ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിലെ ആസ്റ്റർ ഫാർമസിയുടെ വിതരണ കേന്ദ്രം സന്ദർശിച്ചപ്പോൾ. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ എന്നിവർ സമീപം

ആസ്റ്റർ ഫാർമസിയുടെ റോബോട്ടിക് വെയർ ഹൗസ് സന്ദർശിച്ച് ശൈഖ് ഹംദാൻ

ദുബൈ: ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മേഖലയിലെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ വെയർഹൌസുകളിലൊന്നായ ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിലെ ആസ്റ്റർ ഫാർമസിയുടെ വിതരണ കേന്ദ്രം സന്ദർശിച്ചു.

കാര്യക്ഷമവും വിശ്വസനീയവുമായ ആരോഗ്യസംരക്ഷണ സംവിധാനം കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും സ്വകാര്യമേഖലക്ക് പ്രധാന പങ്കുണ്ടെന്ന് സന്ദർശന വേളയിൽ അദ്ദേഹം പറഞ്ഞു. മരുന്നുകൾക്കും മെഡിക്കൽ സാമഗ്രികൾക്കുമുള്ള ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിൽ സ്വകാര്യ, പൊതുമേഖലകൾ തമ്മിലുള്ള സഹകരണത്തിന്‍റെ പ്രാധാന്യം ശൈഖ് ഹംദാൻ സന്ദർശനത്തിനിടെ ചൂണ്ടിക്കാട്ടി.

ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ എന്നിവർ 145,000 ചതുരശ്ര കിലോമീറ്ററിലെ വെയർഹൗസിലൂടെ ആസ്റ്ററിന്‍റെ ശൃംഖലയിൽ യു.എ.ഇയിലും ജി.സി.സിയിലുമുടനീളം നൽകുന്ന സൗകര്യങ്ങളും സേവനങ്ങളും അദ്ദേഹത്തിന് വിശദീകരിച്ചു നൽകി.

കാര്യക്ഷമത മെച്ചപ്പെടുത്തുകയും മരുന്നുകൾ വേഗത്തിലും കൂടുതൽ കൃത്യതയോടെയും വിതരണം ചെയ്യാൻ പ്രാപ്തമാക്കുകയും ചെയ്യുന്ന വെയർഹൗസിന്‍റെ നൂതന സമീപനത്തെ ശൈഖ് ഹംദാൻ അഭിനന്ദിച്ചു. ആസ്റ്ററിന്‍റെ തുടർച്ചയായ വളർച്ചക്കും സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും യു.എ.ഇയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്‍റെ വികസനത്തിന് സംഭാവന നൽകുന്നതിനുമുള്ള നൂതന പരിഹാരങ്ങൾ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങൾക്കും അദ്ദേഹം പിന്തുണ അറിയിച്ചു.

എ.ഐ, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് സഹമന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഉലമ, ദുബൈ ഡിപാർട്മെന്‍റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ ഹലാൽ സയീദ് അൽമറി, ടീകോം ഗ്രൂപ് ചെയർമാൻ മാലിക് അൽ മാലിക് എന്നിവരും ശൈഖ് ഹംദാനെ അനുഗമിച്ചു. 350 ഫാർമസികൾ, 120 മെഡിക്കൽ ക്ലിനിക്കുകൾ, 15 ആശുപത്രികൾ എന്നിവയുള്ള ആസ്റ്ററിന്‍റെ യു.എ.ഇ ശൃംഖലയിലൂടെ പ്രതിദിനം ഏകദേശം 75,000 ഇടപാടുകൾ ഈ വെയർഹൗസ് കൈകാര്യം ചെയ്യുന്നു.

ആസ്റ്റർ ഫാർമസിയുടെ റോബോട്ടിക് വെയർഹൌസിന്‍റെ ശക്തിയും മരുന്നുകളുടെ വേഗതയേറിയതും കൃത്യവും കാര്യക്ഷമവുമായ വിതരണം പ്രാപ്തമാക്കുന്നതിൽ അതിന്‍റെ പങ്കും പ്രദർശിപ്പിക്കുന്നതിനും സ്ഥാപനത്തിലേക്ക് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനെ സ്വാഗതം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. ലോകോത്തര ആരോഗ്യസംരക്ഷണ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള ദുബൈയുടെ കാഴ്ചപ്പാടിന് സംഭാവന നൽകാൻ എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Sheikh Hamdan Visits Aster Pharmacy's Robotic Warehouse in Dubai Industrial City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.