പ്രതീകാത്മക ചിത്രം
‘വാഹനങ്ങൾ പിന്നിലേക്ക് ഓടിക്കുന്നത് അപകടകരം’; കനത്ത പിഴയും വാഹനം കണ്ടുകെട്ടലും ശിക്ഷ
അബൂദബി: റോഡുകളിൽ വാഹനം പിന്നിലേക്ക് ഓടിക്കുന്നതിന്‍റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി, മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്‍ററുമായി സഹകരിച്ച് യഥാർഥ അപകട ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ സഹിതമാണ് പോലീസ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
വഴികൾ തെറ്റിക്കുമ്പോഴോ എക്സിറ്റുകളും ടേണിങ്ങുകളും തെറ്റിച്ചുപോകുമ്പോഴോ ഡ്രൈവർമാർ പെട്ടെന്ന് വാഹനം നിർത്തുകയും പിന്നിലേക്ക് എടുക്കുകയും ചെയ്യുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്നതായി ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
എക്സിറ്റ് തെറ്റിപ്പോയാൽ വാഹനം പിന്നിലേക്ക് എടുക്കാൻ ശ്രമിക്കാതെ, വശങ്ങളിലൂടെ സുരക്ഷിതമായി മുന്നോട്ട് പോയി അടുത്ത എക്സിറ്റ് ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് പൊലീസ് ഓർമിപ്പിച്ചു. റോഡിൽ വാഹനം അപകടകരമായ രീതിയിൽ പിന്നിലേക്ക് ഓടിക്കുന്ന കുറ്റത്തിന് 500 ദിർഹം പിഴയും നാല് ട്രാഫിക് ബ്ലോക്ക് പോയന്‍റുകളും ചുമത്തും. അശ്രദ്ധമായി വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കെതിരെ 2,000 ദിർഹം പിഴയും 23 ട്രാഫിക് പോയന്‍റുകളും ചുമത്തുമെന്നും, കൂടാതെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.