ഫ്ലൈ ദുബൈ: തെൽഅവീവ് വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; റിപ്പോർട്ട് പുറത്തുവിട്ട് യു.എ.ഇ

ദുബൈ: ദുബൈയിൽനിന്ന് തെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ വിമാനത്തിൽ നടന്ന ഭീകരാക്രമണ ശ്രമത്തിന്‍റെ അന്വേഷണ പുരോഗതി യു.എ.ഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സൈഫ് അൽ ശംസി പുറത്തുവിട്ടു. സെപ്റ്റംബർ 30ന് നടന്ന സംഭവത്തിൽ, വിമാനത്തിന്‍റെ 29കാരനായ ഒമാനി സഹപൈലറ്റ് വിമാനം തട്ടിയെടുത്ത് തെൽ അവീവിലെ ബെൻ ഗുറിയൻ വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിലേക്ക് ഇടിച്ചുകയറ്റി വൻ നാശനഷ്ടവും ആളപായവും ഉണ്ടാക്കാൻ ബോധപൂർവം പദ്ധതിയിട്ടിരുന്നതായാണ്​ അന്വേഷണത്തിൽ കണ്ടെത്തിയത്​.

2017ൽ ആസ്ട്രേലിയയിൽ പഠിക്കുന്ന കാലത്താണ് ഇയാൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായതെന്ന് പ്രതിയുടെ മുൻകാല പശ്ചാത്തലത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിൽ പ്രചോദനം ഉൾക്കൊണ്ട ഇയാൾ, സമാനമായ രീതിയിൽ വിമാനം ഉപയോഗിച്ച് ആക്രമണം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് വ്യോമയാന മേഖല തെരഞ്ഞെടുത്ത് പൈലറ്റായതെന്ന്​ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ആസ്​ട്രേലിയയിലായിരിക്കേ, ബോക്സിങ്​ പരിശീലനം നേടുകയും ചെയ്തു.

തക്ഫീരി ആശയങ്ങൾ പ്രചരിപ്പിക്കുന്ന പുസ്തകങ്ങളും ഭീകരസംഘടനകളെയും ചാവേർ ആക്രമണങ്ങളെയും പുകഴ്ത്തുന്ന ഓൺലൈൻ ഉള്ളടക്കങ്ങളുമാണ് ഇയാളെ തീവ്രവാദ വഴിയിലേക്ക് നയിച്ചതെന്നും അന്വേഷണത്തിൽ ക​ണ്ടെത്തി. 2020 മുതൽ 2024 വരെ ഒമാൻ എയറിലും പിന്നീട് റോയൽ എയർ മൊറോക്കോയിലും ജോലി ചെയ്ത ശേഷമാണ് 2026 ജനുവരിയിൽ ഇയാൾ ഫ്ലൈ ദുബൈയിൽ എത്തിയത്.

ഫ്ലൈ ദുബൈയിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ പൈലറ്റ് ലൈസൻസും ക്യാരക്ടർ സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ പരിശോധനകളും ഇയാൾ പൂർത്തിയാക്കിയിരുന്നു. അന്നൊന്നും ഇയാളുടെ തീവ്രവാദ ആശയങ്ങൾ വ്യക്തമായിരുന്നില്ല. സെപ്റ്റംബർ 30ലെ ആക്രമണത്തിന് മുന്നോടിയായി റൂട്ടും വിമാനത്താവളത്തിന്‍റെ ഘടനയും പഠിക്കുന്നതിനായി ഇയാൾ മുമ്പ്​ രണ്ടുതവണ തെൽ അവീവിലേക്കുള്ള സർവീസുകളിൽ പങ്കെടുത്തിരുന്നു. മൂന്നാമത്തെ സർവീസിലാണ് ഭീകരാക്രമണത്തിന് മുതിർന്നത്​.

യാത്രക്കിടെ കോക്പിറ്റിൽ വെച്ച് പ്രതി, വിമാനത്തിലെ ക്യാപ്റ്റനെ അടിയന്തിര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കോടാലി കൊണ്ട് അപ്രതീക്ഷിതമായി തലക്ക്​ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റെങ്കിലും ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാർ ശക്തമായി പ്രതിരോധിച്ചു.

സഹായത്തിനായി അദ്ദേഹം ശ്രമിക്കുകയും ചെയ്തു. ഈ സമയം കോക്പിറ്റ് വാതിൽ അസ്വാഭാവികമായി തുറന്നടയുന്നത് മടക്കയാത്രക്കായി വിമാനത്തിലുണ്ടായിരുന്ന മറ്റൊരു പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നി ആക്സസ് കോഡ് ഉപയോഗിച്ച് കോക്പിറ്റിൽ പ്രവേശിച്ച ഈ പൈലറ്റ്, മറ്റ് വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും സഹായത്തോടെ അക്രമിയെ കീഴടക്കുകയും പരിക്കേറ്റ ക്യാപ്റ്റനെ രക്ഷിക്കുകയും ചെയ്തു. തുടർന്ന് മടക്കയാത്രക്കുള്ള പൈലറ്റും കോ-പൈലറ്റും വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി നിലത്തിറക്കി.

അഭിഭാഷകന്‍റെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ, തീവ്രവാദ ആശയങ്ങളാൽ പ്രചോദിതനായാണ് താൻ ആക്രമണം നടത്തിയതെന്നും തനിയെയാണ് ഇത് ആസൂത്രണം ചെയ്തതെന്നും പ്രതി സമ്മതിച്ചതായി ഡോ. ഹമദ് സൈഫ് അൽ ശംസി വ്യക്​തമാക്കി. ക്യാപ്റ്റന്‍റെ തലക്കേറ്റ മാരകമായ മുറിവുകൾ കോടാലി കൊണ്ടുണ്ടായതാണെന്ന് ഫോറൻസിക് റിപ്പോർട്ടിലും സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിലെ ക്യാപ്റ്റൻ, മടക്കയാത്രക്കുള്ള പൈലറ്റുമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴികൾ യു.എ.ഇ പബ്ലിക് പ്രൊസിക്യൂഷൻ രേഖപ്പെടുത്തിയിട്ടുണ്ട്.

കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ചും സാങ്കേതിക തെളിവുകളെക്കുറിച്ചും വിശദമായ അന്വേഷണം തുടർന്നു വരികയാണ്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുമെന്നും യു.എ.ഇ അറ്റോർണി ജനറൽ അറിയിച്ചു.   

Tags:    
News Summary - Flydubai Hijack Attempt: UAE Report Confirms Plan to Target Israel Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.