ഇ311 ഹൈവേയില്‍ വേഗപരിധി കുറച്ചു; സെപ്റ്റംബര്‍ 14 മുതല്‍ നിലവില്‍ വരും

അബൂദബി: സുരക്ഷ മുന്‍നിര്‍ത്തി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം റോഡില്‍ (ഇ311) വേഗപരിധി കുറച്ചതായി അബൂദബി മൊബിലിറ്റി അറിയിച്ചു. സെപ്റ്റംബര്‍ 14 തിങ്കളാഴ്ച മുതല്‍ റോഡിന്‍റെ ഇരുവശങ്ങളിലെയും പരമാവധി വേഗപരിധി മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായി കുറയും.

ദുബൈ ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളില്‍ ഈ പാത ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നും അറിയപ്പെടുന്നുണ്ട്. അധികൃതര്‍ പുറത്തുവിട്ട ഔദ്യോഗിക മാപ്പ് പ്രകാരം, വടക്ക് അല്‍ ശംഖ, തെക്ക് മദീന അല്‍ റിയാദ്, ബനിയാസ് ഖബര്‍സ്ഥാന്‍ എന്നിവക്കിടയിലുള്ള നിര്‍ണായകമായ ഹൈവേ ഭാഗത്താണ് പുതിയ വേഗപരിധി ബാധകമാവുന്നത്.

അബൂദബി, ദുബൈ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഇത് ബാധകമാണ്. അല്‍ തുറൂശ്​ സ്ട്രീറ്റ്/തവി അല്‍ ഖൈമ സ്ട്രീറ്റ് ജങ്ഷനുകള്‍ക്കും അല്‍ ഖൈര്‍ സ്ട്രീറ്റ് ഇന്‍റര്‍ചേഞ്ചിനും ഇടയിലുള്ള ഭാഗത്താണ് പുതിയ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍കാലങ്ങളിലെ വേഗപരിധി മാറ്റങ്ങള്‍

റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ട് അബൂദബിയില്‍ സമീപകാലത്തായി വിവിധ വേഗപരിധി മാറ്റങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. 2025 ഏപ്രിലില്‍, ഇ311 റോഡിലെ മണിക്കൂറില്‍ 120 കിലോമീറ്റര്‍ എന്ന കുറഞ്ഞ വേഗപരിധി അബൂദബി മൊബിലിറ്റി ഒഴിവാക്കിയിരുന്നു. ഇത് വാഹനയാത്രക്കാര്‍ക്ക് നിശ്ചിത വേഗത്തിലും താഴെ വാഹനമോടിക്കുവാന്‍ സൗകര്യമൊരുക്കുന്നതായിരുന്നു. ഹെവി വാഹങ്ങളുടെ സുഗമമായ സഞ്ചാരത്തിനും ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായിരുന്നു ഈ നടപടി. അന്ന് റോഡിലെ പരമാവധി വേഗപരിധി 140 കിലോമീറ്റര്‍ ആയിരുന്നു.

2026 ഫെബ്രുവരി ഒമ്പതുമുതല്‍ മൂന്ന് പ്രധാന റോഡുകളില്‍ അബൂദബി ഗതാഗത വകുപ്പ് വേഗപരിധി കുറച്ചിരുന്നു. റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ ജോയന്‍റ്​ ട്രാഫിക് സേഫ്റ്റി കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു ഈ മാറ്റം. അബൂദബി-അല്‍ ഐന്‍ റോഡില്‍ (ഇ22) അല്‍ നഹ്ദ ഇന്റര്‍ചേഞ്ച് മുതല്‍ ബനിയാസ് ഇന്റര്‍ചേഞ്ച് വരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലേയും വേഗപരിധി മണിക്കൂറില്‍ 160 കിലോമീറ്ററില്‍ നിന്ന് 140 കിലോമീറ്ററായി കുറച്ചു. ബനിയാസ് ഇന്‍റര്‍ചേഞ്ച് മുതല്‍ ബ്രിഡ്ജ് കോംപ്ലക്‌സ് വരെയുള്ള ഭാഗത്ത് വേഗപരിധി മണിക്കൂറില്‍ 140 കിലോമീറ്ററില്‍ നിന്ന് 120 കിലോമീറ്ററായി കുറച്ചു. അല്‍ റൗദ റോഡില്‍ (ഇ30) ഇരുവശങ്ങളിലേയും വേഗപരിധി മണിക്കൂറില്‍ 120 കിലോമീറ്ററില്‍നിന്ന് 100 കിലോമീറ്ററായി താഴ്ത്തി.

2025 ഒക്ടോബറില്‍, ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ തത്സമയ ഗതാഗത സാഹചര്യങ്ങള്‍ (ഗതാഗതക്കുരുക്ക്, അപകടങ്ങള്‍, റോഡ് പണികള്‍, മോശം കാലാവസ്ഥ എന്നിവ) അനുസരിച്ച് വേഗപരിധി മാറ്റാന്‍ കഴിയുന്ന വേരിയബിള്‍ സ്പീഡ് ലിമിറ്റ് സംവിധാനം അധികൃതര്‍ നടപ്പിലാക്കിയിരുന്നു. പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും പുതുക്കിയ വേഗപരിധികള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ ഓർമിപ്പിച്ചു.

Tags:    
News Summary - Speed Limit Reduced on E311 Highway Starting September 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.