അബൂദബിയിലെ പുതിയ പെയ്ഡ് പാര്‍ക്കിങ്​ ബോര്‍ഡുകള്‍; ആശങ്ക വേണ്ടെന്ന് അധികൃതര്‍

അബൂദബി: എമിറേറ്റില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച പുതിയ പെയ്ഡ് പാര്‍ക്കിങ്​ ബോര്‍ഡുകളെയും ഏരിയ കോഡുകളെയും സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ‘ക്യൂ മൊബിലിറ്റി’. നിലവില്‍ ഈ ബോര്‍ഡുകള്‍ സംബന്ധിച്ച് വാഹന ഉടമകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത് ഭാവിയിലെ മാറ്റങ്ങളുടെ ഭാഗമാണെന്നും അധികൃതര്‍ വ്യക്തമാക്കി. മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ഉപയോക്താക്കളെ ഔദ്യോഗികമായി അറിയിക്കും.

നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പുതിയ ഏരിയ കോഡുകളോടുകൂടിയ പാര്‍ക്കിങ്​ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വിവിധ പ്രദേശങ്ങളില്‍ പുതിയ ഫീസുകള്‍ ഉടന്‍ നിലവില്‍ വരുമോ എന്ന സംശയമാണ് വാഹന ഉടമകളില്‍ ഉയര്‍ന്നത്. ഇതിനുപുറമെ, പാര്‍ക്കിങ്​, ടോള്‍ പേയ്‌മെന്‍റ്​ പ്ലാറ്റ്ഫോമായ ‘ദര്‍ബ്’ ആപ്പിലും നഗരത്തിലെ വിവിധ പ്രദേശങ്ങള്‍ക്കായി പ്രത്യേക പാര്‍ക്കിങ്​ സോണുകള്‍ കാണിച്ചുതുടങ്ങിയിട്ടുണ്ട്.

നിലവിലെ നിയമങ്ങളില്‍ മാറ്റമില്ല

സോണിംഗ് വിവരങ്ങള്‍ കാണിക്കുന്ന പുതിയ ബോര്‍ഡുകളെക്കുറിച്ച് ഉപയോക്താക്കള്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ടതില്ല. നിലവിലുള്ള പെയ്ഡ് പാര്‍ക്കിങ്​ രീതികളും ചട്ടങ്ങളും സാധാരണപോലെ തുടരാം. പുതിയ സംവിധാനം ഔദ്യോഗികമായി നടപ്പാക്കുന്നത് വരെ നിലവിലുള്ള ഫീസുകളിലോ കാലാവധിയിലോ പണമടക്കുന്ന രീതികളിലോ യാതൊരു മാറ്റവുമുണ്ടാകില്ല. പുതിയ സംവിധാനം വരുമ്പോള്‍ സോണ്‍ മാപ്പ്, പേയ്‌മെന്‍റ്​ രീതികള്‍, നടപ്പിലാക്കുന്നതിന്റെ സമയപരിധി എന്നിവ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടാകും.

നിലവിലെ പാര്‍ക്കിങ്​ സംവിധാനം

മവാഖിഫ് സംവിധാനത്തിന്‍റെ ഭാഗമായി, പാര്‍ക്കിങ്​ ബേകളുടെ വിഭാഗമനുസരിച്ചാണ് നിലവില്‍ വാഹന ഉടമകള്‍ ഫീസ് അടക്കുന്നത്. പ്രദേശങ്ങളുടെ വ്യത്യാസമില്ലാതെ സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം സോണുകളായി പാര്‍ക്കിങ്​ സ്ഥലങ്ങളെ തിരിച്ചിരിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങ്ങിന് കറുപ്പ്, നീല നിറങ്ങളില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. മണിക്കൂറിന് രണ്ടുദിര്‍ഹമാണ് നിരക്ക്. ഒരു സെഷനില്‍ പരമാവധി 24 മണിക്കൂര്‍ വരെ പാര്‍ക്ക് ചെയ്യാം. പ്രീമിയം പാര്‍ക്കിങ്ങിന് വെള്ള, നീല നിറങ്ങളില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. മണിക്കൂറിന് മൂന്നു ദിര്‍ഹമാണ് നിരക്ക്. പരമാവധി നാലുമണിക്കൂര്‍ മാത്രമാണ് ഇവിടെ പാര്‍ക്കിങ്​ അനുവാദമുള്ളത്. ഒരു പ്രദേശത്തുനിന്ന് വാഹനം അബൂദബിയുടെ മറ്റൊരു സെക്ടറിലേക്ക് മാറ്റുകയാണെങ്കിലും, പാര്‍ക്കിങ്​ ചട്ടങ്ങളും നിറങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും പാലിക്കുന്നിടത്തോളം ടിക്കറ്റിന്‍റെ കാലാവധി തീരുന്നതുവരെ അത് ഉപയോഗിക്കാന്‍ സാധിക്കും.

പാര്‍ക്കിങ്​ സംവിധാനം കൂടുതല്‍ ഡിജിറ്റല്‍വത്കരിക്കുന്നതിന്‍റെ തുടര്‍ച്ചയാണ് സോണ്‍ സംവിധാനം. 2024ല്‍ അബൂദബി മൊബിലിറ്റിയുടെയും നഗര-ഗതാഗത വകുപ്പിന്റെയും കീഴില്‍ മവാഖിഫ് നടത്തിപ്പ് ഏറ്റെടുത്തതുമുതല്‍ ക്യൂ മൊബിലിറ്റി വിവിധ മേഖലകളില്‍ പെയ്ഡ് പാര്‍ക്കിങ്​ വ്യാപിപ്പിച്ചിട്ടുണ്ട്. 2026 ജനുവരി മുതല്‍ മൂന്ന് ഘട്ടങ്ങളിലായി മുസഫയില്‍ പെയ്ഡ് പാര്‍ക്കിങ്​ നടപ്പാക്കി. എം1 മുതല്‍ എം24 വരെയുള്ള സെക്ടറുകളിലായി ആയിരക്കണക്കിന് പാര്‍ക്കിങ്​ സ്ഥലങ്ങളാണുള്ളത്. മുഹമ്മദ് ബിന്‍ സായിദ് സിറ്റി എംഇ9 മുതല്‍ എംഇ12 വരെയുള്ള സെക്ടറുകളിലും വില്ല പ്രദേശങ്ങളിലും 2025 അവസാനത്തോടെ പെയ്ഡ് പാര്‍ക്കിങ്​ നടപ്പാക്കി.

ഇതിനുപുറമെ, അബൂദബി ഐലന്‍ഡിലെയും മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെയും ചില മള്‍ട്ടി-സ്റ്റോറി, വാണിജ്യ പാര്‍ക്കിങ്​ കേന്ദ്രങ്ങളില്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയോടെ പ്രവര്‍ത്തിക്കുന്ന ‘ഫ്രീ ഫ്‌ളോ’ പെയ്ഡ് പാര്‍ക്കിങ്​ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ദര്‍ബ് വാലറ്റില്‍ നിന്ന് നേരിട്ട് ഫീസ് ഈടാക്കുന്നു.

എമിറേറ്റിലെ ഡിജിറ്റല്‍ പാര്‍ക്കിങ്​, ടോള്‍ പ്ലാറ്റ്ഫോമുകള്‍ ഒരുമിച്ച് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി പാര്‍ക്കിങ്​ ഓപറേറ്ററായ ‘പാര്‍ക്കിനു’മായി ക്യൂ മൊബിലിറ്റി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുമുണ്ട്. പുതിയ സോണിങ്​ സിസ്റ്റം പൂര്‍ണ തോതില്‍ നടപ്പിലാക്കുന്നതോടെ, ഒരു വര്‍ഷമായി തുടരുന്ന പാര്‍ക്കിങ്​ സംവിധാനങ്ങള്‍ക്കൊപ്പം പുതിയ മാറ്റങ്ങളും ഔദ്യോഗികമായി നിലവില്‍ വരും.

Tags:    
News Summary - Abu Dhabi New Paid Parking Boards: Authorities Urge Motorists Not to Panic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.