കൽബയിൽ പ്രഥമ ‘ജഷെ ആൻഡ് സഹ്ന ഫെസ്റ്റിവൽ’ 24 മുതൽ
ഷാർജ: ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (എസ്.സി.സി.ഐ) കൽബ സിറ്റി മുൻസിപ്പാലിറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന പ്രഥമ ‘ജഷെ ആൻഡ് സഹ്ന ഫെസ്റ്റിവൽ’ സെപ്റ്റംബർ 24 മുതൽ 27 വരെ കൽബയിൽ നടക്കും. വിവിധ സർക്കാർ സ്ഥാപനങ്ങൾ, ഫിഷിങ് ഉപകരണം വിൽക്കുന്ന കമ്പനികൾ, മത്സ്യം സംസ്കരിക്കുന്ന ഫാക്ടറികൾ, പ്രാദേശിക കുടുംബങ്ങൾ എന്നിവർ ചേർന്ന് യു.എ.ഇയുടെ കിഴക്കൻ തീരപ്രദേശത്തെ പരമ്പരാഗത ഉണക്കമത്സ്യ ഉൽപന്നങ്ങളായ ‘ജഷെ’, ‘സഹന’ എന്നിവ മേളയിൽ പ്രദർശിപ്പിക്കും.
ഷാർജ ഫിഷ് റിസോഴ്‌സസ് അതോറിറ്റി, ഷാർജ മ്യൂസിയം അതോറിറ്റി, ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ഉൾപ്പെടെ ആറോളം പ്രമുഖ സർക്കാർ സ്ഥാപനങ്ങളും കൽബ ഫിഷർമെൻ കോഓപറേറ്റിവ് സൊസൈറ്റിയും മേളയുടെ ഭാഗമാകുന്നുണ്ട്. ‘ശർഖിയ കൽബ ടി.വി’യുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഫെസ്റ്റിവലിൽ സന്ദർശകർക്ക് യു.എ.ഇയുടെ സമുദ്ര പാരമ്പര്യത്തിൽ അധിഷ്ഠിതമായ പ്രാദേശിക ഉൽപന്നങ്ങളും വൈവിധ്യമാർന്ന രുചികളിലുള്ള സഹ്ന പൗഡറും നേരിട്ട് വാങ്ങാൻ സൗകര്യമുണ്ടാകും.
പാരമ്പര്യവും വ്യാപാര സാധ്യതകളും സമന്വയിപ്പിച്ച് കിഴക്കൻ മേഖലയിലെ ഭക്ഷ്യ വ്യവസായത്തെയും സമുദ്ര സമ്പത്തിനെയും പ്രോത്സാഹിപ്പിക്കാനാണ് മേളയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷാർജ ചേംബർ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമീൻ അൽ അവദി വ്യക്തമാക്കി. ഉയർന്ന നിലവാരത്തിലാണ് മേളയുടെ തയാറെടുപ്പുകൾ പുരോഗമിക്കുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മികച്ച കുടുംബ സൗഹൃദ കേന്ദ്രമായി കൽബ മാറുമെന്നും കൽബ നഗരസഭാ ഡയറക്ടർ ഡോ. അഹമ്മദ് സയീദ് അൽ മസ്റൂയി പറഞ്ഞു.
മേളയുടെ ഭാഗമായി വലിയ മത്സരങ്ങൾ, ബോധവൽക്കരണ ശിൽപശാലകൾ, മീൻപിടുത്തത്തെക്കുറിച്ചുള്ള ക്ലാസുകൾ എന്നിവ നടക്കും. പരമ്പരാഗത രീതിയിൽ അൽ ഔമ മത്സ്യം ഉണക്കുന്നതും സഹ്ന പൊടി തയാറാക്കുന്നതും കണ്ടുമനസ്സിലാക്കാനും, ഏറ്റവും പുതിയ ബോട്ടിങ് സാങ്കേതികവിദ്യകളും മീൻപിടുത്ത ഉപകരണങ്ങളും പരിചയപ്പെടാനും സന്ദർശകർക്ക് അവസരമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.