായി 518 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. 180ഓളം കുട്ടികൾ പരീക്ഷയെഴുതുന്ന ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ. ഗൾഫിൽ യു.എ.ഇയിൽ മാത്രമാണ് പരീക്ഷ കേന്ദ്രങ്ങളുള്ളത്.
അതേസമയം, മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി പരീക്ഷ സെക്രട്ടറി സന്തോഷ് കുമാർ യു.എ.ഇയിൽ എത്തി. പരീക്ഷ നടക്കുന്ന എട്ട് സ്കൂളുകളും സന്ദർശിച്ച അദ്ദേഹം ഒരുക്കങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ചു. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് നിർദേശങ്ങൾ നൽകിയ അദ്ദേഹം ശനിയാഴ്ച നാട്ടിലേക്ക് മടങ്ങും. കഴിഞ്ഞ വർഷം ഒമ്പതു പരീക്ഷ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഇക്കുറി ഒരു കേന്ദ്രം കുറഞ്ഞെങ്കിലും കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. കഴിഞ്ഞ വർഷം 515 കുട്ടികളാണ് പരീക്ഷയെഴുതിയത്.
ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽ ഖുവൈൻ, ന്യൂ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ റാസൽഖൈമ, ന്യൂ ഇന്ത്യൻ സ്കൂൾ ഫുജൈറ, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബൈ, ഗൾഫ് മോഡൽ സ്കൂൾ ദുബൈ, മോഡൽ സ്കൂൾ അബൂദബി, ഇന്ത്യൻ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അൽഐൻ എന്നിവിടങ്ങളിലാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നത്. മാർച്ച് ഒമ്പത് മുതൽ 29 വരെയാണ് പരീക്ഷ. മോഡൽ പരീക്ഷകൾ ഇന്ന് അവസാനിക്കും. 10 മുതൽ 30 വരെയാണ് കേരള സിലബസ് ഹയർ സെക്കൻഡറി പരീക്ഷ. മുൻ വർഷങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു കുട്ടികൾ പരീക്ഷ എഴുതിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.