മുതിർന്ന പൗരന്മാർക്കായി ദുബൈയിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽനിന്ന്
അനുഭവങ്ങളുടെ തലമുറയെ ചേർത്തുപിടിച്ച് ദുബൈ; മുതിർന്ന പൗരന്മാർക്കായി ബോധവത്കരണ പരിപാടി
ദുബൈ: ഒരുകാലത്ത് കുടുംബത്തിനും സമൂഹത്തിനും താങ്ങായിരുന്നവർക്ക് പ്രായത്തിന്‍റെ സായാഹ്നത്തിൽ നൽകാവുന്ന വലിയ കരുതലുകളിലൊന്നാണ് അവരുടെ വാക്കുകൾ കേൾക്കാൻ സമയം കണ്ടെത്തുക. ആ സ്നേഹവും ആദരവും മുൻനിർത്തി മുതിർന്ന പൗരന്മാർക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് ദുബൈ-ജി.ഡി.ആർ.എഫ്.എ. ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റിയുമായി (സി.ഡി.എ) സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഉത്തരവാദിത്ത ബോധവും സമൂഹത്തിലെ സ്വാധീനവും -എന്ന പ്രമേയത്തിൽ സി.ഡി.എ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ജി.ഡി.ആർ.എഫ്.എയിലെ ഉദ്യോഗസ്ഥർ മുതിർന്ന പൗരന്മാരുമായി നേരിട്ട് സംവദിച്ചു. ദൈനംദിന കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന വിവരങ്ങളും മാർഗനിർദേശങ്ങളും പങ്കുവെച്ചു.
മുതിർന്നവരുടെ അനുഭവങ്ങളെ വിലമതിക്കുകയും കുടുംബത്തിലും സമൂഹത്തിലും അവർക്ക് ആദരമുള്ള സ്ഥാനം നൽകുകയും ചെയ്യുന്ന അറബ് സമൂഹത്തിന്‍റെ സമീപനം ഈ കൂടിക്കാഴ്ചയിലും പ്രതിഫലിച്ചു. വർഷങ്ങളോളം മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് വേണ്ടി സമയം മാറ്റിവെച്ച ഒരു തലമുറയുടെ അരികിലേക്ക് അവരുടെ ആവശ്യങ്ങൾ കേൾക്കാനായി ഉദ്യോഗസ്ഥർ എത്തിയത് പരിപാടിയെ ഹൃദ്യമാക്കി.
മുതിർന്ന പൗരന്മാരുമായുള്ള ബന്ധം ശക്തമാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ വ്യക്തമാക്കി. പങ്കെടുത്തവർക്ക് ഉപഹാരങ്ങൾ നൽകി ആശംസകൾ നേർന്ന ഉദ്യോഗസ്ഥർ, അവർക്കൊപ്പം ഓർമച്ചിത്രങ്ങളും പകർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.