ഔദ്യോഗിക ഭാഗ്യചിഹ്നം ‘ശംസ’ സ്കൂളിൽ സന്ദർശനത്തിനെത്തിയപ്പോൾ
ഷാർജയിൽ ‘ബാക്ക്-ടു-സ്കൂൾ’ കാമ്പയിൻ ആരംഭിച്ചു
ഷാർജ: ഷാർജ സമ്മർ പ്രൊമോഷൻസ് 2026ന്‍റെ ഭാഗമായി ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (എസ്.സി.സി.ഐ) ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്‍റ് അതോറിറ്റിയും ചേർന്ന് ‘ബാക്ക്-ടു-സ്കൂൾ’ കാമ്പയിൻ ആരംഭിച്ചു. പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നതിന്‍റെ ഭാഗമായി സെപ്റ്റംബർ 15 വരെ നീളുന്ന ഈ കാമ്പയിൻ, കുടുംബങ്ങൾക്കും കുട്ടികൾക്കുമായി നിരവധി വിനോദ പരിപാടികളും മികച്ച ഓഫറുകളുമാണ് ഷാർജയിലുടനീളം ഒരുക്കിയിരിക്കുന്നത്.
പ്രമോഷന്‍റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ‘ശംസ’ വിവിധ സ്കൂളുകളും നഴ്സറികളും സന്ദർശിച്ച് കുട്ടികളുമായി സംവദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഷാർജ അൽജാദയിൽ സംഘടിപ്പിച്ച ‘ശംസ എന്റർടെയ്ൻമെന്റ് സിറ്റി’യിൽ കുട്ടികളുടെ അറിവും കഴിവുകളും വർധിപ്പിക്കുന്ന വർക്ക്‌ഷോപ്പുകളും ഗെയിം സോണുകളും ജനശ്രദ്ധ നേടിയിരുന്നു. ഇതിന്‍റെ തുടർച്ചയാണ് സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള സന്ദർശനങ്ങളും ആഘോഷങ്ങളും.
സ്കൂൾ ഉപകരണങ്ങൾക്ക് വൻ വിലക്കുറവും ആകർഷകമായ ഓഫറുകളുമാണ് പ്രമുഖ ഷോപ്പിങ് സെന്‍ററുകളും കടകളും പ്രഖ്യാപിച്ചിട്ടുള്ളത്. കുറഞ്ഞ ചെലവിൽ മികച്ച ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇത് കുടുംബങ്ങളെ സഹായിക്കുന്നു. പുതിയ അധ്യയന വർഷത്തിൽ കുട്ടികളിൽ സന്തോഷവും ആവേശവും നിറക്കുന്നതോടൊപ്പം കച്ചവട മേഖലക്ക് ഉണർവ് നൽകാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നുണ്ടെന്ന് സംഘാടകരായ ജമാൽ സഈദ് ബൂസഞ്ചാലും ആയിശ സ്വാലിഹും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.